ക്രിസ്മസ് ദിനത്തില്‍ അമേരിക്കയുടെ സൈനിക നടപടി; നൈജീരിയയില്‍ ഐഎസ് താവളങ്ങളില്‍ ആക്രമണം
വാഷിങ്ടണ്‍: നൈജീരിയയില്‍ ക്രിസ്മസ് ദിനത്തില്‍ അമേരിക്കയുടെ ശക്തമായ സൈനിക നടപടി. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ താവളങ്ങളില്‍ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൈനിക നടപടി. സൈനിക നടപടിക്ക് പിന്നാലെ, കൊല്ലപ്പെട്ട ഭീകരര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ആഗോള തലത്തില്‍ ചര്‍ച്ചയായി. സൈനിക നടപടിക്ക് ട്രംപ് നേരിട്ടാണ് ഉത്തരവ് നല്‍കിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ക്രിസ്മസ് ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നടപടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ നടത്തിയ മാരകമായ ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.
നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് വലിയ വില നല്‍കേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ട്രംപ് പറഞ്ഞു. താന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഇസ്ലാമിക ഭീകരത വളരാന്‍ യുഎസ് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത് ഇങ്ങനെ: 'ഇന്ന് രാത്രി (ഡിസംബര്‍ 25), കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ എന്റെ നിര്‍ദ്ദേശപ്രകാരം, നൈജീരിയയിലെ ഐസിസ് ഭീകരര്‍ക്കെതിരെ അമേരിക്ക മാരകമായ ആക്രമണം നടത്തി. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നാല്‍ അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഞാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൈവം നമ്മുടെ സൈന്യത്തെ അനുഗ്രഹിക്കട്ടെ, മരിച്ച ഭീകരര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!'
വര്‍ഷങ്ങളായി നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കുകയും അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരര്‍ക്കെതിരെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ താന്‍ നേരിട്ടാണ് ഉത്തരവിട്ടതെന്ന് ട്രംപ് പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സൊക്കോട്ടോ സംസ്ഥാനത്താണ് യുഎസ് ആക്രമണം നടത്തിയത്. നൈജീരിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ നീക്കമെന്ന് സൈന്യം അറിയിച്ചു.
അതേസമയം, അമേരിക്കയുടെ സൈനിക നടപടിയെ പിന്തുണയ്ക്കുമ്പോഴും ക്രൈസ്തവര്‍ മാത്രമല്ല ഭീകരവാദത്തിന്റെ ഇരകളെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ പറയുന്നു. നൈജീരിയയിലെ തീവ്രവാദ ഭീഷണി കേവലം ഒരു മതവിഭാഗത്തിനെതിരെ മാത്രമുള്ളതല്ലെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ ഭീകരവാദത്തിന്റെ ഇരകളാകുന്നുണ്ടെന്നും നൈജീരിയന്‍ അധികൃതര്‍ പറയുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുമെന്നും നൈജീരിയ വ്യക്തമാക്കി.
പശ്ചിമാഫ്രിക്കന്‍ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമേരിക്കയുടെ ഈ നിര്‍ണായക സൈനിക ഇടപെടല്‍.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തുല്യജനസഖ്യയാണ്. സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ യൂറോപ്യന്‍ യൂണിയനും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മതപരമായ പരിഗണനകള്‍ ഇല്ലാതെ എല്ലാ ജനങ്ങളെയും സംരക്ഷിക്കാന്‍ നൈജീരിയന്‍ സര്‍ക്കാരിനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
ഐഎസുമായി ബന്ധപ്പെട്ട ഭീകര സംഘടനയായ ബോക്കോ ഹറാമാണ് നൈജീരിയയില്‍ അശാന്തി വിതയ്ക്കുന്നത്. ബോക്കോ ഹറാം തീവ്രവാദികള്‍ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തിരുന്നു.












Click it and Unblock the Notifications