തുര്‍ക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാനില്ല, പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു
10 ഇന്ത്യക്കാര്‍ ദുരിതബാധിത പ്രദേശങ്ങളിലെ വിദൂര ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണ്.

ദില്ലി: ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത തുര്‍ക്കി ഭൂകമ്പത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി റിപ്പോര്‍ട്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 10 ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തുര്‍ക്കിയിലെ അദാനയില്‍ ഞങ്ങള്‍ ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. 10 ഇന്ത്യക്കാര്‍ ദുരിതബാധിത പ്രദേശങ്ങളിലെ വിദൂര ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണ്. ബിസിനസ് സന്ദര്‍ശനത്തിനെത്തിയ ഒരു ഇന്ത്യന്‍ പൗരനെ കാണാതായി. ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവുമായും അദ്ദേഹം ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി സഞ്ജയ് വര്‍മ്മ അറിയിച്ചു.
അതേസമയം, 'ഓപ്പറേഷന്‍ ദോസ്ത്' പ്രകാരം ഇന്ത്യ സിറിയയിലേക്ക് സാമഗ്രികള്‍, സാധനങ്ങള്‍, മെഡിക്കല്‍ സപ്ലൈസ്, ഉപകരണങ്ങള്‍ എന്നിവ നല്‍കുകയും തുര്‍ക്കിയില്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. 11000 കൂടുതല്‍ ആളുകളുടെ ജീവന്‍ ഭൂകമ്പത്തില്‍ നഷ്ടപ്പെട്ടിരിക്കാമെന്നാണ് കണക്ക്.
വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മരണ സംഖ്യ 20000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ഇതേ മേഖലയില്‍ 1999ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ 17000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുര്‍ക്കിയില്‍ മാത്രം 8754 പേര്‍ മരിച്ചതായാണ് ഔദ്യോകിക കണക്കുകള്‍.
അതേസമയം, തിങ്കളാഴ്ച അതിശക്തമായ ഭൂചലമാണ് ഉണ്ടായത്. ഇതുകൂടാതെ 285 തുടര്‍ ചലനങ്ങളുമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലോടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അപകടത്തിന്റെ വ്യാപ്തി ഉയര്‍ന്നു.
ആദ്യ ഭൂചലനത്തിന് ശേഷം രണ്ട് തുടര്‍ ഭൂചലനങ്ങളും ഉണ്ടായിയിരുന്നു. 7.5 , 6 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂകമ്പത്തില്‍ 20,426 പേര്‍ക്ക് പരിക്കേറ്റതായും 5,775 കെട്ടിടങ്ങള്‍ തകര്‍ന്നതായും തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
ശൈത്യം കഠിനമായതോടെ റോഡ് മാര്‍ഗമുള്ള യാത്ര രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. രണ്ട് രാജ്യങ്ങളില്‍ കൂടി 2.3 പേര്‍ ദുരിതബാധിതരാണെന്നാണ് ലോകാര്യ സംഘടന അറിയിക്കുന്നത്. ഇതില്‍ 14 ലക്ഷത്തോളം കുട്ടികളും ഉള്‍പ്പെടുന്നു. തുര്‍ക്കിയിലെ പത്ത് പ്രവിശ്യകാളാണ് ദുരിതബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications