ആ മൂന്ന് പേർ കാരണം ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു: സെലന്‍സ്കിയേയും കുറ്റപ്പെടുത്തി ട്രംപ്
ന്യൂയോർക്ക്: ഉക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കികെതിരെ വീണ്ടും വിവാദ പരാമർശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് കാരണം സെലൻസ്കിയാണെന്ന് ട്രംപ് ആരോപിച്ചു. സമാനമായര പരാമർശം ട്രംപ് നേരത്തെയും നടത്തിയിരുന്നു. അന്ന് അത് ഉക്രൈന് പിന്തുണ നൽകുന്ന രാജ്യങ്ങളിൽ നിന്നുള്ള വലിയ വിമർശനങ്ങള്‍ക്കും ഇടയാക്കി. എന്നാല്‍ ആ വിമർശനങ്ങളൊന്നും തന്നെ ബാധിച്ചില്ലെന്ന തരത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് തന്റെ വാദം ആവർത്തിക്കുന്നത്.
ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമായ യുദ്ധത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടും ജോ ബൈഡനോടും ഉത്തരവാദിത്തം പങ്കിടണമെന്നും ട്രംപ് പറഞ്ഞു. ഞായറാഴ്ച ഉക്രേനിയൻ നഗരമായ സുമിയിൽ 35 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് റഷ്യ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പരാമർശം ഉണ്ടാകുന്നത്.

2022 ൽ റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം സുമിയിലുണ്ടായതെന്നാണ് ഉക്രൈന്‍ തിങ്കളാഴ്ച വ്യക്തമാക്കിയത്. റഷ്യയില്‍ നിന്ന് നഗരം പുതിയ മിസൈൽ ആക്രമണത്തെ നേരിട്ടതായി കീവ് അധികാരികള്‍ അവകാശപ്പെട്ടു.
'ഒന്നാം നമ്പർ പുടിൻ എന്ന് പറയാം, പക്ഷേ എന്താണ് ചെയ്യുന്നതെന്ന് ഒരു ധാരണയുമില്ലാത്ത ബൈഡന്റെയും രണ്ടാമത്തെ ആളുടെയും കാര്യം പറയാം, സെലെൻസ്‌കിയുടെയും കാര്യം പറയാം. മൂന്ന് പേർ കാരണം ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. എനിക്ക് ചെയ്യാൻ കഴിയുന്നത് അത് തടയാൻ ശ്രമിക്കുക എന്നതാണ്' എൽ സാൽവഡോർ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് ആരോപിച്ചു.
'നിങ്ങൾ ഒരു യുദ്ധം ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് യുദ്ധം ജയിക്കാൻ കഴിയുമോയെന്ന് മനസ്സിലാക്കണം. നിങ്ങളുടെ 20 മടങ്ങ് വലുപ്പമുള്ള ഒരാൾക്കെതിരെ നിങ്ങൾ യുദ്ധം ആരംഭിക്കരുത്. അപ്പോഴും മറ്റ് ആളുകൾ നിങ്ങൾക്ക് ചില മിസൈലുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും ട്രംപ് പറഞ്ഞു. ഉക്രെയ്നിന്റെ നിർണായക ധാതുസമ്പത്ത് വാഷിംഗ്ടണിന് ലഭ്യമാക്കുന്നതിനുള്ള ഒരു കരാറിൽ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഇക്കാര്യത്തില്‍ ഉള്‍പ്പെട്ടെ ഒരു കരാർ സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോ ബൈഡൻ ഉക്രെയ്‌നിന് നൽകിയ സൈനിക, സാമ്പത്തിക സഹായത്തിനുള്ള നഷ്ടപരിഹാരമായി, ഉക്രെയ്‌നിലെ വിഭവങ്ങളുടെയും അപൂർവ ധാതുക്കളുടെയും ഖനനത്തിൽ നിന്നുള്ള ലാഭത്തിൽ യുഎസിന് റോയൽറ്റി പേയ്‌മെന്റുകൾ നൽകുന്ന കരാറാണ് ട്രംപ് ഉക്രൈന് മുന്നില്‍ വെച്ചിരിക്കുന്നത്.












Click it and Unblock the Notifications