ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം റദ്ദാക്കല്‍ ഉത്തരവ് നടപ്പാക്കുന്നത് വിലക്കി കോടതി
ന്യൂയോർക്ക്: അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമത്തിന് ഉപാധികള്‍ വെച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വ അവകാശം വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് അമേരിക്കന്‍ ഭരണകൂടത്തെ സിയാറ്റിലിലെ ഒരു ഫെഡറൽ ജഡ്ജി തടഞ്ഞുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഭരണഘടനാ വിരുദ്ധമായി നിലപാടാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജഡ്ജി സർക്കാർ ഉത്തരവ് തടഞ്ഞിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് സ്വീകരിച്ച നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ജന്മാവകാശ പൗരത്വ നിയമത്തിലെ ഭേദഗതികള്‍. ട്രംപിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധവും ഉയർന്ന് വരികയാണ്. ഇതിനിടെയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള നാല് സംസ്ഥാനങ്ങളുടെ ഹർജി പരിഗണിച്ചുകൊണ്ട് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ കൗഗ്നൂർ, ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് ഭരണകൂടത്തെ തടഞ്ഞുകൊണ്ട് താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഡോണാൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു തടയണമെന്ന ആവശ്യവുമായി ആകെ 22 സംസ്ഥാനങ്ങളാണ് നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് പുറമെ മനുഷ്യാവകാശ സംഘടനകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും സാൻഫ്രാൻസിസ്കോ നഗരവും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കുടിയേറിയവർക്ക് പുറമെ താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കുന്നതാണ് പുതിയ തീരുമാനം. ഇന്ത്യയില്‍ നിന്ന് മാത്രമായി ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയിലുള്ളത്.
ട്രംപിൻ്റെ ഉത്തരവ് നടപ്പിലാക്കുന്നതിൽ നിന്ന് ഭരണകൂടത്തെ തടയാൻ താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് വാഷിംഗ്ടൺ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജഡ്ജിയോട് അഭ്യർത്ഥിക്കുകയായിരുന്നു. ട്രംപിൻ്റെ നടപടി ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതിയനുസരിച്ച്, രാജ്യത്ത് ജനിക്കുന്ന ആർക്കും അവിടെ പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍ 14-ാം േഭദഗതിയിൽ പൗരത്വം യുഎസിന്റെ 'അധികാരപരിധിയിൽ പെടുന്നവർക്ക്' എന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ് ട്രംപ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഇതര രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെയും അവരുടെ കുടുംബത്തെയുമാണ് അധികാരപരിധിയിൽ പെടാത്തതായി സാധാരണ കണക്കാക്കിയിരുന്നതെങ്കിലും പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിനും പൗരത്വം ലഭിക്കില്ല.












Click it and Unblock the Notifications