ഗോള്‍ഡ് കാര്‍ഡ്: യു.എസ് കമ്പനികള്‍ക്ക് വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ നിയമിക്കാനുള്ള സുവര്‍ണാവസരമെന്ന് ട്രംപ്
വാഷിങ്ടണ്‍: അതിസമ്പന്നരായ വിദേശികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൊണ്ടുവന്ന 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. സമ്പന്നരായ വിദേശ നിക്ഷേപകര്‍ക്ക് 50 ലക്ഷം ഡോളര്‍ നല്‍കി അമേരിക്കന്‍ പൗരത്വം സ്വന്തമാക്കാനുള്ള അവസരമാണ് ഗോള്‍ഡ് കാര്‍ഡ് നല്‍കുന്നത്. രണ്ടാഴ്ക്കുള്ളില്‍ ഗോള്‍ഡ് കാര്‍ഡ് പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഇന്ത്യയ്ക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിശദീകരണവും ട്രംപ് നല്‍കുന്നുണ്ട്.
നിലവിലുള്ള ഇബി-5 വിസ പ്രോഗ്രാമിന് പകരമാണ് 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി കൊണ്ടുവന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിക്ഷേപകര്‍ക്കും പുതിയ വിസ പ്രോഗ്രാം ഗുണം ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശവാദം. വ്യാഴാഴ്ച നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ ട്രംപ് 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതിയെക്കുറിച്ച് സംസാരിച്ചു.

പുതിയ പദ്ധതിയിലൂടെ അമേരിക്കന്‍ കമ്പനികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഇന്ത്യന്‍ ബിരുദധാരികളെ നിയമിക്കാമെന്ന് ട്രംപ് പറഞ്ഞു. 'നിലവിലുള്ള കുടിയേറ്റ നയങ്ങള്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് തുടരാന്‍ അനുവദിക്കുന്നില്ല. ഇതിന് 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി നല്ലൊരു പരിഹാരമാണ്.
ഉദാഹരണത്തിന്, ഇന്ത്യ, ചൈന, ജപ്പാന്‍... ഇങ്ങനെ നിരവധി രാജ്യങ്ങളില്‍ നിന്ന് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ യു.എസിലേക്കു വരുന്നു, അവര്‍ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നു. ഒന്നാമനായി പഠിച്ചിറങ്ങുന്നു. അവര്‍ക്ക് യു.എസില്‍തന്നെ മികച്ച ജോലി ഓഫറുകളും ലഭിക്കുന്നു. പക്ഷേ ആ വിദ്യാര്‍ത്ഥിക്ക് രാജ്യത്ത് തുടരാന്‍ കഴിയുമോ എന്നറിയാത്തതിനാല്‍ ജോലിക്കുള്ള ഓഫര്‍ റദ്ദാക്കപ്പെടുന്നു' - ട്രംപ് വിശദീകരിച്ചു.
ഈ ബിരുദധാരികളില്‍ പലരും മാതൃരാജ്യങ്ങളിലേക്കു മടങ്ങുകയും മികച്ച സംരംഭകരായി മാറുകയും ചെയ്യുന്നു. അവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു, അവിടെ ഒരു കമ്പനി ആരംഭിച്ച് ശതകോടീശ്വരന്മാരാകുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുന്നു'. യുഎസിന് ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും ട്രംപ് ചൂണ്ടിക്കാട്ടി.
'നമുക്ക് ഉല്‍പ്പാദനക്ഷമതയുള്ള ആളുകളെയാണ് വേണ്ടത്. ഗോള്‍ഡ് കാര്‍ഡ് പ്രോഗ്രാമിന് കീഴില്‍ യുഎസ് കമ്പനികള്‍ക്ക് കഴിവുള്ള ഇന്ത്യക്കാരെ നിയമിക്കാം. ഇതിനായി യു.എസ്. കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡുകള്‍ വാങ്ങാമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഗോള്‍ഡ് വിസ വാങ്ങി ജോലിക്കെടുക്കാമെന്ന് ട്രംപ് പറഞ്ഞു.
യു.എസ് കമ്പനികള്‍, പ്രത്യേകിച്ച് സിലിക്കണ്‍ വാലിയിലെ കമ്പനികള്‍, അവരുടെ പല തസ്തികകളും നികത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി തന്നോടു പരാതിപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിക്ഷേപം നടത്താന്‍ താത്പര്യമുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത് - ട്രംപ് വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും ഇത്തരം പൗരത്വ പ്രോഗ്രാമുകള്‍ ഉണ്ട്. യൂറോപ്പില്‍ പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങള്‍ ഗോള്‍ഡന്‍ വിസകള്‍ വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തിന്റെ ദേശീയ കടം വീട്ടാനുള്ള പണം സ്വരൂപിക്കുന്നതിനുള്ള നല്ലൊരു ഉപാധിയായാണ് ഗോള്‍ഡ് കാര്‍ഡിനെ ട്രംപ് കാണുന്നത്. ഗോള്‍ഡ് കാര്‍ഡ് വളരെ വേഗത്തില്‍ വിജയകരമായി വിറ്റഴിയുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.












Click it and Unblock the Notifications