വിപണി തകർന്നു, അയഞ്ഞ് ട്രംപ്: കാനഡ, മെക്സിക്കോ അധിക തീരുവ നയം നടപ്പിലാക്കുന്നത് നീട്ടിവെച്ചു
വാഷിങ്ടണ്‍: കാനഡയേയും മെക്സിക്കോയേയും ലക്ഷ്യം വെച്ചുകൊണ്ട് പ്രഖ്യാപിച്ച അധിക തീരുവ നടപ്പിലാക്കുന്നത് നീട്ടിവെച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു അയല്‍രാജ്യങ്ങള്‍ക്കുമെതിരെ താരിഫ് നടപ്പിലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഓഹരി വിപണിയില്‍ വലിയ ഇടിവിന് ഇടയാക്കിയിരുന്നു. അമേരിക്കന്‍ നയത്തിന് സമാന രീതിയിലുള്ള മറുപടിയുമായി കാനഡയും മെക്സിക്കോയും രംഗത്ത് എത്തിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
ട്രംപിന്റെ 25 ശതമാനം വരെയുള്ള തീരുവ നയം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഓഹരി വിപണിയെ വലിയ തോതില്‍ ബാധിക്കുകയായിരുന്നു. ഈ സാഹചര്യം അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ നിലവില്‍ വന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തീരുവ പ്രഖ്യാപനം നടപ്പിലാക്കുന്നത് ട്രംപ് നീട്ടിവെക്കുകയായിരുന്നു.

വിപണിയിലെ പ്രതിസന്ധിയുമായ് ബന്ധപ്പെട്ടാണ് തീരുമാനം പിന്‍വലിച്ചതെന്ന് സമ്മതിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. അതോടൊപ്പം തന്നെ ഏപ്രിൽ 2 ന് കൂടുതൽ താരിഫുകൾ നിലവിൽ വരുമെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞു. അവ "പരസ്പര സ്വഭാവമുള്ളവ" ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കുന്ന സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കുള്ള വിശാലമായ താരിഫുകൾ പരിഷ്കരിക്കില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയ്ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തങ്ങളും സമാനമായ രീതിയില്‍ നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ തങ്ങളുടെ തീരുമാനവും നടപ്പിലാക്കുന്നത് നീട്ടിവെച്ചതായി കാനഡ അറിയിച്ചു. 'തന്റെ രാജ്യം ഏപ്രിൽ 2 വരെ 125 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് സെക്കന്‍ഡ് വേവ് താരിഫ് ഏർപ്പെടുത്തില്ല. അതേസമയം എല്ലാ താരിഫുകളും നീക്കം ചെയ്യുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും' കനേഡിയന്‍ ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എക്‌സിൽ കുറിച്ചു.
അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെയായിരുന്നു കാനഡ മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ആദ്യം തീരുവ ഏർപ്പെടുത്തിയത്. അനധികൃത കുടിയേറ്റം, ലഹരിക്കെതിരായ നടപടികൾ എന്നിവയിൽ ഇരുരാജ്യങ്ങളും വിട്ടുവീഴ്ച നടത്തിയെന്നും യുഎസിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ചൈനയ്ക്കും 10 ശതമാനവും അധിക താരിഫ് പ്രഖ്യാപിച്ചു.
എന്നാൽ മെക്സിക്കോയും കാനഡയും നികുതി ഒഴിവാക്കണമെന്ന് യുഎസിനോട് അഭ്യർത്ഥിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമും ട്രംപുമായി നേരിട്ട് സംസാരിക്കുകയും അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പുതിയ പദ്ധതികൾ തയ്യാറാക്കുമെന്ന് ട്രംപിന് ഉറപ്പുനൽകുകയും ചെയ്തു. ഇതോടെ തീരുവ 30 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും തീരുവ നൽകണമെന്നും ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications