ഭാവിയില്‍ ഞങ്ങള്‍ പണമുണ്ടാക്കുമെന്ന് ട്രംപ്; ധാതുഖനന കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ധാതുഖനന കരാറില്‍ ഒപ്പിടാന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വെള്ളിയാഴ്ച്ച വൈറ്റ് ഹൗസില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് സമ്മര്‍ദത്തിനു വഴങ്ങിയാണ് സെലന്‍സ്‌കി കരാറില്‍ ഒപ്പിടുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ ട്രംപ് നടത്തി.
ഒരു വലിയ കരാറില്‍ അമേരിക്കയും യുക്രൈനും ഒപ്പുവയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ട്രംപ് പറഞ്ഞത്. ഇരു രാജ്യങ്ങളെയും തമ്മില്‍ ദീര്‍ഘകാലം ബന്ധിപ്പിക്കുന്ന കരാറായിരിക്കും ഇതെന്ന് ട്രംപ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

'യുക്രൈനു വേണ്ടി ചെലവഴിച്ച അമേരിക്കയുടെ പണം തിരികെ ലഭിക്കുന്ന ഒരു കരാര്‍ ഞങ്ങള്‍ നിര്‍മിച്ചു. ഈ കരാറിലൂടെ ഭാവിയില്‍ ധാരാളം പണം നമുക്ക് ലഭിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആളുകളെ കൊല്ലുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ റഷ്യയുമായും യുക്രൈയ്നുമായും ഒരു കരാറിലേര്‍പ്പെടാന്‍ പോകുന്നു. ഇതിനായി റഷ്യയ്ക്ക് ഇളവുകള്‍ നല്‍കേണ്ടിവരും' - കാബിനറ്റ് യോഗത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്.
'യുദ്ധാനന്തരം അമേരിക്കക്കാരായിരിക്കും കരാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുക. ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍ ആരും ജനങ്ങള്‍ക്ക് കുഴപ്പമുണ്ടാക്കാന്‍ വരില്ല' എന്നുകൂടി ട്രംപ് കൂട്ടിച്ചേര്‍ത്തു.
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനു മേല്‍ പൂര്‍ണ അധിനിവേശം ആരംഭിച്ചത്. ഇതിനകം കോടിക്കണക്കിനു ഡോളറാണ് അമേരിക്ക യുക്രൈനു സഹായമായി നല്‍കിയത്. യുദ്ധത്തിനു വേണ്ടി അമേരിക്ക നികുതിദായകരുടെ പണം വളരെയധികം ചെലവഴിക്കുന്നതായി മുന്‍ ബൈഡന്‍ ഭരണകൂടത്തിനു മേല്‍ ട്രംപ് ഏറെനാളായി ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ പുതിയ കരാറിലൂടെ യുക്രൈന്റെ പക്കലുള്ള അമൂല്യമായ ധാതു സമ്പത്തിലേക്കുള്ള പ്രവേശനമാണ് യു.എസിനു ലഭിച്ചത്. ഇത് വന്‍ സാധ്യതകളാണ് അമേരിക്കയ്ക്കു തുറന്നു നല്‍കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണം മുതല്‍ എയ്റോസ്പേസ്, പ്രതിരോധ, ആണവ വ്യവസായങ്ങളില്‍ വരെ ഉപയോഗിക്കാവുന്ന അമൂല്യമായ ധാതു സമ്പത്തിന്റെ വന്‍ശേഖരമാണ് യുക്രൈന്റെ കൈവശമുള്ളത്. കരാറിന് യുക്രൈന്‍ സമ്മതം മൂളിയതിനെതുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതുവരെ രാജ്യത്തിന് നല്‍കിവരുന്ന സൈനിക സഹായം യു.എസ് തുടരും.
അതേസമയം, കരാറിനെ അനുകൂലമായി കാണുന്ന നേതാക്കളും യുക്രൈനിലുണ്ട്. രാജ്യത്തിന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വേകാന്‍ ഈ കരാര്‍ സഹായിക്കുമെന്നാണ് അവര്‍ കരുതുന്നത്. കരാര്‍ പ്രകാരം അമേരിക്കയുടെയും യുക്രൈന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ഫണ്ടിന് രൂപം നല്‍കും. തങ്ങളുടെ ധാതു സമ്പത്തില്‍നിന്നുള്ള വരുമാനത്തിന്റെ പകുതി യുക്രൈന്‍ ഈ ഫണ്ടിലേക്ക് മാറ്റിവയ്ക്കും എന്നാണ് കരാറിലെ വ്യവസ്ഥ. അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ തുക വിനിയോഗിക്കും. ഇതിലൂടെ അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നാണ് യുക്രൈനിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.
കോടിക്കണക്കിന് ഡോളറിന്റെ ധാതു നിക്ഷേപമുണ്ടെങ്കിലും അവ ഖനനം ചെയ്യുന്നതിനും വ്യവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്നതിനും യുക്രൈന് സാങ്കേതിക വിദ്യയുടെ പരിമിതിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തികമായ വെല്ലുവിളികളും ഈ സമ്പത്തിനെ ഉപയോഗപ്പെടുത്തുന്നതില്‍ വിലങ്ങുതടിയാണ്. ഇൗ പരിമിതിയാണ് അമേരിക്ക ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍, അമേരിക്കയുമായുള്ള പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിന് അടിത്തറയിടുമെന്നും യുക്രൈനിലെ ഒരു വിഭാഗം ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications