'കോടതി വിധി അവിടെ നിക്കട്ടെ'; ഇന്ത്യ നികുതി നല്‍കുന്നത് തുടരുമെന്ന് ട്രംപ്: 10 ശതമാനം താരിഫ് കൂടി ചുമത്തി
വാഷിങ്ടണ്‍: വിദേശ രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ ഭരണകൂടം ചുമത്തിയ പകരച്ചുങ്കത്തിന് എതിരേ യുഎസ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ അതൃപ്തിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുപ്രീകോടതി വിധി അനുസരിക്കാനുള്ള ഭാവമില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇന്ത്യ നികുതി നല്‍കുന്നത് തുടരുമെന്ന് ട്രംപ് വിദേശ മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് നടപ്പാക്കിയ പകരച്ചുങ്കം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ വിധി ഇന്ത്യയുമായുള്ള കരാറിനെ ബാധിക്കില്ലെന്നും ഇന്ത്യ നികുതി നല്‍കുന്നത് തുടരുമെന്നുമാണ് ട്രംപിന്റെ നിലപാട്. തന്റെ തീരുമാനത്തിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയില്‍ ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. കോടതി വിധിയെയും ജഡ്ജിമാരെയും ട്രംപ് വിമര്‍ശിക്കുകയും ചെയ്തു.
ഫെബ്രുവരി രണ്ടിന് പ്രഖ്യാപിച്ച അമേരിക്ക-ഇന്ത്യ വ്യാപാര കരാര്‍ പ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഈ
കരാറില്‍ മാറ്റമുണ്ടാകില്ല. തനിക്ക് എന്ത് തീരുമാനവും എടുക്കാന്‍ അധികാരമുണ്ടെന്നും വ്യാപാര രംഗത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സുപ്രീം കോടതി വിധി തടസമല്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഇടപെടലിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതെന്ന അവകാശവാദവും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം മെയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് 200 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതുകൂടാതെ തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനാണ് താന്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മോദിയുടെ ക്ഷണപ്രകാരം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
അതിനിടെ, സുപ്രീം കോടതി വിധിയെ മറികടന്ന് ലോക രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പത്ത് ശതമാനം ആഗോള നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് വിധിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ട്രംപിന്റെ ഈ നീക്കം.
ഫെബ്രുവരി 24-ന് ഇന്ത്യന്‍ സമയം രാവിലെ 10:30 മുതല്‍ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരും. 1974-ലെ ട്രേഡ് ആക്ട് പ്രകാരം അമേരിക്കന്‍ പ്രസിഡന്റിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഞ്ച് മാസത്തേക്ക് ഈ അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയോട് മോശമായി പെരുമാറുന്ന രാജ്യങ്ങള്‍ക്കെതിരെ ഇതിലും വലിയ നികുതി ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുന്‍പ് നിയമവിരുദ്ധമായി ശേഖരിച്ച നികുതി പണം തിരികെ നല്‍കുന്ന കാര്യത്തില്‍ ഉടനടി തീരുമാനമുണ്ടാകില്ലെന്നും അത് വര്‍ഷങ്ങള്‍ നീളുന്ന നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് താന്‍ ഈ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ട്രംപ് കൂട്ടിചേര്‍ത്തു.
തനിക്ക് എന്ത് തീരുമാനവും എടുക്കാന്‍ അധികാരമുണ്ടെന്നും വ്യാപാര രംഗത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സുപ്രീം കോടതി വിധി തടസ്സമല്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയോട് മോശമായി പെരുമാറുന്ന വിദേശ രാജ്യങ്ങള്‍ക്കെതിരെ ഇതിലും വലിയ നികുതി ചുമത്താന്‍ തനിക്ക് കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയോടു ചേര്‍ന്നു നില്‍ക്കുന്ന ചില രാജ്യങ്ങള്‍ക്ക് വളരെ ന്യായമായ പരിഗണന ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് താന്‍ ഈ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ട്രംപ് കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications