മര്‍ദ്ദം താങ്ങാനാവാതെ പൊട്ടിത്തെറിച്ചു..! എന്താണ് ടൈറ്റന് സംഭവിച്ച വിനാശകരമായ സ്‌ഫോടനം?
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷണം ചെയ്യാനുള്ള അഞ്ച് സാഹസികരുടെ ദൗത്യം അതിദാരുണമായി അവസാനിച്ചിരിക്കുകയാണ്. ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയില്‍ കടലിന്റെ അഗാധത്തിലേക്ക് ഊളിയിട്ട അഞ്ച് പേരുടേയും മരണം പര്യവേഷണത്തിന് നേതൃത്വം നല്‍കുന്ന കമ്പനിയായ ഓഷ്യന്‍ഗേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന് സമീപം വ്യാഴാഴ്ച രാവിലെ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതോടെയാണ് മരണം സ്ഥിരീകരിച്ചത്.
'വിനാശകരമായ സ്‌ഫോടനമാണ്' ദുരന്തത്തിന് കാരണം എന്നാണ് യു എസ് കോസ്റ്റ് ഗാര്‍ഡിന്റെ റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ പറയുന്നത്. എന്നാല്‍ എപ്പോഴാണ് സ്‌ഫോടനം നടന്നത് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ് എന്നതാണ് ആശ്ചര്യകരം. അമിതമായ ആന്തരിക സമ്മര്‍ദ്ദം മൂലമാണ് ഇത്തരം സ്‌ഫോടനങ്ങള്‍ നടക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പരിമിതമായ സ്ഥലത്തിനുള്ളിലെ മര്‍ദ്ദം താങ്ങാന്‍ കഴിയാത്തവിധം അധികമാകുമ്പോഴാണ് സ്‌ഫോടനങ്ങളുണ്ടാകുന്നത്.

ശക്തമായ മര്‍ദ്ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതായിരിക്കാം എന്നാണ് അധികൃതരുടെ നിഗമനം. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചത് എന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ വിലയിരുത്തല്‍. കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ടാണ് ടൈറ്റന്‍ നിര്‍മ്മിച്ചിരിക്കുന്നത് 6.7 മീറ്ററാണ് ടൈറ്റന്റെ നീളം. പരമാവധി 4000 മീറ്റര്‍ ആഴത്തില്‍ വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും.
അഞ്ച് പേര്‍ക്ക് മാത്രമിരിക്കാവുന്ന അന്തര്‍വാഹിനിയാണ് ടൈറ്റന്‍. ടൈറ്റന്‍ പര്യവേക്ഷണത്തിന് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഒന്ന് തന്നെ പരിമിതമായ സ്ഥലങ്ങളില്‍ ഇരിക്കാന്‍ സാധിക്കുന്നവരായിരിക്കണം എന്നതാണ്. അതിനിടെ യാത്രികരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ല. ടൈറ്റാനിക്കിന് ചുറ്റുമുള്ള ടൈറ്റന്റെ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് കടലിന്റെ അടിത്തട്ടില്‍ റിമോട്ട് ഓപ്പറേറ്റിംഗ് വെഹിക്കിളുകള്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് യു എസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ് എന്നാണ് ഇവര്‍ പറയുന്നത്. ടൈറ്റാനിക്കില്‍ നിന്ന് ഏകദേശം 1600 അടി അകലെയായിരിക്കും ടൈറ്റന്‍ തകര്‍ന്നത് എന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ കണ്ടെത്തല്‍. സമുദ്രോപരിതലത്തില്‍നിന്ന് 12500 അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം. കടലിന്റെ അടിത്തട്ടിലെ കൂടിയ മര്‍ദ്ദവും തണുപ്പും ഇനിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാണ്.
ടൈറ്റാനിക്കിന് സമീപം ടൈറ്റന്റെ ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്തിയിട്ടുണ്ട്. ലോകത്തില്‍ സ്വകാര്യമേഖലയിലുള്ള ഏക സമുദ്രാന്തര്‍ഗവേഷണ പേടകമാണ് ടൈറ്റന്‍. ടൈറ്റന്റെ രൂപകല്പനയുമായി ബന്ധപ്പെട്ട നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഓഷ്യന്‍ഗേറ്റ് വീഴ്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നതിന് പേരുകേട്ട ഓഷ്യന്‍ഗേറ്റ് 2021 മുതലാണ് പദ്ധതിക്ക് കീഴില്‍ ആളുകളെ കൊണ്ടുപോകാന്‍ തുടങ്ങിയത്. എട്ട് ദിവസത്തെ ടൈറ്റാനിക് പര്യവേഷണത്തിന് എട്ട് കോടി രൂപയാണ് (രണ്ടരലക്ഷം ഡോളര്‍) ഓഷ്യന്‍ഗേറ്റ് ഒരാളില്‍ നിന്ന് ഈടാക്കുന്നത്.












Click it and Unblock the Notifications