വാഷിങ്ടണ്‍ വൃത്തിയാക്കാന്‍ ട്രംപിന്റെ ഉത്തരവ്; 'മോദി ഈ ടെന്റുകളും കുഴികളുമൊന്നും കാണരുത്'
വാഷിങ്ടണ്‍: യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയുടെ ഭംഗി കെടുത്തുന്ന ടെന്റുകളും ചുവരെഴുത്തുകളും നീക്കി നഗരം വൃത്തിയാക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും ഈ ടെന്റുകളും ചുവരെഴുത്തുകളും കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാഷിങ്ടണ്‍ ഡിസിയിലെ ഫെഡറല്‍ കെട്ടിടങ്ങള്‍ക്ക് സമീപം അനധികൃത കുടിയേറ്റക്കാരും സമരക്കാരും മറ്റും സ്ഥാപിച്ചിട്ടുള്ള കൂടാരങ്ങളും ചുവരെഴുത്തുകളും നീക്കാനാണ് ഉത്തരവ്. യുഎസ് നീതിന്യായ വകുപ്പിനു വേണ്ടിയുള്ള പ്രസ്താവനയിലാണ് ട്രംപിന്റെ നിര്‍ദേശം. രാജ്യ തലസ്ഥാനത്തിന്റെ സുരക്ഷയും ഭംഗിയും പുനഃസ്ഥാപിക്കാനും വിദേശികള്‍ക്ക് കുറ്റകൃത്യങ്ങളില്ലാത്ത, വൃത്തിയുള്ളതും സ്വാഗതം ചെയ്യുന്നതുമായ ഒരു അന്തരീക്ഷം ഉറപ്പാക്കാനുമാണ് തന്റെ പദ്ധതിയെന്ന്് ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ വാക്കുകള്‍: 'ഞങ്ങള്‍ ഈ മഹത്തായ പാരമ്പര്യമുള്ള തലസ്ഥാനം വൃത്തിയാക്കുകയാണ്, ഞങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളില്ല. ഞങ്ങള്‍ ചുവരെഴുത്തുകള്‍ നീക്കം ചെയ്യാനൊരുങ്ങുകയാണ്. ടെന്റുകള്‍ ഇതിനകം നീക്കി. അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരൊക്കെ എന്നെ കാണാന്‍ വൈറ്റ് ഹൗസില്‍ വന്നു. അവര്‍ വരുന്ന സമയം ഞാന്‍ റൂട്ട് റണ്‍ നടത്തി. റോഡരുകിലെ ടെന്റുകള്‍, ചുവരെഴുത്തുകള്‍, റോഡുകളിലെ കുഴികള്‍ എന്നിവയൊന്നും അവര്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ എല്ലാം മനോഹരമാക്കി'.
തലസ്ഥാനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ വാഷിങ്ടണ്‍ ഡി.സി മേയര്‍ മുറിയല്‍ ബൗസര്‍ പങ്കിനെ ട്രംപ് അഭിനന്ദിച്ചു. 'സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്ത് ധാരാളം ടെന്റുകള്‍ ഉണ്ട്. അവ മാറ്റണമെന്ന് പറഞ്ഞപ്പോള്‍ തന്നെ അവര്‍ പൊളിച്ചുമാറ്റി. ലോകത്തിന്റെ സംസാരവിഷയമാകുന്ന ഒരു തലസ്ഥാനമാണ് ഞങ്ങള്‍ക്ക് വേണ്ടത് - ട്രംപ് പറഞ്ഞു.
കുറ്റകൃത്യങ്ങളില്ലാത്ത തലസ്ഥാനത്തിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വിദേശികള്‍ ഇവിടെ വരുമ്പോള്‍ അവരെ കൊള്ളയടിക്കുകയോ വെടിവയ്ക്കുകയോ ചെയ്യില്ല. ബലാത്സംഗത്തിന് ഇരയാക്കപ്പെടില്ല. ഈ തലസ്ഥാനം മുമ്പത്തേക്കാള്‍ വൃത്തിയുള്ളതും മികച്ചതും സുരക്ഷിതവുമാക്കും, അതിന് ഞങ്ങള്‍ കൂടുതല്‍ സമയമെടുക്കില്ല' - ട്രംപ് കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍ രണ്ടാമതും അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ എന്നിവരെ വൈറ്റ് ഹൗസില്‍ ട്രംപ് സ്വീകരിച്ചു.
ഫെബ്രുവരി 13 നാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി മോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്. അധികാരമേറ്റ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ട്രംപ് ആതിഥേയത്വം വഹിച്ച നാലാമത്തെ വിദേശ നേതാവാണ് മോദി.












Click it and Unblock the Notifications