ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈത്ത് ദിനാര്‍; ഡോളര്‍ പത്താമത്, അറിയാം കറന്‍സികളെ കുറിച്ച്...
ദുബായ്: ലോകത്ത് നിയമ പ്രാബല്യമുള്ള 180 കറന്‍സികളാണുള്ളത്. എന്നാല്‍ അറിയപ്പെടുന്നതും ശ്രദ്ധിക്കപ്പെടുന്നതുമായ കറന്‍സികള്‍ എണ്ണത്തില്‍ വളരെ കുറവാണ്. രാജ്യത്തിന്റെ സാമ്പത്തിക ശക്തി വിളിച്ചോതുന്നതാണ് കറന്‍സി മൂല്യം. ലോകത്ത് കൂടുതല്‍ ആവശ്യക്കാരുള്ള കറന്‍സിക്ക് മൂല്യം കൂടും. എന്നാല്‍ ഇതുമാത്രമല്ല മൂല്യം നിര്‍ണയിക്കുന്ന ഘടകം.
ചരക്കുകള്‍ വാങ്ങാനുള്ള ശേഷി, കൈമാറ്റം ചെയ്യുമ്പോള്‍ എത്രത്തോളം മറ്റു കറന്‍സികള്‍ ലഭ്യമാകും എന്നതെല്ലാം അടിസ്ഥാനമാക്കിയാണ് ഒരു കറന്‍സിയുടെ ശേഷി കണക്കാക്കുക. കൂടാതെ പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, കേന്ദ്ര ബാങ്കുകള്‍ നടപ്പാക്കുന്ന നയം, സാമ്പത്തിക സുസ്ഥിരത എന്നിവയെല്ലാം ഒരു രാജ്യത്തിന്റെ കറന്‍സി മൂല്യം നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു.

ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈത്ത് ദിനാര്‍ ആണ്. 269.13 രൂപ നല്‍കിയാലാണ് ഒരു കുവൈത്ത് ദിനാര്‍ ലഭിക്കുക. 1960ലാണ് കുവൈത്ത് ദിനാര്‍ പുറത്തിറക്കിയത്. കുവൈത്തിന്റെ സാമ്പത്തിക സുസ്ഥിരത തന്നെയാണ് കറന്‍സിയുടെ ഉയര്‍ന്ന മൂല്യത്തിന് കാരണം. എണ്ണ സംഭരണം, നികുതി രഹിത സംവിധാനം, വിദേശ വിപണിയില്‍ ഉയര്‍ന്ന ആവശ്യക്കാര്‍ എന്നിവയെല്ലാമാണ് കുവൈത്ത് ദിനാറിനെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്.
ബഹ്‌റൈന്‍ ദിനാര്‍ ആണ് മൂല്യം കൂടുതലുള്ള രണ്ടാമത്തെ കറന്‍സി. 219.32 രൂപ നല്‍കിയാലാണ് ഒരു ബഹ്‌റൈന്‍ ദിനാര്‍ ലഭിക്കുക. എണ്ണ സമ്പത്ത്, ഡോളറുമായി വിനിമയത്തിലുള്ള സൗകര്യം എന്നിവയെല്ലാം ബഹ്‌റൈന്‍ ദിനാറിനെ മികച്ചതാക്കുന്നു. 214.76 മൂല്യമുള്ള ഒമാന്‍ റിയാല്‍ ആണ് മൂന്നാമത്തെ കറന്‍സി. ബഹ്‌റൈന്‍ ദിനാറിനെ കരുത്തുറ്റതാക്കുന്ന ഘടകങ്ങള്‍ തന്നെയാണ് ഒമാന്‍ റിയാലിനും മൂല്യമുള്ളതാക്കുന്നത്.
ജോര്‍ദാന്‍ ദിനാര്‍ ആണ് നാലാം സ്ഥാനത്ത്. 116.57 രൂപയാണ് മൂല്യം. നേരത്തെ പലസ്തീന്‍ പൗണ്ട് ആയിരുന്നു ജോര്‍ദാന്റെ കറന്‍സി. 1950ലാണ് ജോര്‍ദാന്‍ ദിനാര്‍ പുറത്തിറക്കിയത്. കൈമാറ്റ മൂല്യത്തിലുള്ള സ്ഥിരത ജോര്‍ദാന്‍ ദിനാറിനെ കരുത്തുറ്റതാക്കുന്നു. ജിബ്രാള്‍ട്ടര്‍ പൗണ്ട് ആണ് മൂല്യത്തില്‍ അഞ്ചാം സ്ഥാനത്തുള്ള കറന്‍സി. 105.65 രൂപയാണ് മൂല്യം.
ബ്രിട്ടീഷ് പൗണ്ട് ആണ് മൂല്യമുള്ള ആറാമത്തെ കറന്‍സി. 105.63 ആണ് മൂല്യം. ചില സമയങ്ങളില്‍ പൗണ്ട് അഞ്ചാമത്തെ മൂല്യമുള്ള കറന്‍സിയായി ഉയരാറുണ്ട്. ഒരുകാലത്ത് ബ്രിട്ടന്റെ പണമായിരുന്നു ലോകത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷമാണ് ഇതില്‍ കാതലായ മാറ്റം സംഭവിച്ചത്. കയ്മന്‍ ദ്വീപ് ഡോളറാണ് ഏഴാം സ്ഥാനത്ത്. 99.27 രൂപയാണ് മൂല്യം.
സ്വിറ്റ്‌സര്‍ലാന്റിന്റെ കറന്‍സിയായ സ്വിസ് ഫ്രാങ്ക് ആണ് മൂല്യമുള്ള എട്ടാമത്തെ കറന്‍സി. 92.54 രൂപയാണ് മൂല്യം. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലാന്റിന്റെ സുസ്ഥിരത തന്നെയാണ് കറന്‍സിയെ മികച്ചതാകുന്നത്. യൂറോപ്പിലെ 19 രാജ്യങ്ങളുടെ കറന്‍സിയായ യൂറോയുടെ മൂല്യം 90.19 രൂപയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യുന്ന രണ്ടാമത്തെ കറന്‍സിയാണിത്.
പത്താം സ്ഥാനത്ത് അമേരിക്കന്‍ ഡോളറാണ്. 82.69 രൂപയാണ് നിലവിലെ മൂല്യം. ലോകത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്ന കറന്‍സിയാണ് ഡോളര്‍. ലോക രാജ്യങ്ങളുടെ മിക്ക ഇടപാടുകളും ഡോറളിലാണ്. സമീപ കാലത്ത് ഒട്ടേറെ രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്തുന്നത് ഡോളറിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നതാണ്.












Click it and Unblock the Notifications