സോളമന്‍ ദ്വീപുകളില്‍ ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പുമായി അധികൃതര്‍; ജാഗ്രത
ഹൊനിയാര: സോളമന്‍ ദ്വീപുകളിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ (185 മൈല്‍) ഉള്ളിലുള്ള സോളമണ്‍സ് തീരത്താണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭൂകമ്പത്തില്‍ കെട്ടിടത്തിനുള്ളിലെ വസ്തുക്കള്‍ താഴേക്ക് പതിച്ചതായി തലസ്ഥാനമായ ഹൊനിയാരയിലെ ഹെറിറ്റേജ് പാര്‍ക്ക് ഹോട്ടലിലെ റിസപ്ഷനിസ്റ്റായ ജോയ് നിഷ എ എഫ് പിയോട് പറഞ്ഞു. ഹോട്ടലിലെ ചില സാധനങ്ങള്‍ താഴെ വീണെന്നും എന്നാല്‍ ആളപായമില്ല എന്നും നിഷ പറയുന്നു. ഭൂചലനം ഏകദേശം 20 സെക്കന്‍ഡ് നീണ്ടുനിന്നതായി തലസ്ഥാനത്തെ എ എഫ് പി റിപ്പോര്‍ട്ടര്‍ പറഞ്ഞു.

നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചതിനാല്‍ ആളുകള്‍ ഓഫീസുകള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സോളമന്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പമുണ്ടായത്. ഇതേ തുടര്‍ന്ന് മേഖലയിലെ ദ്വീപുകളില്‍ അപകടകരമായ രീതിയില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വിശാലമായ സുനാമി ഭീഷണി പ്രതീക്ഷിക്കുന്നില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഭൂകമ്പം മൂലം സോളമന്‍ ദ്വീപുകളില്‍ വേലിയേറ്റനിരപ്പില്‍ നിന്ന് 1 മീറ്റര്‍ (3 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ സൃഷ്ടിച്ചേക്കാം. പാപ്പുവ ന്യൂ ഗിനിയ, വാനുവാട്ടു തീരങ്ങളില്‍ ചെറിയ തിരമാലകള്‍ ഉണ്ടാകാം എന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
നിരവധി അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും സംഭവിക്കുന്ന പസഫിക് സമുദ്രത്തിന്റെ അരികിലുള്ള ഒരു കമാനമായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് സോളമന്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സുനാമി മുന്നറിയിപ്പിനെ ജാഗ്രതയോടെ ആണ് അധികൃതര്‍ വീക്ഷിക്കുന്നത്.












Click it and Unblock the Notifications