സൗദി അറേബ്യയിലേക്ക് ആയുധമൊഴുക്ക്; ഖത്തറും കച്ചമുറുക്കി, ആശങ്കയോടെ ഗള്‍ഫ് മേഖല
വിദേശ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് ഖത്തറിനെ രക്ഷപ്പെടുത്തുന്നതാണ് ഭൂഗര്‍ഭ അറകള്‍.
റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ ആയുധം വാങ്ങിക്കൂട്ടുന്നത് എപ്പോഴും ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണ്. പശ്ചിമേഷ്യയില്‍ പല രാജ്യങ്ങളും തമ്മില്‍ ഭിന്നത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇപ്പോഴിതാ സൗദി അറേബ്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയാണ് സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത്. ഫ്രാന്‍സിലും ബ്രിട്ടനിലും കാനഡയിലും സ്‌പെയിനിലും സൗദി അറേബ്യക്ക് ആയുധം കൈമാറുന്നതില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് അമേരിക്കയുടെ നീക്കം. ഇതേ വേളയില്‍ തന്നെ ഖത്തറും ആയുധങ്ങള്‍ വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും കൂട്ടി വായിക്കണം...

500 ദശലക്ഷം
500 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ സൗദി അറേബ്യയ്ക്ക് നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിന് അനുമതി നല്‍കി. മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ഉപകണങ്ങളും നിരീക്ഷണ സംവിധാനവുമാണ് കൈമാറുന്നത്.

സൈനിക സാങ്കേതിക വിദ്യ
കൂടുതലും കൈമാറുന്നത് സൈനിക സാങ്കേതിക വിദ്യകളാണ്. കൂടാതെ പാട്രിയോട്ട്, ഹൗക്ക് മിസൈലുകളുടെ ഭാഗങ്ങളും നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 11000 കോടി ഡോളറിന്റെ ആയുധ കരാര്‍ സൗദിയും അമേരിക്കയും തമ്മില്‍ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്.

താഡ് മിസൈല്‍
കൂടാതെ 1500 കോടി ഡോളറിന്റെ താഡ് മിസൈല്‍ വേധ പ്രതിരോധ സംവിധാനവും സൗദി അമേരിക്കയില്‍ നിന്ന് വാങ്ങുന്നുണ്ട്. സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ അല്‍ ജുബൈറും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഇടപാടുകള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

റഷ്യയില്‍ നിന്ന് വാങ്ങുന്നത്
സൗദി അറേബ്യയുടെ ഉറ്റരാഷ്ട്രമാണ് അമേരിക്ക. സൗദി ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തറുമായും അമേരിക്കക്ക് അടുത്ത ബന്ധമാണ്. അമേരിക്കയില്‍ നിന്ന് മാത്രമല്ല, റഷ്യയില്‍ നിന്നും സൗദി ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ആണ് റഷ്യയില്‍ നിന്ന് പ്രധാനമായും സൗദി വാങ്ങുന്നത്.

കോര്‍ണറ്റ്-ഇഎം റോക്കറ്റ്
എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന് പുറമെ, കോര്‍ണറ്റ്-ഇഎം റോക്കറ്റ് സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. സൈനിക ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്. ഒന്നിലധികം റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാന്‍ സാധിക്കുന്ന ടോസ്-വണ്‍ എ എന്ന സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. എജിഎസ്-30 ഓട്ടോമേറ്റഡ് ഗ്രനേഡുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ കലാഷ്നിക്കോവ് എകെ -103 തോക്കുകളും നല്‍കുന്നുണ്ട്.

ഖത്തറിന്റെ നീക്കം
അതേസമയം, വ്യോമസേനയെ ശക്തിപ്പെടുത്താനും സുരക്ഷ കര്‍ശനമാക്കാനും ഖത്തര്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി സൈനിക-ആയുധ കരാറുണ്ടാക്കുകയാണ് ഗള്‍ഫിലെ ഈ കൊച്ചുരാജ്യം. 1200 കോടി ഡോളറിന്റെ സൈനിക കരാറാണ് അമേരിക്കയുമായി ഖത്തര്‍ ഒപ്പുവച്ചിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായും ഖത്തര്‍ സൈനിക-ആയുധ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്.

36 യുദ്ധവിമാനങ്ങള്‍
36 യുദ്ധവിമാനങ്ങള്‍ ഖത്തറിന് വേണ്ടി നിര്‍മിക്കുന്നതിന് കരാര്‍ കൈമാറിയെന്ന് പെന്റഗണ്‍ അറിയിച്ചു. അധികം വൈകാതെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. 620 കോടി ഡോളറിനുള്ള കരാറിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് തുടങ്ങുന്നത്. അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഖത്തറും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച ഏറെ മുമ്പ് തുടങ്ങിയതാണ്.

എഫ്-15
എഫ്-15 ഗണത്തില്‍പെടുന്ന വിമാനങ്ങളാണ് നിര്‍മിക്കുന്നത്. ലോകത്ത് ലഭ്യമായതില്‍ വച്ച് ഏറ്റവും അത്യാധുനിക ബോയിങ് വിമാനങ്ങളാണ് ഖത്തറിന് അമേരിക്ക കൈമാറുക. അമേരിക്കയുമായി മറ്റൊരു സൈനിക കരാര്‍ കൂടി ഖത്തര്‍ ഒപ്പുവച്ചിട്ടുണ്ട്. ഖത്തര്‍ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള കരാറാണിത്. കൂടാതെ ഖത്തര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നുണ്ട്.

ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍
ബ്രിട്ടനില്‍ നിന്ന് 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങളാണ് ഖത്തര്‍ വാങ്ങുന്നത്. 800 കോടി ഡോളറിന്റെ കരാറാണ് ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്.

പരിശീലനം നല്‍കും
കൂടാതെ ഖത്തര്‍ വ്യോമസേനയ്ക്ക് വേണ്ട പരിശീലനം നല്‍കാനും ബ്രിട്ടനുമായി കരാറായിട്ടുണ്ട്. ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്റൈനും പ്രഖ്യാപിച്ച ഉപരോധ നിലനില്‍ക്കവെയാണ് ഖത്തര്‍ ആയുധങ്ങള്‍ കൂടുതലായി വാങ്ങുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഭീകരവാദികളെ പിന്തുണച്ചുവെന്നാരോപിച്ച് ഉപരോധം പ്രഖ്യാപിച്ചത്.

കൊച്ചുരാജ്യം
ഗള്‍ഫിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. പക്ഷേ, ഉപരോധവുമായി നില്‍ക്കുന്ന സൗദി അറേബ്യയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ അവര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ പര്യപ്തമായ ശേഷി ഖത്തറിന് ഉണ്ടുതാനും.

ഭൂഗര്‍ഭ അറകള്‍
ഖത്തറിന് യുദ്ധവിമാനങ്ങളും ആയുധങ്ങളും കൈമാറുന്നതിന് പുറമെ, ഖത്തര്‍ സൈന്യത്തിന് വേണ്ട പരിശീലനം നല്‍കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതിര്‍ത്തികളില്‍ കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ നിന്ന് രക്ഷ
വിദേശ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് ഖത്തറിനെ രക്ഷപ്പെടുത്തുന്നതാണ് ഭൂഗര്‍ഭ അറകള്‍. വന്‍ നശീകരണ ശേഷിയുള്ള ബോംബുകളും മിസൈലുകളും കൊണ്ട് തകര്‍ക്കാന്‍ സാധിക്കാത്ത അറകളായിരിക്കും ഖത്തര്‍ ഭൂമിക്കടിയില്‍ നിര്‍മിക്കുക. അതേസമയം, ഫ്രാന്‍സില്‍ നിന്ന് 24 ദസ്സോള്‍ട്ട് റാഫേല്‍ യുദ്ധിവമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. 750 കോടി ഡോളറിന്റെ കരാറാണ് ഫ്രാന്‍സുമായി ഒപ്പുവച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് എംബിഡിഎ മിസൈലുകളും വാങ്ങുന്നുണ്ട്.












Click it and Unblock the Notifications