വന്‍ കുതിപ്പുമായി ട്രംപ് മീം കോയിന്‍: ട്രംപിന്റെ സമ്പത്തില്‍ 45 ബില്യൺ ഡോളറിന്റെ വർധനവ്
അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏല്‍ക്കുന്നതിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും പുറത്തിറക്കിയ സ്വന്തം പേരിലുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന സ്വീകാര്യത. ട്രംപ് മീം കോയിൻ ($TRUMP), മെലാനിയ മീം കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന കോയിനുകള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ വലിയ വേഗതയിലാണ് മൂല്യം കുതിച്ചിരിക്കുന്നത്.
ട്രംപ് മീം കോയിനിലൂടെ നിയുക്ത പ്രസിഡന്റിന്റെ സമ്പത്ത് 89 ശതമാനത്തോളം വർധിച്ചുവെന്നാണ് കണക്ക്. കോയിന്റെ 80 ശതമാനവും ട്രംപിൻ്റെ കൈവശമുണ്ട്. നിലവിലെ വില ഏകദേശം 52 ഡോളർ ആണെന്നത് കണക്കിലെടുക്കുമ്പോൾ ഇതിലൂടെ അദ്ദേഹത്തിൻ്റെ സമ്പത്തില്‍ ഏകദേശം 45 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇത് അദ്ദേഹത്തിന്റെ മറ്റ് ആസ്തികളുമായി ചേർക്കുകയാണെങ്കില്‍ ട്രംപ് ലോകത്തിലെ ഏറ്റവും ധനികരായ 25 പേരുടെ പട്ടികയിൽ ഇടംപിടിക്കും. നിലവിലെ കുതിപ്പ് തുടരുകയാണെങ്കില്‍ 2028 ആകുമ്പോഴേക്കും ടോക്കണിന്റെ മൂല്യം ഏകദേശം 2400 കോടി ഡോളറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൊണാൾഡ് ട്രംപ് തൻ്റെ മീം കോയിൻ പുറത്തിറക്കി മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ ഭാര്യ മെലാനിയ ട്രംപ് ഞായറാഴ്ച വൈകിട്ട് തന്റെ പേരിലുള്ള മീം കോയിന്‍ പുറത്തിറക്കുന്നത്. മെലാനിയയുടെ കടന്ന് വരവോടെ ഡൊണാൾഡ് ട്രംപിന്റെ കോയിന് ചെറിയ ഇടിവ് നേരിടുകയുമുണ്ടായി. തിങ്കളാഴ്ച രാവിലെ വരെ, മെലാനിയ ട്രംപിൻ്റെ മെമെകോയിൻ മൂല്യം 2000 ശതമാനം ഉയർന്ന് 0.1261 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
CoinGecko റിപ്പോർട്ട് പ്രകാരം, ട്രംപിന്റെ മീം നാണയം നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ 22-ാം ക്രിപ്റ്റോകറന്‍സിയാണ്. മെലാനിയയുടെ സ്ഥാനം 94-മാണ്. തന്റെ ഭരണകൂടം ക്രിപ്റ്റോ സൗഹൃദമായിരിക്കുമെന്ന വാഗ്ദാം ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ നിറവേറ്റുന്നതാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. 1 ബില്ല്യൺ മൂല്യത്തിനുള്ള കോയിനുകളാണ് ട്രംപ് പുറത്തിറക്കിയിരിക്കുന്നത്. ക്രിപ്‌റ്റോ കോയിൻ വാങ്ങുന്നതിനുള്ള ലിങ്ക് ട്രംപ് തന്നെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇന്റര്‍നെറ്റ് മീമുകളില്‍ നിന്നും ട്രെന്‍ഡുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ക്രിപ്റ്റോകറന്‍സി അല്ലെങ്കില്‍ ഡിജിറ്റല്‍ അസറ്റിൻ്റെ ഒരു രൂപമാണ് മീം കോയിൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തനിക്കെതിരെ ഉണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ ട്രംപ് ഉയർത്തിയ മുദ്രാവാക്യമായ 'ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്' എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ട്രംപ് പുതിയ കോയിന്‍ പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications