റൂബിയോയെ നിയമിക്കാന്‍ ട്രംപ്: ഇന്ത്യക്ക് ചിരി, കരുത്താകും: പക്ഷെ ചൈന പേടിക്കണം, ക്യൂബയും
അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തുമ്പോള്‍ ആരാകും സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുക എന്ന ആകാംക്ഷയും ശക്തമാണ്. അമേരിക്കയുടെ വിദേശകാര്യ നയങ്ങളെ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ പദവിയിലേക്ക് സെനറ്റർ മാർക്കോ റൂബിയോ എത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ലാറ്റിനമേരിക്കന്‍ വംശജന്‍ കൂടിയായിരിക്കും അദ്ദേഹം.
ഫ്ലോറിഡ സ്വദേശിയായ റൂബിയോയുടെ കാര്യത്തില്‍ ട്രംപിന് പ്രത്യേക താല്‍പര്യമുണ്ടെന്നാണ് സൂചന . റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യക്ക് അനുകൂലമായ ഘടകമായിരിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ചൈന, ഇറാൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളോട് ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് റൂബിയോ. പരമ്പരാഗത റിപ്പബ്ലിക്കൻ വീക്ഷണങ്ങളെ സ്വന്തം പരിഷ്‌കരണ-അധിഷ്‌ഠിത നിലപാടുകളുമായി സംയോജിപ്പിക്കുന്ന റൂബിയോ അമേരക്കയുടെ വിദേശ നയരൂപീകരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കും.

2016 ല്‍ റിപ്പബ്ലിക്കന്‍ പർട്ടിയില്‍ പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിനായി ട്രംപിനോട് മത്സരിച്ച ചരിത്രവും റൂബിയോയക്കുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ ഒരു നിർണായക സഖ്യകക്ഷിയായി ഇന്ത്യയെ മാറ്റിയെടുക്കണമെന്ന നിലപാടുള്ള റൂബിയോ ഇന്ത്യ-അമേരിക്കന്‍ ബന്ധം ശക്തമാക്കുന്നതിനായി നിരവധി തവണ ശബ്ദം ഉയർത്തിയിട്ടുണ്ട്. യുഎസ്-ഇന്ത്യ സഹകരണം, പ്രത്യേകിച്ച് പ്രതിരോധം, വ്യാപാരം ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം ദീർഘകാലമായി ശ്രമിച്ചു.
ഏഷ്യയില്‍ ചൈനക്കെതിരിയായ ശക്തിയായി ഇന്ത്യ വളർത്തിക്കൊണ്ടുവരിക എന്നുള്ളത് അമേരിക്കയുടെ ദീർഘകാലമായ പദ്ധതിയാണ്. ശക്തമായ ഇന്ത്യ-യുഎസ് ബന്ധത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം റൂബിയോ ഇടയ്ക്കിടെ വ്യക്തമാക്കുകയും ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളുടേയും സാമ്പത്തിക താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഇരു രാജ്യങ്ങളും പിന്തുടരുന്ന ജനാധിപത്യ തത്വങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങൾക്കായി അദ്ദേഹം വാദിക്കുന്നു.
റൂബിയോയാണ് സ്റ്റേറ്റ് സെക്രട്ടറിയായി വരുന്നതെങ്കില്‍ അത് ചൈനയെ സംബന്ധിച്ച് അത്ര സുഖകരമായിരിക്കില്ല. സെനറ്റിൽ ചൈനയുമായുള്ള നയത്തെക്കുറിച്ച് നിരവധി തവണ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) മനുഷ്യാവകാശ ലംഘനങ്ങളെയും വ്യാപാര സമ്പ്രദായങ്ങളെയും ദക്ഷിണ ചൈനാ കടലിലെ ആക്രമണാത്മക നടപടികളെയും റൂബിയോ നിരന്തരം വിമർശിച്ചു. സാങ്കേതിക കൈമാറ്റത്തിനുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടെ ചൈനയുടെ മേൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്ന നയങ്ങളെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ കക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തി ചൈനക്കെതിരായ നീക്കം റൂബോയോയിലൂടെ അമേരിക്ക ശക്തമാക്കുമെന്നതില്‍ സംശയമില്ല. യൂറോപ്പിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ നാറ്റോ സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നാറ്റോ സഖ്യം ശക്തിപ്പെടുത്തണമെന്നതാണ് റൂബിയോയുടെ നിലപാട്.
നാറ്റോയുടെ കാര്യത്തില്‍ ട്രംപിന് വ്യത്യസ്തമായ നിലപാടാണുള്ളതെങ്കിലും റൂബിയോയുടെ നയം പ്രസിഡിന്റിനേയും സ്വാധീനിച്ചേക്കും. നാറ്റോയെ "അമേരിക്കൻ സുരക്ഷയുടെ സ്തംഭം" എന്ന് വിളിക്കുകയും റഷ്യൻ, മറ്റ് ആഗോള ഭീഷണികളെ ചെറുക്കുന്നതിൽ സഖ്യത്തിനുള്ള പങ്ക് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്ത വ്യക്തി കൂടിയാണ് റൂബിയോ.












Click it and Unblock the Notifications