ഒളിംപിക്‌സില്‍ 'സെക്‌സ് വേണ്ട'! കായിക താരങ്ങള്‍ക്ക് പണികൊടുക്കാന്‍ 'സെപ്ഷ്യല്‍ കട്ടില്‍'... ഇങ്ങനെ ഒരു ഐഡിയ
ടോക്യോ: ഈ കൊവിഡ് കാലത്ത് ഇങ്ങനെ ഒരു ഒളിംപിക്‌സ് വേണോ എന്ന ചോദ്യം ലോകത്തിന്റെ പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അതിനിടെ ഒളിംപിക്‌സ് വില്ലേജില്‍ പലര്‍ക്കും കൊവിഡ് പകരുന്നു എന്ന വാര്‍ത്തയും വരുന്നുണ്ട്.
ഇപ്പോഴത്തെ വാര്‍ത്ത എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചല്ല. കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന താരങ്ങള്‍ക്ക് ഒരുക്കുന്ന ബെഡ്ഡുകളെ കുറിച്ചാണ്. കായിക താരങ്ങള്‍ പരസ്പരം സെക്‌സില്‍ ഏര്‍പ്പെടാതിരിക്കാന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കിയ കട്ടിലുകളാണിവ. എങ്ങനെയെന്നല്ലേ... നോക്കാം...

സമ്പര്‍ക്കം വേണ്ട
കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം പരസ്പര സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ്. അതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. ഒളിംപിക്‌സ് വേദിയിലും ഇതൊക്കെ പാലിക്കാനുള്ള സംവിധാനങ്ങള്‍ ആണ് ഒരുക്കുന്നത്. അത് എത്രത്തോളം നടപ്പിലാകും എന്ന് ഇനി കണ്ടറിയണം.

സെക്‌സ് വേണ്ട
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തുന്ന കായിക താരങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോയേക്കും. അതുകൊണ്ട് ഒളിംപിക്‌സ് വില്ലേജില്‍ അതിന് സാഹചര്യമുണ്ടാകാതിരിക്കാന്‍ ആണ് അധികൃതരുടെ ശ്രമം. ഇക്കാര്യത്തില്‍ ഒരു പുത്തന്‍ തന്ത്രവും അവര്‍ ഉപയോഗിക്കുന്നുണ്ട്.

സെപ്ഷ്യല്‍ കട്ടില്‍
കായിക താരങ്ങള്‍ക്ക് കിടക്കാനുള്ള കട്ടില്‍ ആണ് വാര്‍ത്തകളിലെ താരം. കാര്‍ഡ്‌ബോര്‍ഡുകൊണ്ടാണ് ഈ കട്ടിലുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഒരാളുടെ ഭാരം മാത്രം താങ്ങാന്‍ ശേഷിയുള്ളവയാണ് ഇവ. 18,000 കട്ടിലുകളാണ് ഒരുക്കിയിട്ടുള്ളത്. എയര്‍വീവ് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. പുനരുപയോഗം ചെയ്യാന്‍ ആകുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

അതുകൊണ്ട് കാര്യമുണ്ടോ?
കട്ടിലിന്റെ കാര്യത്തില്‍ ഇത്തരം ഒരു സംവിധാനം കൊണ്ടുവന്നതുകൊണ്ട് അധികൃതര്‍ ഉദ്ദേശിച്ച ഫലം ലഭിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പരിഹസിക്കുന്നത്. 'കട്ടില്‍ ഐഡിയ' കൊണ്ടുവന്ന ആള്‍ക്ക് യഥാര്‍ത്ഥ കാര്യങ്ങളെ കുറിച്ച് വേണ്ടത്ര ധാരണയില്ലേ എന്നും പരിഹസിക്കുന്നവരുണ്ട്.

റിസ്‌ക് എടുക്കാന്‍ വയ്യ
എന്തായാലും ഒളിംപിക്‌സ് അധികൃതര്‍ക്ക് ഒരു റിസ്‌ക് എടുക്കാന്‍ വയ്യ. മറ്റ് ലൈംഗിക രോഗങ്ങള്‍ പടരുന്ന സാഹചര്യം ഒരു വിധത്തിലും ഉണ്ടാകാതിരിക്കാനായി താരങ്ങള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ ഇത്തവണയും വിതരണം ചെയ്യുന്നുണ്ട്. ഇതൊരു ബോധവത്കരണം ആയിരിക്കണം എന്നാണ് സംഘാടകരുടെ അപേക്ഷ.

തമാശയോട് തമാശ
സാമൂഹ്യ മാധ്യമങ്ങളില്‍ ഈ 'സ്‌പെഷ്യല്‍ കട്ടില്‍' വലിയ ചര്‍ച്ചയാണിപ്പോള്‍. റിയോ ഒളിംപിക്‌സിലെ മെഡല്‍ ജേതാവായ പോള്‍ ഷെലിമോ ഈ കട്ടിലുകളുടെ ചിത്രമടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്. പോളിന്റെ ത്രെഡില്‍ അദ്ദേഹം പറഞ്ഞ തമാശകള്‍ തന്നെ ഇഷ്ടം പോലെ ഉണ്ട്. അത് കൂടാതെയാണ് മറ്റുള്ളവരുടെ പ്രതികരണങ്ങള്‍!

കാണികളില്ല
എന്തായാലും ഇത്തവണത്തെ ഒളിംപിക്‌സിന് ഒരു പ്രത്യേകതയുണ്ട്. കാണികളുടെ ആരവങ്ങളില്ലാതെ ആണ് ഒളിംപിക്‌സ് നടക്കുക. മത്സരാര്‍ത്ഥികള്‍ മാത്രമായിരിക്കും ട്രാക്കിലും ഫീല്‍ഡിലും ഉണ്ടാവുക. ജേതാക്കള്‍ക്ക് കഴുത്തില്‍ മെഡല്‍ അണിയിക്കുന്ന ചടങ്ങും ഇത്തവണ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications