ടിപ്പു സുല്‍ത്താന്റെ മോതിരത്തില്‍ 'റാം'; ലേലത്തിന്
ലണ്ടന്‍: ഇന്ത്യന്‍ ചരിത്രത്തിലെ ഇതിഹാസ താരമായ ടിപ്പു സുല്‍ത്താന്റെ മോതിരം ലേലത്തിന് വക്കുന്നു. ടിപ്പു കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഊരിയെടുത്ത സ്വര്‍ണ മോതിരമാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്.
കടുത്ത വര്‍ഗ്ഗീയവാദിയെന്ന് ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുന്ന ചരിത്ര പുരുഷനാണ് ടിപ്പു സുല്‍ത്താന്‍. എന്നാല്‍ അദ്ദേഹത്തിന്റെ മോതിരത്തില്‍ എഴുതിയിരുന്നത് ഹിന്ദു ദൈവമായ ശ്രാരാമന്റെ പേരാണ്.

സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള മോതിരമാണ് ടിപ്പു സുല്‍ത്താന്റേത്. 41.2 ഗ്രാം തൂക്കമുണ്ടിതിന്. അഞ്ച് പവനിലേറെ വരും ഇത്. ദേവനാഗരി ലിപിയില്‍ 'റാം' എന്നാണ് മോതിരത്തില്‍ കൊത്തിവച്ചിട്ടുള്ളത്.
1799 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തിലാണ് ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെടുന്നത്. ഡ്യൂക്ക് ഓഫ് വെല്ലിങ്ടണ്‍ ആയിരുന്ന ആര്‍തര്‍ വെല്ലസ്ലിയാണ് ടിപ്പുവിന്റെ മോതിരം സ്വന്തമാക്കിയത്.
മെയ് 22 ന് ലണ്ടനിലെ പ്രമുഖ ലേല കമ്പനിയായ ക്രിസ്റ്റീസ് ആണ് മോതിരം ലേലത്തിന് വക്കുന്നത്. 10000 മുതല്‍ 15000 യൂറോ വരെയാണ് വിലപ്രതീക്ഷിക്കുന്നത്. ഏതാണ്ട് 12 ലക്ഷം രൂപ.
വെല്ലസ്ലി പ്രഭുവിന്റെ കയ്യില്‍ നിന്ന് മോതിരം പിന്നീട് എത്തിയത് ആദ്യ ബാറോണ്‍ റഗ്ലാന്‍ ആയ ഫിറ്റ്‌സ്‌റോയ് സോമര്‍സെറ്റിന്റെ കയ്യില്‍ ആയിരുന്നു. തലമുറകള്‍ കൈമാറി ഇപ്പോഴത് ഫിറ്റ്‌സ്‌റോയ് ജോണ്‍ സോമര്‍സെറ്റിന്റെ കയ്യിലാണ്.
മെയ് 22 ന് ലേലം കഴിഞ്ഞാല്‍ ഈ മോതിരം ആരുടെ കയ്യില്‍ എത്തുമെന്ന് പറയാനാകില്ല. ഇന്ത്യയുടെ ചിത്രം പതിഞ്ഞ ആ മോതിരം മറ്റൊരിക്കല്‍ പുറംലോകം കണ്ടുവെന്ന് പോലും വരില്ല.












Click it and Unblock the Notifications