തുർക്കി ഭൂകമ്പം; സഹായവുമായി പോയ ഇന്ത്യൻ വിമാനത്തിന് വ്യോമ പാത നിഷേധിച്ച് പാക്കിസ്ഥാൻ
ഭൂകമ്പം തകർത്ത തുർക്കിയിലേക്ക് ദുരിതാശ്വാസ സംഘവുമായി പോയ ഇന്ത്യൻ വിമാനത്തിന് വ്യോമ പാത നിഷേധിച്ച് പാകിസ്ഥാൻ. എൻഡിആർഎഫ് സംഘത്തേയും മറ്റ് ദുരിതാശ്വാസ സാമഗ്രികളുമായി ഉത്തർപ്രദേശിൽ നിന്നും പുറപ്പെട്ട വിമാനത്തിനാണ് വ്യോമപാത നിഷേധിച്ചത്. ഇതോടെ വിമാനം വഴി തിരിച്ചു വിടാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി. അതേസമയം വിമാനം തുർക്കിയിൽ എത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി.
50-ലധികം എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വ സാമഗ്രികൾ എന്നിവയുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ എത്തി', മന്ത്രി ട്വീറ്റിൽ പറഞ്ഞു. ഈ വെല്ലുവിളി നിറഞ്ഞ നിമിഷത്തിൽ ഇന്ത്യ തുർക്കിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

ഗാസിയാബാദ് ആസ്ഥാനമായുള്ള രണ്ട് ടീമുകളിൽ നിന്നുള്ള 101 എൻഡിആർഎഫ് അംഗങ്ങളെയാണ് തുർക്കിയിലേക്ക് ഇന്ത്യ അയക്കുന്നത്. ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 89 അംഗങ്ങളാണ് മെഡിക്കൽ സംഘത്തിൽ ഉള്ളത്. എക്സ്-റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ്, കാർഡിയാക് മോണിറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ മെഡിക്കൽ സംഘം സജ്ജമാക്കിയിട്ടുണ്ട്.
രണ്ട് ഐഎഎഫ് സി -17 വിമാനങ്ങൾ കൂടി ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യ തുർക്കിയിലേക്ക് അയയ്ക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം ഇന്ത്യയുടെ സഹായത്തിന് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ നന്ദി അറിയിച്ചു. യുകെ, ഫ്രാൻസ്, ജർമ്മനി, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications