തുളസി ഗബ്ബാര്‍ഡ് വിവാഹിതയായി
വാഷിംഗ്ടണ്‍: തുളസി ഗബ്ബാര്‍ഡിനെ ഓര്‍മയില്ലേ. ഹവായില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ തുളസി ഗബ്ബാര്‍ഡിനെ. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തിലും ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് തുളസി ഗബ്ബാര്‍ഡിന്റെത്.

ഇന്റര്‍നെറ്റ് തല്‍പരയായ തുളസി ഹിന്ദു മതവിശ്വാസിയാണെന്നും തരൂര്‍ ട്വിറ്റര്‍, എഫ് ബി പോസ്റ്റുകളില്‍ എഴുതിയിരുന്നു. മതിപ്പ് തോന്നി എന്ന് പറഞ്ഞാണ് തരൂര്‍ താനും തുളസി ഗബ്ബാര്‍ഡും ഒരുമിച്ചുള്ള ചിത്രം കഴിഞ്ഞ ഡിസംബറില്‍ പോസ്റ്റ് ചെയ്തത്. ചിത്രം കണ്ടതിന് പിന്നാലെ അടുത്ത വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ച് ആളുകള്‍ ശശി തരൂരിനെ കളിയാക്കിയിരുന്നു. തരൂരിനെ ശ്രദ്ധിക്കണമെന്ന് തുളസി ഗബ്ബാര്‍ഡിനെ ഉപദേശിച്ചും ചിലര്‍ കമന്റുകള്‍ ഇട്ടു.
ശശി തരൂരിന്റെ പോസ്റ്റിലൂടെ കൊച്ചുകേരളത്തിലും താരമായ തുളസി ഗബ്ബാര്‍ഡ് ഇപ്പോള്‍ വിവാഹിതയായിരിക്കുകയാണ് എന്നതാണ് വാഷിംഗ്ടണില്‍ നിന്നുളള വാര്‍ത്ത. ഹവായിലെ വീട്ടില്‍ വെച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം. 26 കാരന്‍ ഛായാഗ്രാഹകന്‍ അബ്രഹാം വില്യംസാണ് വരന്‍. തുളസിയുടെ വീട്ടുകാരും ബന്ധുക്കളും ഡെമോക്രാറ്റിക് കോണ്‍ഗ്രസ് നേതാക്കളും അടക്കം ഏറെപ്പേര്‍ വിവാഹത്തിനെത്തി.

അമേരിക്കയിലെ ശ്രദ്ധേയയായ യുവ രാഷ്ട്രീയ നേതാവാണ് തുളസി ഗബ്ബാര്‍ഡ് എന്ന 33 കാരി. നേരത്തെ എഡ്വാര്‍ഡോ തമായോവിനെ വിവാഹം ചെയ്ത തുളസി വിവാഹമോചനം നേടി. കഴിഞ്ഞ വര്‍ഷം ആദ്യമായി ഇന്ത്യ സന്ദര്‍ശനത്തിനുമെത്തിയിരുന്നു തുളസി ഗബ്ബാര്‍ഡ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തുളസി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications