വീണ്ടും ട്രംപിന്റെ അസാധാരണ നീക്കം: ഫെഡറൽ ഗ്രാന്റുകളും വായ്പകളും നിർത്തിവെച്ചു
വാഷിങ്ടണ്‍ ഡിസി: വീണ്ടും അസാധാരണ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച മുതൽ എല്ലാ ഫെഡറൽ ഗ്രാന്റുകളും വായ്പകളും താൽക്കാലികമായി നിർത്തിവെക്കാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിദ്യാഭ്യാസ, ആരോഗ്യ പരിപാലന പദ്ധതികൾ, ഭവന സഹായം, ദുരന്ത നിവാരണം തുടങ്ങിയ നിരവധി മേഖലകളിലെ പ്രവർത്തനങ്ങളെ ട്രംപിന്റെ ഉത്തരവ് വലിയ രീതിയില്‍ തന്നെ ബാധിച്ചേക്കും.
ഗ്രാന്റുകളും വായ്പകളും പ്രസിഡന്റിന്റെ മുന്നോട്ട് വെക്കുന്ന മുൻഗണനകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് അവലോകനം ചെയ്ത് കണ്ടെത്തുന്നത് വരെ പണം കൈമാറുന്നത് നിർത്തിവയ്ക്കുമെന്നാണ് ഫെഡറൽ ബജറ്റിന് മേൽനോട്ടം വഹിക്കുന്ന മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസിന്റെ ആക്ടിംഗ് മേധാവി തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരിവില്‍ പറയുന്നത്.

പ്രസിഡന്റിന്റെ അജണ്ടയ്ക്ക് വിരുദ്ധമായ നയങ്ങൾക്കായി ഫെഡറൽ വിഭവങ്ങൾ ഉപയോഗിക്കുന്നത് നികുതിദായകരുടെ പണം പാഴാക്കലാണ്, അത് ഞങ്ങൾ സേവിക്കുന്നവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നില്ല എന്ന് ആക്ടിംഗ് ഡയറക്ടർ മാത്യു വെയ്ത്തും പറഞ്ഞു. വിദേശ സഹായത്തിനും സർക്കാരിതര സംഘടനകൾക്കും വേണ്ടിയുള്ള ഏതൊരു പണവും മരവിപ്പിക്കലിൽ ഉൾപ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
സാമൂഹിക സുരക്ഷയെയോ മെഡികെയർ പേയ്‌മെന്റുകളെയോ വ്യക്തികൾക്ക് നേരിട്ട് നൽകുന്ന സഹായത്തെയോ നിലവിലെ ഉത്തരവ് ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. ദരിദ്രർക്കുള്ള ഭക്ഷ്യസഹായവും വൈകല്യം നേരിടുന്നവർക്ക് ലഭിക്കുന്ന സഹായവും തടസപ്പെടില്ല. എന്നാല്‍ സൈനികർക്കും താഴ്ന്ന വരുമാനക്കാർക്കും വേണ്ടിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഉത്തരവ് ബാധിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
2024 സാമ്പത്തിക വർഷത്തിൽ ഫെഡറൽ സർക്കാർ ഏകദേശം 10 ട്രില്യൺ ഡോളർ ചെലവഴിച്ചുവെന്നും ഗ്രാന്റുകളും വായ്പകളും പോലുള്ള സാമ്പത്തിക സഹായത്തിനായി 3 ട്രില്യണിലധികം ഡോളർ നീക്കിവച്ചിട്ടുണ്ടെന്നും ഉത്തരവ് പറയുന്നുണ്ട്. നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടി നേതാക്കള്‍ രംഗത്ത് വന്നു. ട്രംപിന്റെ നടപടി നിയമവിരുദ്ധവും അപകടകരവുമാണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്.
അതേസമയം, അമേരിക്കയെ ഉപദ്രവിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉയർന്ന താരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പും ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്ത് നിന്നും ഇന്നുണ്ടായി. ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ ഉയർന്ന താരിഫ് ഏർപ്പെടുത്തുന്ന രാജ്യങ്ങളാണ് ട്രംപ് എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. 'ഞങ്ങള്‍ അമേരിക്കയ്ക്ക് ദോഷം ചെയ്യുന്ന ആളുകള്‍ക്കും രാജ്യങ്ങള്‍ക്കും താരിഫ് ഏർപ്പെടുത്താന്‍ പോകുകയാണ്. നമ്മെ ദ്രോഹിച്ചുകൊണ്ട് അവർ സ്വന്തം രാജ്യത്തെ മികച്ചതാക്കാന്‍ നോക്കുന്നു' ട്രംപ് പറഞ്ഞു. ഫ്ലോറിഡ റിട്രീറ്റിൽ ഹൗസ് റിപ്പബ്ലിക്കൻമാരുടെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്.












Click it and Unblock the Notifications