അമേരിക്കയിൽ ഇത് സുവർണ യുഗപിറവിയെന്ന് ട്രംപ്; ബൈഡൻ ഭരണത്തിന് രൂക്ഷവിമർശനം
വാഷിങ്ടൺ: അമേരിക്കയിൽ ഇത് സുവർണയുഗത്തിന് തുടക്കമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് മുതൽ രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. ഇന്ന് യഥാർത്ഥത്തിൽ അമേരിക്കയുടെ വിമോചനദിനമാണെന്നും ട്രംപ് പറഞ്ഞു.
ഇന്ന് മുതൽ രാജ്യത്ത് അഭിവൃദ്ധിയുണ്ടാകും. ലോകരാജ്യങ്ങൾ അമേരിക്കയെ ബഹുമാനിച്ച് തുടങ്ങും. ഇനി നമ്മൾ ശക്തമായി നിലകൊള്ളും. ആർക്കും നമ്മളെ മുതലെടുക്കാൻ അവസരം ഒരുക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. എന്റെ ഭരണത്തിന് കീഴിൽ അമേരിക്കയ്ക്കയ്ക്കായിരിക്കും പ്രഥമ പരിഗണന. രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുക്കും. സുരക്ഷ പുനഃസ്ഥാപിക്കും. നീതിയുടെ തുലാസുകൾ പുനഃക്രമീകരിക്കും. സമൃദ്ധവും സ്വതന്ത്രവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കുക എന്നതായിരിക്കും ഞങ്ങളുടെ മുൻഗണന.

ഈ നിമിഷത്തോടെ അമേരിക്കയുടെ തകർച്ച അനസാനിച്ചിരിക്കുകയാണ്. മുൻകാല വഞ്ചനകൾ ഇല്ലാതാക്കുന്നതിനും ജനങ്ങളുടെ വിശ്വാസം, സമ്പത്ത്, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവ പുനഃസ്ഥാപിക്കുന്നതിനുമാണ് തനിക്ക് ജനവിധി അനുകൂലമായത്. ഇത് എനിക്ക് ദൈവംതന്നെ മഹത്തരമായ അവസരമാണ്', ട്രംപ് പറഞ്ഞു. പാരിസ് ഉടമ്പടിയിൽ നിന്നും യുഎസ് പിൻമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തിലേറിയാൽ പാരിസ് ഉടമ്പടി സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് നേര്തതേ വ്യക്തമാക്കിയിരുന്നു. പിടിക്കുകയും മോചിപ്പിക്കുകയും ചെയ്യുന്ന വിവാദനയം രാജ്യത്ത് ഇനി ഉണ്ടാകില്ല. അനധികൃത കുടിയേറ്റം തടയാൻ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നും ട്രംപ് അറിയിച്ചു.
പനാമ കനാൽ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ പനാമ കനാൽ ചൈനയ്ക്ക് നൽകിയിട്ടില്ല. ഞങ്ങൾ അത് പനാമക്കാർക്കാണ് കൊടുത്തത്. അത് ഞങ്ങൾ തിരിച്ചെടുക്കും', ട്രംപ് പറഞ്ഞു. രാജ്യത്ത് ആണും പെണ്ണും എന്ന രണ്ട് ജെന്റേ ഉള്ളൂവെന്നും ട്രാൻസ്ജെന്റിനെ അംഗീകരിക്കാനാകില്ലെന്നും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. ഗൾറ് ഓഫ് മെക്സിക്കോയ്ക്ക് പകരം ഗൾഫ് ഓഫ് അമേരിക്ക എന്ന് ഭാവിയിൽ മാറ്റിയിരിക്കും', ട്രംപ് വ്യക്തമാക്കി. യുഎസിൽ ഊർജ അടിയന്തരാവസ്ഥയും ട്രംപ് പ്രഖ്യാപിച്ചു. വൻതോതിലുള്ള അമിത ചെലവും വർദ്ധിച്ചുവരുന്ന ഊർജ്ജ വിലയുമാണ് പണപ്പെരുപ്പ പ്രതിസന്ധിക്ക് കാരണമായത്', അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ 47ാം പ്രസിഡന്റ് ആയാണ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റത്. കാപ്പിറ്റോൾ മന്ദിരത്തിൽ ഇന്ത്യൻ സമയം രാത്രി 10.30യോടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ആദ്യം വൈസ് പ്രസിഡന്റ് ജെ ഡി വാൻസാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.












Click it and Unblock the Notifications