സൗദി അറേബ്യ വെട്ടിലാകുമോ? തുര്‍ക്കി സൈന്യം വരില്ല, സിറിയയും നിഷേധിച്ചു, പാകിസ്താനിലും ഭിന്നസ്വരം
യമനിലെ ഹൂതികളെ നേരിടാന്‍ തുര്‍ക്കി സൈന്യത്തെ അയക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍. കൂട്ടമായ പ്രതിരോധമാണ് മക്ക കരാറിന്റെ അടിസ്ഥാനമെന്നും മറ്റൊരു രാജ്യത്ത് ആക്രമണം നടത്തുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മക്ക കരാറില്‍ ഒപ്പുവെച്ച പാകിസ്താനും തുര്‍ക്കിയും സൗദി അറേബ്യയ്‌ക്കൊപ്പം ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.
മക്കയില്‍ ഒപ്പുവെച്ചത് പ്രതിരോധ കരാറാണ്. അല്ലാതെ ആക്രമണ കരാര്‍ അല്ല. മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍ തുര്‍ക്കി സൈന്യത്തെ അയക്കില്ലെന്നും തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. മക്ക കരാറിന് തുര്‍ക്കിയില്‍ നിയമ പ്രാബല്യം ലഭിക്കണം എങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. കരാര്‍ വൈകാതെ തുര്‍ക്കി പാര്‍ലമെന്റില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഓഗസ്റ്റിലായണ് സൗദിയും തുര്‍ക്കിയും പാകിസ്താനും മക്ക പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. ഈ മാസം അഞ്ചിന് റിയാദില്‍ ചേര്‍ന്ന യോഗം സൈനിക വിന്യാസത്തിന് തീരുമാനിച്ചു എന്നു വാര്‍ത്തകളുണ്ടായിരുന്നു. പാകിസ്താന്റെ സൈന്യം നിലവില്‍ സൗദിയിലുണ്ട്. തുര്‍ക്കിയും വൈകാതെ സൈന്യത്തെ അയക്കുമെന്ന വാര്‍ത്തകളും വന്നു. കൂടുതല്‍ സൈന്യത്തെ അയക്കുന്നതില്‍ പാകിസ്താനിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഈ വേളയിലാണ് സൈന്യത്തെ അയക്കില്ലെന്ന് തുര്‍ക്കിയുടെ മന്ത്രി പ്രതികരിച്ചിരിക്കുന്നത്. അതേസമയം, ഏത് രീതിയില്‍ സൗദിയെ സഹായിക്കാന്‍ സാധിക്കുമെന്ന് തുര്‍ക്കി ആലോചിക്കും. പ്രതിരോധ സംവിധാനം സൗദിക്ക് നല്‍കുക, സാങ്കേതിക സഹായം നല്‍കുക തുടങ്ങിയ തീരുമാനങ്ങള്‍ തുര്‍ക്കി എടുത്തേക്കും. ഇക്കാര്യം പാര്‍ലമെന്റിന്റെ അനുമതിക്ക് ശേഷമാകും ആലോചിക്കുക എന്നാണ് പുതിയ വിവരം.
സിറിയയില്‍ നിന്നുള്ള സൈനികര്‍ ഹൂതികളെ നേരിടാന്‍ സൗദി സൈന്യത്തിന് ഒപ്പം ചേരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ യമന്‍ യുദ്ധത്തില്‍ സിറിയ ഭാഗമാകില്ലെന്ന് സിറിയയുടെ വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയെ പിന്തുണയ്ക്കുമെങ്കിലും മേഖലയില്‍ സമാധാനം പുലരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പുതിയ യുദ്ധമുഖം തുറക്കാന്‍ ആഗ്രഹമില്ലെന്നും സിറിയ വ്യക്തമാക്കി.
12 വര്‍ഷത്തോളം ആഭ്യന്തര യുദ്ധത്തിലായിരുന്നു സിറിയ. രണ്ട് വര്‍ഷം മുമ്പാണ് രാജ്യം സമാധാനത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. ഗള്‍ഫ് രാജ്യങ്ങളുടെയും അമേരിക്കയുടെയും സഹായത്തോടെ സുസ്ഥിരമായ ഭരണ സംവിധാനം കൊണ്ടുവരാനാണ് സിറിയ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് സൗദിയെ സഹായിക്കാന്‍ സിറിയയും ഇടപെടുമെന്ന വാര്‍ത്തകള്‍. എന്നാല്‍ സൗദിയെ പിന്തുണയ്ക്കുമെന്നും പുതിയ യുദ്ധമുഖം തുറക്കില്ലെന്നുമാണ് വാര്‍ത്താ വിതരണ മന്ത്രാലയം എക്‌സില്‍ കുറിച്ചത്.


Click it and Unblock the Notifications
