ഇസ്രായേലിനെ ഒതുക്കാന്‍ അറബ് നേതാക്കള്‍; അമേരിക്ക ഔട്ട്... വന്‍ സംഘം ചൈനയില്‍
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതു മുതല്‍ സമാധാന ശ്രമവുമായി അറബ് രാജ്യങ്ങള്‍ രംഗത്തുണ്ട്. ജോര്‍ദാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഗാസയില്‍ നടക്കുന്ന കൂട്ടക്കൊല അവസാനിപ്പിക്കണം എന്നായിരുന്നു അറബ് രാജ്യങ്ങളുടെ നിലപാട്. ഇസ്രായേലിനെയും ഹമാസിനെയും മിക്ക അറബ് നേതാക്കളും കുറ്റപ്പെടുത്തുകയും ചെയ്തു.
വെടിനിര്‍ത്തണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യം പോലും ഇസ്രായേല്‍ അംഗീകരിച്ചില്ല. മാത്രമല്ല, ഗാസയിലെ യുഎന്‍ ഏജന്‍സികളുടെ ഓഫീസിലും ക്യാമ്പിലും യുഎന്‍ സ്‌കൂളിലും ആശുപത്രികളിലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയും ചെയ്തു. സൗദി അറേബ്യയില്‍ രണ്ട് അറബ് ഉച്ചകോടി വിളിച്ചുചേര്‍ത്ത് ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.

(അറബ് നേതാക്കളുടെ ഫയല്‍ ചിത്രം)
ഹമാസ് നിരവധി ഇസ്രായേലുകാരെ ബന്ദികളാക്കിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കണം എന്നാണ് ഇസ്രായേലും അമേരിക്കയും ആവശ്യപ്പെടുന്നത്. മോചിപ്പിക്കാതെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പറയുന്നു. ബന്ദികളെ വച്ച് വിലപേശാനുള്ള ഹമാസിന്റെ തന്ത്രം തകര്‍ക്കാനാണ് ഇസ്രായേല്‍ ശ്രമം. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതിന് മുമ്പുതന്നെ ഗാസയെ ശവപ്പറമ്പാക്കി മാറ്റുകയാണ് ഇസ്രായേല്‍.
ഹമാസുമായി ബന്ധപ്പെടാന്‍ ഏക മാര്‍ഗം ഖത്തറാണ്. ഹമാസിന് ഓഫീസുള്ള വിദേശരാജ്യമാണ് ഖത്തര്‍. ചില ഹമാസ് നേതാക്കള്‍ ഖത്തറില്‍ താമസിക്കുന്നുമുണ്ട്. ഇവരുമായിട്ടാണ് ഖത്തര്‍ നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നേതാക്കള്‍ ഖത്തറുമായും ചര്‍ച്ച നടത്തുന്നു. തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഗാസയിലുള്ള ഹമാസ് നേതാക്കളുമായി സന്ദേശങ്ങള്‍ എങ്ങനെ കൈമാറുമെന്ന് വ്യക്തമല്ല.
അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന ഇസ്രായേല്‍ തള്ളിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ആവശ്യവും ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല. ഇസ്രായേലിന് എതിരായ പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്യുന്നതോടെ ഇസ്രായേലിനെതിരെ ആഗോള തലത്തില്‍ നടപടി സ്വീകരിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് അറബ് നേതാക്കള്‍ മറ്റൊരു വഴി തേടിയിരിക്കുന്നത്.
അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ കൂട്ടത്തോടെ ചൈനയിലെത്തിയിരിക്കുകയാണ്. ചൈന ഇടപെട്ട് ഗാസയിലെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണം എന്നാണ് അറബ് നേതാക്കളുടെ ആവശ്യം. പലസ്തീന്‍, ഇസ്രായേല്‍ എന്നീ രണ്ട് രാജ്യങ്ങള്‍ രൂപീകരിച്ച് ശാശ്വത പരിഹാരം വേണമെന്ന് അറബ് നേതാക്കള്‍ പറയുന്നു. ഇതിനോട് ചൈന നേരത്തെ യോജിച്ചതാണ്.
സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പലസ്തീന്‍ അതോറിറ്റി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ചൈനയിലെത്തി ചര്‍ച്ച നടത്തുന്നത്. ഒഐസി നേതാക്കളും സംഘത്തിലുണ്ട്. ഏറെ കാലം തുടര്‍ന്ന സൗദി-ഇറാന്‍ തര്‍ക്കത്തില്‍ പരിഹാരം കണ്ടത് ചൈനയായിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൗഹൃദ രാജ്യങ്ങള്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നതാണ് പുതിയ കാഴ്ച. ഇസ്രായേലിനെ മാത്രമല്ല, അമേരിക്കയെ പോലും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കമാണ് അറബ് രാജ്യങ്ങള്‍ നടത്തുന്നത്.












Click it and Unblock the Notifications