സൗന്ദര്യറാണിയെ ജയിലിലടച്ചു; ലിംഗ വിവേചനത്തിന്റെ പുതിയ രൂപം, പ്രതിഷേധം ശക്തമാവുന്നു
തായ്‌ലന്റ് സന്ദര്‍ശനം കഴിഞ്ഞ് യംഗൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടനെയാണ് മ്യോ കോ കോ സാനിനെ പോലിസ് പിടികൂടിയത്.
നയ്പിഡോ: മൂന്നാം ലിംഗ സൗന്ദര്യറാണിയെ മ്യാന്‍മര്‍ ഭരണകൂടം ജയിലിലടച്ചു. തായ്‌ലന്റ് സന്ദര്‍ശനം കഴിഞ്ഞ് യംഗൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടനെയാണ് മ്യോ കോ കോ സാനിനെ പോലിസ് പിടികൂടിയത്. പ്രമുഖ സിനിമാ നടി വുട് മോണ്‍ ഷ്യു യി തന്നെ അപമാനിച്ചുവെന്ന് കാണിച്ച് സുന്ദരിക്കെതിരേ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സെലി സെലി സ്മാള്‍ എന്ന സെലിബ്രിറ്റി ഗോസിപ്പ് പേജില്‍ തന്നെ അപമാനിച്ചു ചില പോസ്റ്റിട്ടുവെന്നാണ് സിനിമാ നടിയുടെ ആരോപണം.

ടെലി കമ്യുണിക്കേഷന്‍ നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരമാണ് ലോക സുന്ദരിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സെലി സെലി സ്മാളില്‍ വന്ന കാര്യങ്ങളെ കുറിച്ച് തനിക്കറിയില്ലെന്ന് കോ കോ സാന്‍ ഫേസ്ബുക്കില്‍ അറിയിച്ചു. ജനുവരി 31ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
ലിംഗ വിവേചനത്തിന്റെ ഭാഗമായാണ് അറസ്‌റ്റെന്ന് കോ കോ സാനിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. 2015ല്‍ തായ്‌ലാന്റില്‍ നടന്ന മൂന്നാം ലിംഗക്കാരുടെ ലോക സൗന്ദര്യ മല്‍സരത്തില്‍ മ്യാന്‍മറിനെ പ്രതിനിധീകരിച്ചത് കോ കോ സാനായിരുന്നു. ജയിലില്‍ ഇവരുടെ സുരക്ഷ പരിഗണിച്ച് ഒറ്റയ്ക്കാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു.
കോ കോ സാനിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് ജയിലിന് പുറത്ത് തടിച്ചുകൂടുന്നത്. അവരെ കാണാന്‍ അനുവദിക്കണമെന്ന് ചിലര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ പോലിസ് വഴങ്ങിയിട്ടില്ല. മ്യാന്‍മര്‍ അടുത്തിടെ നടപ്പാക്കിയ പുതിയ ടെലി കമ്യുണിക്കേഷന്‍ നിയമം ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.












Click it and Unblock the Notifications