തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 25,000 കടന്നു
വെള്ളിയാഴ്ചയാണ് സെയ്നാപ് കഹ്റാമൻ എന്ന നാൽപതുകാരിയെ പുറത്തെടുത്തത്

ഇസ്തംബുൾ: തുർക്കി-സിറിയ ഭൂകമ്പത്തിലെ മരണ സംഖ്യ ഉയരുന്നു. ഭൂകമ്പം നടന്ന് ആറാം ദിവസമാകുമ്പോൾ മരണം 25,000 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ദൗത്യസഘം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു. തെക്കൻ തുർക്കിയിലെ കിരിഖാൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് വെള്ളിയാഴ്ചയാണ് സെയ്നാപ് കഹ്റാമൻ എന്ന നാൽപതുകാരിയെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ അവർ അവിടെ കുടുങ്ങിയിട്ട് 104 മണിക്കൂർ പിന്നിട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് മരണം.
അതിശൈത്യത്തെയും മോശം കാലാവസ്ഥയേയും അതിജീവിച്ച് പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് ഭൂകമ്പം തകർത്ത ഭൂമിയിൽ ഉള്ളത്. തുർക്കിയിൽ റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 4.17ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
1999ലാണ് ഏറ്റവും ഒടുവിൽ ഭൂകമ്പം തുർക്കിയിൽ അനുഭവപ്പെട്ടത്. കനത്ത നാശമാണ് ഭൂകമ്പം വിതച്ചത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡ്യുസെ നഗരത്തെ തകർത്തു. 17,000 ആളുകളാണ് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ഇസ്താംബുളിൽ മാത്രം ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. 2020 ജനുവരിയിൽ ഇലാസിഗിലുണ്ടായ ഭൂകമ്പത്തിൽ 40 പേർക്ക് ജീവൻ നഷ്ടം ആയി.












Click it and Unblock the Notifications