ചൈനയെ ഒറ്റപ്പെടുത്തി ട്രംപ്; 125 ശതമാനം തീരുവയ്ക്ക് മറുപടി ഉടൻ? വ്യാപാര യുദ്ധം കൊഴുക്കുന്നു
ഇറക്കുമതി തീരുവ 125 ശതമാനമാക്കി ഉയർത്തിയ യുഎസ് നടപടിയിൽ ചൈന എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. മുൻപ് തീരുവ ഉയർത്തിയപ്പോഴെല്ലാം കടുത്ത ഭാഷയിൽ തന്നെ യുഎസിന് ചൈന മറുപടി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ വെല്ലുവിളിയിൽ ഒരടി പോലും പിന്നോട്ട് പോകാൻ ചൈന തയ്യാറാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വെല്ലുവിളിക്കുകയാണെങ്കിൽ പിന്നോട്ടില്ലെന്നും തെറ്റായ തീരുമാനവുമായി മുൻപോട്ട് പോകാനാണ് യുഎസിന്റെ നീക്കമെങ്കിൽ ചൈന അവസാനം വരെ പോരാടുമെന്നും മുൻപ് ചൈന വ്യക്തമാക്കിയിരുന്നു.
മറ്റ് രാജ്യങ്ങൾക്ക് മേലുള്ള ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കുകയാണെന്ന് ബുധനാഴ്ച രാത്രി ട്രംപ് ഭരണകുടം വ്യക്തമാക്കിയിരുന്നു. വിപണിയിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാൽ ചൈനയ്ക്ക് മേലുള്ള തീരുവ തുടരുമെന്ന് യുഎസ് അറിയിച്ചു. മാത്രമല്ല തീരുവ 125 ശതമാനം വർധിപ്പിക്കുകയാണെന്നും യുഎസ് വ്യക്തമാക്കുകയായിരുന്നു.

ചൈനയ്ക്ക് മേൽ ഇത് മൂന്നാം തവണയാണ് യുഎസ് പകരച്ചുങ്കം ഏർപ്പെടുത്തുന്നത്. വ്യാപാരയുദ്ധം കനക്കുന്നതിനിടെ കഴിഞ്ഞ ദിവസം ചൈനയ്ക്കുള്ള തീരുവ 104 ശതമാനമാക്കി യുഎസ് ഉയർത്തിയിരുന്നു. ഇതിന് അതേ നാണയത്തിൽ തന്നെ ചൈന മറുപടി നൽകുകയും ചെയ്തു. യുഎസിന് 84 ശതമാനം തീരുവ ഏർപ്പെടുത്തിയായിരുന്നു തിരിച്ചടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇത് നിലവിൽ വരുമെന്ന് ചൈന അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് യുഎസ് ചൈനീസ് ഉത്പന്നങ്ങൾക്ക് വീണ്ടും തീരുവ ഉയർത്തിയത്. മുൻപ് തീരുവ ഉയർത്തിയപ്പോഴെല്ലാം കടുത്ത ഭാഷയിൽ തന്നെ യുഎസിന് ചൈന മറുപടി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ വെല്ലുവിളിയിൽ ഒരടി പോലും പിന്നോട്ട് പോകാൻ ചൈന തയ്യാറാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം യുഎസിന്റെ പുതിയ നീക്കം അവർക്ക് തന്നെ വലിയ തിരിച്ചടി തീർക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈന അമേരിക്കയെ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അമേരിക്ക ചൈനയെ ആശ്രയിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉപഭോക്തൃ വസ്തുക്കളെല്ലാം ചൈനയിൽ നിന്നാണ് യുഎസ് ഇറക്കുമതി ചെയ്യുന്നത്. .
എന്നാൽ ചൈനയാകട്ടെ പ്രധാനമായും യുഎസിനെ ആശ്രയിക്കുന്നത് വ്യാവസായിക സാമഗ്രികൾ, സോയാബീൻ, ഫോസിൽ ഇന്ധനങ്ങൾ, ജെറ്റ് എഞ്ചിനുകൾ എന്നിങ്ങനെ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാത്ത ഉത്പന്നങ്ങളാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് വില ഉയർന്നാൽ അത് വലിയ ബാധ്യത ചൈനയിലെ സാധാരണ ജനങ്ങൾക്ക് മേൽ ബാധിക്കില്ല.
അതേസമയം പകരചുങ്കത്തിന്റെ പശ്ചാത്തലത്തിൽ ചൈന മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനുള്ള സാധ്യതയും ഏറെയാണ്. 2018 യുഎസ് ചൈനയ്ക്ക് മേൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയപ്പോൾ ബ്രസീൽ പോലുള്ള രാജ്യങ്ങളെയാണ് ചൈന കൂടുതലായി ആശ്രയിച്ചിരുന്നത്. അതിനിടെ ചൈനയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് യുഎസ്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങിനെ ട്രംപ് പുകഴ്ത്തുകയും ചെയ്തു. ഷീ നല്ല നേതാവാണെന്നും മികച്ച കരാറുമായി തങ്ങൾ മുന്നോട്ട് പോകുമെന്നുമാണ് ട്രംപ് പറഞ്ഞത്.












Click it and Unblock the Notifications