പാകിസ്താന് ഇറങ്ങി; തുര്‍ക്കി പാര്‍ലമെന്റ് കുരുക്കില്‍, 'സൗദിയുടെ പ്രശ്നം എങ്ങനെ നമ്മുടേതാകും'
സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്തമായി ഒപ്പുവെച്ച മക്ക കരാറിന്റെ സാധുത ചോദ്യം ചെയ്ത് തുര്‍ക്കിയിലെ പ്രതിപക്ഷം. കരാറിന്റെ ഭാഗമായി പാകിസ്താന് സൗദി അറേബ്യയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സമാനമായ നീക്കം തുര്‍ക്കിയും നടത്താന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. എന്നാല്‍ ഇതെങ്ങനെ സാധിക്കുമെന്ന് തുര്‍ക്കിയിലെ പ്രതിപക്ഷം ചോദിക്കുന്നു.
പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അംഗീകാരം നേടുകയും വേണം. അല്ലാതെ ഏകപക്ഷീയമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പ്രധാന പ്രതിപക്ഷമായ ന്യൂ നാര്ട്ടി നേതാവ് ഉസ്ഗുര് ഓസെല്‍ പറയുന്നു. പ്രതിപക്ഷ എംപിയായ നമിക് തനും സമാനമായ അഭിപ്രായം മുന്നോട്ട് വെച്ചു. അതേസമയം, പ്രതിപക്ഷം സജീവ ചര്‍ച്ചയാക്കുന്നതിന് മുമ്പ് വരുംദിവസങ്ങളില്‍ തന്നെ മക്ക കരാര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കാനാണ് എകെ പാര്‍ട്ടിയുടെ നീക്കം.

സൗദി അറേബ്യയും പാകിസ്താനുമാണ് ആദ്യം പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. പിന്നീട് തുര്‍ക്കി കൂടി ചേര്‍ന്ന് മക്കയില്‍ വെച്ച് പുതിയ ഉടമ്പടിയിലെത്തി. ഇതാണ് മക്ക കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചത് കരാര്‍ ആണോ ധാരണാപത്രമാണോ എന്ന് തുര്‍ക്കി പ്രതിപക്ഷം ചോദിക്കുന്നു. വിദേശരാജ്യങ്ങളുമായി സര്‍ക്കാര്‍ ഒപ്പുവെക്കുന്ന കരാറുകള്‍ പാര്‍ലമെന്റിന്റെ അനുമതയോടെ വേണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഈ മാസം അഞ്ചിന് റിയാദില്‍ സൗദി, തുര്‍ക്കി, പാകിസ്താന് പ്രതിനിധികള്‍ യോഗം ചേര്‍ന്നിരുന്നു. സൗദി അറേബ്യയില്‍ സൈനികരെ വിന്യസിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഹൂതികളുടെ ഭീഷണി നേരിടുന്ന സൗദി അറേബ്യക്ക് സംരക്ഷണം ഒരുക്കാനാണ് സൈനിക വിന്യാസം. തങ്ങള്‍ സൈനികരെ വിന്യസിച്ചു എന്ന് പാക് സൈനിക ഉദ്യോഗസ്ഥര്‍ ഇന്നലെ പറഞ്ഞു.
സാങ്കേതിക സഹായം, ആയുധ സഹായം എന്നിവയാണ് തുര്‍ക്കി നല്‍കുക എന്നാണ് വിവരം. ഇതിനൊപ്പം സൗദിയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണം തടയുകയും ചെയ്യും. എന്നാല്‍ യമനുമായി തുര്‍ക്കിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് തുര്‍ക്കിയിലെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സൗദിയുടെ പ്രശ്നം നമ്മുടെ പ്രശ്നമാകുന്നത് എങ്ങനെ എന്നും ഓസ്ഗുര് ഓസെല്‍ ചോദിച്ചു.
പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ സൈനികരെ വിന്യസിക്കാമെന്ന് തുര്‍ക്കി സര്‍ക്കാര്‍ സൗദിക്ക് വാക്ക് നല്കാന് പാടില്ലായിരുന്നു എന്നും പ്രതിപക്ഷം പറയുന്നു. സൈനികരെ അയക്കാന്‍ തുര്‍ക്കിക്ക് പദ്ധതിയുണ്ടെന്ന് തുര്‍ക്കി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധ വിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തുര്‍ക്കി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലെ തന്ത്ര പ്രധാന നഗരങ്ങളും ഊര്‍ജ കേന്ദ്രങ്ങളും സംരക്ഷിക്കുകയാണ് തുര്‍ക്കിയുടെ ദൗത്യമത്രെ.


Click it and Unblock the Notifications
