ട്രംപ് ഇതെന്തു ഭാവിച്ചാ? പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപുകള്‍ക്കും തീരുവ; പരിഹാസവുമായി നെറ്റിസണ്‍സ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള പരസ്പര തീരുവ പ്രഖ്യാപനമാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ചര്‍ച്ച. രണ്ടുംകല്‍പ്പിച്ചുള്ള ട്രംപിന്റെ നീക്കങ്ങള്‍ വലിയ ആശങ്കയോടെയാണ് വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യ, ചൈന, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പട്ടിക, അവയ്ക്ക് ചുമത്തേണ്ട പുതിയ തീരുവകള്‍ എന്നിവ കാണിക്കുന്ന ഒരു ചാര്‍ട്ട് ട്രംപ് പ്രദര്‍ശിപ്പിച്ചു.
ചെറുതും ജനവാസമില്ലാത്തതുമായ ദ്വീപുകളും മറ്റ് വിദൂര പ്രദേശങ്ങളും ഉള്‍പ്പെടെയാണ് ട്രംപ് ബുധനാഴ്ച ഏര്‍പ്പെടുത്തിയ പരസ്പര തീരുവ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ ഏറ്റവും വിചിത്രം അന്റാര്‍ട്ടിക്കയില്‍ നിന്ന് 1,700 കിലോമീറ്റര്‍ അകലെയുള്ള ഹേര്‍ഡ്, മക്ഡൊണാള്‍ഡ് ദ്വീപുകളാണ്. ഇവിടെ ജനവാസമില്ല; പെന്‍ഗ്വിനുകള്‍, സീലുകള്‍, കടല്‍പ്പക്ഷികള്‍ എന്നിവ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. 10% തീരുവയാണ് ഹേര്‍ഡ്, മക്ഡൊണാള്‍ഡ് ദ്വീപുകള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാലാണ് ദ്വീപുകളെ ഉള്‍പ്പെടുത്തിയതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിയിലെ ഏറ്റവും വന്യവും വിദൂരവുമായ സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഹേര്‍ഡ്, മക്ഡൊണാള്‍ഡ് ദ്വീപുകളെ കണക്കാക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. ഔദ്യോഗികമായി, ഈ ദ്വീപുകള്‍ ഓസ്ട്രേലിയന്‍ ഭരണത്തിന്‍ കീഴിലാണെങ്കിലും അമേരിക്ക ഉള്‍പ്പെടെ യാതൊരു രാജ്യങ്ങളുമായും വ്യാപാര ബന്ധം ഈ ദ്വീപുകള്‍ക്കില്ല.
ട്രംപിന്റെ ഈ വിചിത്രമായ നടപടി സമൂഹ മാധ്യമങ്ങളില്‍ വലിയ ചിരി പടര്‍ത്തിയിട്ടുണ്ട്. 'പെന്‍ഗ്വിനുകള്‍ പണം നല്‍കേണ്ടിവരുമോ?' എന്ന് നിരവധി പേരാണ് ചോദിക്കുന്നത്. 'പെന്‍ഗ്വിനുകളും മഞ്ഞും മാത്രമുള്ള ഒരു ദ്വീപില്‍ ട്രംപ് തീരുവ ചുമത്തി. പെന്‍ഗ്വിനുകള്‍ പണം നല്‍കേണ്ടിവരുമോ?'. എന്നാണ് എക്‌സില്‍ ഒരാള്‍ കുറിച്ചത്.
I stand with the penguins of Heard Island and McDonald Islands. pic.twitter.com/Dfyd5TBvr3
— ᛒᚱᚢᛊᛖ (@velonoir) April 3, 2025
'നോ താരിഫ്‌സ്!' എന്നെഴുതിയ ബോര്‍ഡ് പിടിച്ച പെന്‍ഗ്വിനുകളുടെ ചിത്രങ്ങളും യു.എസ്.-ഹേര്‍ഡ് ഐലന്‍ഡ് വ്യാപാര യുദ്ധത്തെക്കുറിച്ച് തമാശ പറഞ്ഞും നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 600-ല്‍ താഴെ ജനസംഖ്യയുള്ള കൊക്കോസ് ദ്വീപുകള്‍, സ്ഥിരമായ ജനസംഖ്യയില്ലാത്ത നോര്‍വീജിയന്‍ ആര്‍ട്ടിക് ദ്വീപുകളായ സ്വാല്‍ബാര്‍ഡ്, ജാന്‍ മായന്‍ എന്നിവയെയും ട്രംപ് വെറുതെ വിട്ടില്ല.












Click it and Unblock the Notifications