യുഎസ് തിരഞ്ഞെടുപ്പ് രീതി അടിമുടി പരിഷ്കരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്: ഇന്ത്യന്‍ രീതിയും മാതൃകയാക്കുന്നു
അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കാതലായ മാറ്റം വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വോട്ടുചെയ്യുന്നതിന് അമേരിക്കന്‍ പൗരന്മാര്‍ ആണെന്ന രേഖ കാണിക്കുക, തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തടയുന്നതിനായി വിദേശ സംഭാവനകള്‍ക്കും വിലക്കേര്‍പ്പെടുത്തുക, മെയില്‍-ഇന്‍ വോട്ടുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നത് അടക്കമുള്ള നിർദേശങ്ങളാണ് അമേരിക്ക പുതുതായി നടപ്പിലാക്കാന്‍ പോകുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് രീതികള്‍ ചൂണ്ടിക്കാണിച്ചാണ് ട്രംപ് രാജ്യത്തും പരിഷ്കരണങ്ങള്‍ക്ക് തയ്യാറാകുന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ആധുനിക, വികസിത, വികസ്വര രാജ്യങ്ങൾ ഉപയോഗിക്കുന്ന "അടിസ്ഥാനപരവും ആവശ്യമായതുമായ തിരഞ്ഞെടുപ്പ് പരിരക്ഷകൾ" നടപ്പിലാക്കുന്നതിൽ യു എസ് പരാജയപ്പെടുന്നുവെന്ന് ട്രംപ് പറഞ്ഞു.

'ഇന്ത്യയും ബ്രസീലും വോട്ടർമാരുടെ തിരിച്ചറിയല്‍ രേഖയെ ഒരു ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരത്വത്തിനായി സ്വയം സാക്ഷ്യപ്പെടുത്തലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ജര്‍മനിയും കാനഡും അടക്കമുള്ള രാജ്യങ്ങള്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അമേരിക്കയിലാകട്ടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത മാര്‍ഗങ്ങളുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ നേരിട്ട് വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് മെയിൽ-ഇൻ വോട്ടിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ടെങ്കിലും അത് യുക്തിപൂർവ്വം പരിമിതപ്പെടുത്തിയിരിക്കുന്നു. നിശ്ചിത സമയത്തിന് ശേഷം വൈകിയെത്തുന്ന വോട്ടുകള്‍ അവർ ഒരു കാരണവശാലും എണ്ണാറില്ല. എന്നാല്‍ പല അമേരിക്കൻ തിരഞ്ഞെടുപ്പുകളിലും ഇപ്പോൾ മെയിൽ വഴിയുള്ള വന്‍തോതില്‍ വോട്ടിങ് നടക്കുന്നു. പല ഉദ്യോഗസ്ഥരും പോസ്റ്റ്മാർക്കുകളില്ലാത്തതോ തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിച്ചതോ ആയ ബാലറ്റുകൾ സ്വീകരിക്കുന്നുവെന്നും ട്രംപിന്റെ ഉത്തരവില്‍ പറയുന്നു.
ഫെഡറൽ വോട്ടർ രജിസ്ട്രേഷൻ ഫോം ഭേദഗതി ചെയ്യണമെന്നും ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടർമാർ യുഎസ് പാസ്‌പോർട്ട് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് പോലുള്ള പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നൽകേണ്ടതുണ്ട്.സംസ്ഥാനങ്ങൾ അവരുടെ വോട്ടർ പട്ടികകളും വോട്ടർ പട്ടിക അറ്റകുറ്റപ്പണിയുടെ രേഖകളും അവലോകനത്തിനായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനും ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിനും കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.
പൗരന്മാരല്ലാത്തവരെ തിരിച്ചറിയാൻ സഹായിക്കുന്നതിന് സംസ്ഥാനങ്ങളുമായി ഡാറ്റ പങ്കിടാൻ ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾക്കെതിരെ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിക്കാൻ സംസ്ഥാനങ്ങൾ വിസമ്മതിച്ചാൽ, അവർക്ക് ഫെഡറൽ ഗ്രാന്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications