അഹദ് തമീമിക്കെതിരായ വിചാരണ അടച്ചിട്ട സൈനിക കോടതിയില്‍ തുടങ്ങി
റാമല്ല: അതിക്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ച് ലോകപ്രശസ്തയായ ഫലസ്തീനി ആക്ടിവിസ്റ്റ് അഹദ് തമീമിയുടെ വിചാരണ സൈനിക കോടതിയില്‍ തുടങ്ങി. അടച്ചിട്ട കോടതിമുറിയിലാണ് 17 കാരിയായ ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ വിചാരണ ആരംഭിച്ചത്.

അറസ്റ്റിലായത് ഡിസംബര്‍ 19ന്
കഴിഞ്ഞ ഡിസംബര്‍ 19നാണ് അഹദ് തമീമിയെയും മാതാവ് നുറൈമാനെയും ബന്ധുവായ നൗറിനെയും സൈന്യം അറസ്റ്റ് ചെയ്തത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നബി സാലിഹിലെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചുകയറി മൂവരെയും പിടികൂടുകയായിരുന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പിനിടെ ഇസ്രായേല്‍ സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന തമീമിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

തമീമിക്കെതിരേ 12 കുറ്റങ്ങള്‍
ഇസ്രായേല്‍ സൈനികര്‍ക്കെതിരേ കല്ലേറ് നടത്തി, സൈനികരെ അക്രമിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 12 കുറ്റങ്ങളാണ് തമീമിക്കെതിരേ ഇസ്രായേല്‍ കോടതി ചുമത്തിയിരിക്കുന്നത്. വെസ്റ്റ്ബാങ്ക് ഗ്രാമമായ ബെതൂനിയയിലെ ഓഫര്‍ സൈനിക കോടതിയില്‍ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും ജഡ്ജി പുറത്താക്കി. തമീമിയുടെ ബന്ധുക്കളെ കോടതിയില്‍ നില്‍ക്കാന്‍ അനുവദിച്ചു. കോടതി നിലപാടിനെ തമീമിയുടെ വക്കീല്‍ അപലപിച്ചു.

പുറത്തറിഞ്ഞാല്‍ നാണക്കേട്
തമീമിയുടെ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തറിഞ്ഞാല്‍ ഇസ്രായേലിന് നാണക്കേടാവും എന്നതിനാലാണ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ പുറത്താക്കിയതെന്ന് അഭിഭാഷക ഗാബി ലസ്‌കി ആരോപിച്ചു. കോടതിക്ക് പുറത്തുള്ള ആളുകള്‍ക്ക് വിചാരണയില്‍ താല്‍പര്യമുണ്ടെന്ന് അവര്‍ക്കറിയാം. തമീമിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും ഇങ്ങനെയൊരു വിചാരണ നടക്കാന്‍ പാടില്ലാത്തതാണെന്നുമുള്ള ബോധ്യമാണ് ഇത്തരമൊരു ചെയ്തിക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി.

തമീമിയെ വിട്ടയക്കണമെന്ന് ആംനസ്റ്റി
പലസ്തീനിലെ കുട്ടികളോട് വിവേചനപരമായാണ് ഇസ്രായേല്‍ പെരുമാറുന്നതെന്നും തമീമിയെ ഉടന്‍ വിട്ടയക്കണമെന്നും കഴിഞ്ഞദിവസം ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. നിരായുധയായ പെണ്‍കുട്ടിയെന്ന നിലയ്ക്ക് അഹദ് തമീമി സൈനിക വേഷത്തിലുള്ള ഇസ്രായേല്‍ പട്ടാളക്കാര്‍ക്ക് ഒരു തരത്തിലുമുള്ള ഭീഷണിയുമല്ലെന്നും തമീമിക്കെതിരായ നടപടികളില്‍ ഒരു ന്യായവുമില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

ചെറുത്തുനില്‍പ്പിന്റെ പ്രതീകം
ഇസ്രായല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായാണ് അഹദ് തമീമിയെ ഫലസ്തീനികള്‍ കാണുന്നത്. നേരത്തെ തമീമിക്ക് സൈനിക കോടതി ജാമ്യം നിഷേധിച്ചിരുന്നു.വിചാരണ കഴിയുംവരെ തമീമി ജയിലില്‍ കഴിയണമെന്നും സൈനികകോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് തമീമിയെ പോലിസ് അറസ്റ്റ് ചെയ്തത്. സെന്യത്തിനു നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത 300ലധികം ഫലസ്തീനി കുട്ടികള്‍ ഇപ്പോള്‍ ഇസ്രായേല്‍ ജയിലിലാണ്.












Click it and Unblock the Notifications