ഇംപീച്ച്‌മെന്റിന് കാരണക്കാരനെ പുറത്താക്കി ട്രംപ്... കൊറോണ കാലത്തും മറക്കാതെ പകവീട്ടി!!
വാഷിംഗ്ടണ്‍: കൊറോണ കാലത്ത് അമേരിക്ക കടുത്ത ദുരിതത്തിലാണ്. എന്നാല്‍ അതൊന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ബാധിച്ചിട്ടില്ല. തന്റെ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വഴിവെച്ചതിന് കാരണക്കാരനായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൈക്കിള്‍ അറ്റ്കിന്‍സണെ ട്രംപ് പുറത്താക്കി. വിസില്‍ബ്ലോവറുടെ പരാതി വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ അറ്റ്കിന്‍സണ്‍ പരാജയപ്പെട്ടു എന്ന് ട്രംപ് പ്രഖ്യാപിച്ചു. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയെ ഇക്കാര്യം ട്രംപ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരായി നിയമിക്കപ്പെടുന്നവരില്‍ വിശ്വസിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാല്‍ അറ്റ്കിന്‍സന്റെ കാര്യത്തില്‍ അത്തരമൊരു ആത്മവിശ്വാസമില്ലെന്നും ട്രംപ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് അയച്ച കത്തില്‍ പറഞ്ഞു.

ഭരണകാര്യങ്ങളില്‍ സമ്പദ് ഘടന, കാര്യക്ഷമത എന്നിവയുടെ മികവ് ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ അറ്റ്കിന്‍സന്‍ വളരെയധികം പിന്നിലാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. നേരത്തെ യുഎസ് കോണ്‍ഗ്രസില്‍ ട്രംപിനെതിരെ വിസില്‍ബ്ലോവറുടെ പരാതിയുണ്ടായിരുന്നുവെന്ന് അറ്റ്കിന്‍സണ്‍ പറഞ്ഞിരുന്നു. ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ യുക്രൈന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് ട്രംപിനെതിരെ അന്വേഷണം നടക്കുകയും, ഇംപീച്ച്‌മെന്റ് പിന്നാലെ നടക്കുകയും ചെയ്തു. എന്നാല്‍ ട്രംപ് ഇംപീച്ച്‌മെന്റ് അതിജീവിച്ചിരുന്നു.
നേരത്തെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ട്രംപിനെതിരെയുള്ള പരാതിയില്‍ കഴമ്പുണ്ടെന്നും, പെട്ടെന്ന് പരിഗണിക്കേണ്ടതാണെന്നും അറ്റ്കിന്‍സണ്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്നത്തെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോസപ് മഗ്വയര്‍ ഈ പരാതി അടിയന്തരമായി കേള്‍ക്കേണ്ടതാണെന്ന് കരുതുന്നില്ലെന്നാണ് പ്രതികരിച്ചത്. ഇത് മാറ്റിവെക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നത്. ഈ പരാതി നേരത്തെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ട്രംപ് ബൈഡനെതിരെ അന്വേഷണത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് ഈ കത്തില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ സെനറ്റില്‍ റിപബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹം കുറ്റവിമുക്തനായി.
അതേസമയം തനിക്ക് പൂര്‍ണമായി വിശ്വാസമുള്ള, ഏല്‍പ്പിച്ച ജോലികള്‍ മികച്ച രീതിയില്‍ ചെയ്യുമെന്ന് ഉറപ്പുള്ള ഒരാളെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ കൊറോണ കാലത്ത് രാഷ്ട്രീയ കളിച്ച് അറ്റ്കിന്‍സണെ പുറത്താക്കിയ ട്രംപിന്റെ നടപടി മനസ്സാക്ഷിക്ക് വിരുദ്ധമാണെന്ന് ഡെമോക്രാറ്റിക് സെനറ്റ് ഇന്റലിജന്‍സ് പാനല്‍ അംഗം മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു. രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാവരും ആശങ്കപ്പെടുന്നുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു. ട്രംപിന്റെ അര്‍ധ രാത്രി തീരുമാനം രാജ്യ സുരക്ഷയെ കൂടുതല്‍ അപകടത്തിലേക്ക് നയിച്ചിരിക്കുകയാണ് ഡെമോക്രാറ്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications