ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റ് കടന്നു; ടൈ ബ്രേക്കറായി ജെഡി വാൻസിന്റെ വോട്ട്
വാഷിങ്ടൺ; പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച 'ബിഗ് ബ്യൂട്ടിഫുൾ' ബിൽ സെനറ്റിൽ പാസായി. 18 മണിക്കൂർ നീണ്ട വോട്ടെടുപ്പിനൊടുവിലാണ് ബിൽ സെനറ്റ് കടന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുള്ള സെനറ്റിൽ 51 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 50 വോട്ടുകളായിരുന്നു ആദ്യം ലഭിച്ചത് (സെനറ്റിൽ 100 അംഗങ്ങൾ). 3 റിപബ്ലിക്കൻമാർ കൂറുമാറി. ഇതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വോട്ട് ടൈ ബ്രേക്കറായി.
ദേശീയ കടത്തിൽ 3 ട്രില്യൺ കൂടി ചേർക്കുന്നതാണ് ബിൽ. സൈനിക ചെലവിൽ 150 ബില്യൺ ഡോളറിന്റെ വർദ്ധനവും കൂട്ട നാടുകടത്തൽ പദ്ധതിയും ബിൽ വ്യവസ്ഥ ചെയ്യുന്നു. മെഡിക്കൽ-ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 1.2 ട്രില്യൺ ഡോളർ വരെ വെട്ടിക്കുറക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഏകദേശം 8.6 ദശലക്ഷം അമേരിക്കക്കാരുടെയും താഴ്ന്ന വരുമാനക്കാരുടെയും ഭിന്നശേഷിക്കാരുടേയും ആരോഗ്യപരിരക്ഷ ഇതോടെ ഇല്ലാതാകും.

ഗ്രീൻ എനർജി ടാക്സ് ക്രെഡിറ്റിൽ നിന്നും കോടിക്കണക്കിന് ഡോളർ എടുത്തുകളയാനും ബില്ലിൽ നിർദേശം ഉണ്ട്. ഇത് സംബന്ധിച്ച് കടുത്ത ആശങ്കയാണ് രാജ്യത്തെ പാരിസ്ഥിതിക ഗ്രൂപ്പുകൾ ഉയർത്തുന്നത്. ജുലൈ നാല് വരെയാണ് ട്രംപ് യുഎസ് കോൺഗ്രസിന് സമയം നൽകിയിരിക്കുന്നത്. അതേസമയം സെനറ്റിൽ കടുത്ത എതിർപ്പാണ് ബില്ലിനെതിരെ ഉയർന്നത്. ഡെമോക്രാറ്റുകൾ മാത്രമല്ല റിപബ്ലിക്കൻ നേതാക്കളായ നോർത്ത് കരോലിനയിൽ നിന്നുള്ള സെനറ്റർമാരായ തോം ടില്ലിസ്, മെയ്‌നിൽ നിന്നുള്ള സൂസൻ കോളിൻസ്, കെന്റക്കിയിൽ നിന്നുള്ള റാൻഡ് പോൾ എന്നിവരും ബില്ലിനെതിരെ രംഗത്തെത്തി. ഇവർ മൂന്ന് പേരുമാണ് ക്രോസ് വോട്ട് ചെയ്തത്.
ഇനി ബിൽ ജനപ്രതിനിധി സഭയിലെത്തും. ഇവിടെ ഡെമോക്രാറ്റുകളുടെ കടുത്ത എതിർപ്പ് നേരിടേണ്ടി വരും. ആരോഗ്യ സംരക്ഷണ, ഭക്ഷ്യ സഹായ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ വിമർശനം ഉയർത്തിയ റിപബ്ലിക്കൻ നേതാക്കളും പ്രതിഷേധം ഉന്നയിക്കും. അതേസമയം ഇലോൺ മസ്കും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. ബിൽ പാസാക്കിയാൽ 'അമേരിക്കൻ പാർട്ടി' എന്ന പേരിൽ പുതിയ പാർട്ടി ആരംഭിക്കുമെന്ന മുന്നറിയിപ്പാണ് മസ്ക് നൽകിയത്.
'ഈ ഭ്രാന്തമായ ബിൽ പാസായാൽ അടുത്ത ദിവസം തന്നെ അമേരിക്ക പാർട്ടി രൂപീകരിക്കും. നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ യൂണിപാർട്ടിക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്, അതുവഴി ജനങ്ങൾക്ക് അവരുടെ യഥാർത്ഥ ശബ്ദം ഉയർത്താൻ കഴിയു', മസ്ക് എക്സിൽ കുറിച്ചു. സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനായി പ്രചാരണം നടത്തി ബില്ലിനെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങളെയും മസ്‌ക് വിമർശിച്ചു.












Click it and Unblock the Notifications