കാലിഫോര്‍ണിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു; 700 മറീനുകളെയും വിന്യസിച്ചു: ഭ്രാന്തെന്ന് ഗവര്‍ണര്‍
കാലിഫോര്‍ണിയ: കുടിയേറ്റ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് എതിരായ പ്രതിഷേധം ആളിക്കത്തുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസിലാണ് മൂന്നു ദിവസം മുമ്പ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് ഭരണകൂടം എല്ലാ അടവും പുറത്തിറക്കിയിട്ടും ഫലം ഉണ്ടായിട്ടില്ല. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലാണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്.
യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടാകാത്തതിനെ തുടര്‍ന്ന് 700 യുഎസ് മറൈന്‍ സൈനികരെയും ട്രംപ് രംഗത്തിറക്കിയിരിക്കുകയാണ്. കൂട്ടം കൂടരുതെന്ന ലോസ്ആഞ്ചലസ് പൊലീസിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ചാണ് പ്രതിഷേധക്കാര്‍ സംഘടിച്ച് പ്രതിഷേധ മാര്‍ച്ചുകളും റാലികളും സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.

പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കുപ്പികളും കല്ലും റബ്ബര്‍ ബുള്ളറ്റും പുക ബോംബും എറിയുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് കീഴിലെ വെയ്‌മോ കമ്പനിയുടെ ഒട്ടേറെ ഡ്രൈവറില്ലാ കാറുകളാണ് ഞായറാഴ്ച രാത്രി പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ട 148 പേര്‍ അറസ്റ്റിലായി. പിരിഞ്ഞു പോകാന്‍ വിസമ്മതിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
നിലവിലുള്ള 2000 നാഷണല്‍ ഗാര്‍ഡുകള്‍ക്ക് പുറമേ 2000 പേരെ കൂടി വിന്യസിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ 700 മറൈന്‍ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം രൂക്ഷമായി വിമര്‍ശിച്ചു. ട്രംപിന്റെ ഭ്രാന്തമായ ഫാന്റസി എന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ പരിഹസിച്ചത്. ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഗാവിന്‍ ന്യൂസോം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
നാഷണല്‍ ഗാര്‍ഡിനെയും മറീനുകളെയും ഇറക്കി, ഗവര്‍ണറുടെ അധികാരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
'ജനാധിപത്യ സംരക്ഷണത്തിനായി യുഎസ് മറൈന്‍ സൈനികര്‍ യുദ്ധങ്ങളില്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. അവര്‍ വീരന്മാരാണ്. സ്വേച്ഛാധിപത്യ പ്രസിഡന്റിന്റെ വികലമായ ഫാന്റസി നിറവേറ്റുന്നതിനായി സ്വന്തം നാട്ടുകാര്‍ക്കെതിരേ തിരിക്കുന്ന രീതിയില്‍ അവരെ അമേരിക്കന്‍ മണ്ണില്‍ വിന്യസിക്കരുത്' - ട്രംപിനെ വിമര്‍ശിച്ച് ഗാവിന്‍ ന്യൂസോം പറഞ്ഞു.
ട്രംപിന്റെ കെണിയില്‍ വീഴരുത്. ട്രംപ് കുഴപ്പങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹം അക്രമത്തിന് പ്രേരിപ്പിക്കുന്നു' - ന്യൂസം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം അവസാനിപ്പിച്ച് താമസിക്കുന്ന ഇടങ്ങളിലേക്ക് മടങ്ങാന്‍ പ്രതിഷേധക്കാരോട് പൊലീസ് ഉത്തരവിട്ടിട്ടും ആരും പിരിഞ്ഞു പോയിട്ടില്ല. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി ഒത്തുചേരുന്നത് നിരോധിച്ചിരുന്നു.
കുടിയേറ്റ വിഷയത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ട്രംപിന്റെ നിലപാടുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടുകളും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മുന്‍ പ്രസിഡന്റ് ബൈഡന്റെ കുടിയേറ്റ നയങ്ങളെ ആദ്യം മുതല്‍ ട്രംപ് എതിര്‍ത്തിരുന്നു.












Click it and Unblock the Notifications