ട്രംപ് ഉറ്റസുഹൃത്ത്, സെലന്‍സ്‌കി സഹോദരന്‍, ഷി...; ലോക നേതാക്കളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞത്
ഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെെടയുള്ള ലോക നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോഡ്കാസ്റ്ററും എഐ ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിലാണ് രാഷ്ട്രത്തലവന്മാരുമായി താന്‍ പുലര്‍ത്തുന്ന അടുപ്പത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. ട്രംപിനെ ധീരനായ വ്യക്തി എന്നു വിശേഷിപ്പിച്ച മോദി സെലന്‍സ്‌കിയെ സഹോദരന്‍ എന്നാണ് വിളിച്ചത്.
പുടിനുമായും സെലന്‍സ്‌കിയുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് മോദി പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം നയതന്ത്ര തലത്തില്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ യുദ്ധം പരിഹരിക്കാന്‍ കഴിയൂ എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പുടിനോട് എനിക്ക് പറയാന്‍ കഴിയും.

യുദ്ധം ശാശ്വത പരിഹാരത്തിലേക്കു നയിക്കില്ലെന്നും എത്ര രാജ്യങ്ങള്‍ പിന്തുണച്ചാലും അത് സമാധാനം കൊണ്ടുവരില്ലെന്നുമാണ് സെലന്‍സ്‌കിയോട് എനിക്ക് പറയാനുള്ളത്. സഹോദരാ എന്നു വിളിച്ചായിരുന്നു സെലന്‍സ്‌കിയോടുള്ള മോദിയുടെ ഓര്‍മപ്പെടുത്തല്‍.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ചും മോദി പരാമര്‍ശിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഭാവിയില്‍ മോദി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഷിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായത്. 2020 ന് മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്. പതുക്കെയാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും സ്‌നേഹവും പുനസ്ഥാപിക്കും - മോദി കൂട്ടിച്ചേര്‍ത്തു.
'ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ നൂറ്റാണ്ടുകളായി, ഇന്ത്യയും ചൈനയും തമ്മില്‍ ആഴത്തിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ പങ്കിടുന്നുന്നവരാണ്. ഇരു രാജ്യങ്ങളും ഏതെങ്കിലും വിധത്തില്‍ ആഗോള നന്മയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍, ലോക ജിഡിപിയുടെ 50 ശതമാനത്തിലധികം ഇന്ത്യയും ചൈനയും മാത്രമായിരുന്നുവെന്ന് പഴയ രേഖകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സംഭാവന അത്ര വലുതായിരുന്നു - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണെന്ന് പ്രശംസിച്ച മോദി ദേശീയ താത്പര്യമാണ് തങ്ങള്‍ക്കിടയിലെ സമാനതയെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ ആദ്യം എന്ന തന്റെ മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയം. പരസ്പര വിശ്വാസവും സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും വിനയവും തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്ഥാനെതിരേ രൂക്ഷ വിമര്‍ശനമാണ് മോദി നടത്തിയത്. ലോകത്തിലെ മുഴുവന്‍ ഭീകരപ്രവര്‍ത്തനങ്ങളുടെയും പ്രഭവ കേന്ദ്രമാണു പാകിസ്ഥാന്‍. സമാധാന ശ്രമങ്ങള്‍ പാകിസ്ഥാന്റെ ചതിയിലാണ് കലാശിച്ചതെന്ന് മോദി കുറ്റപ്പെടുത്തി.












Click it and Unblock the Notifications