ഖത്തറിനെതിരെ വീണ്ടും റിപ്പോര്‍ട്ടുകള്‍; സമവായ ശ്രമങ്ങള്‍ പൊളിക്കാന്‍ നീക്കം? ഭീകരരും നൂറ് കോടിയും
ദോഹ: ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞവര്‍ഷം ജൂണിലാണ്. ഖത്തര്‍ ഭീകരരെ സഹായിക്കുന്നുവെന്നും പണം കൈമാറുന്നുവെന്നുമായിരുന്നു ആരോപണങ്ങളില്‍ ചിലത്. ഇക്കാര്യം ശരിവയ്ക്കുന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സമാനമായ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ ഗൂഢനീക്കങ്ങളുണ്ടോ എന്ന സംശയം സ്വാഭാവികമായും ഉയരാം.
കാരണം ഗള്‍ഫ് മേഖലയില്‍ ഐക്യത്തിന്റെ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ശത്രുത വളര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി വരിക. ഖത്തര്‍ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് പണം നല്‍കിയെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. ചോര്‍ന്ന് കിട്ടിയ ഖത്തറിന്റെ ചില രേഖകളില്‍ നിന്നാണ് വിവരം ലഭിച്ചതെന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ വാര്‍ത്തകളെ സംബന്ധിച്ച ഒരു നിരീക്ഷണം...

കഴിഞ്ഞ ഏപ്രിലില്‍
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്നുവെന്ന് പറയുന്ന സംഭവമാണ് ഇപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജകുടുംബത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ള 25 ഖത്തറുകാരെ ഇറാഖില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ മോചിപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം കോടികള്‍ ഭീകരവാദികള്‍ക്ക് നല്‍കിയെന്നാണ് വാര്‍ത്ത.

തുര്‍ക്കിയുടെ റോള്‍
ഒന്നില്‍കൂടുതല്‍ ഭീകരവാദി സംഘങ്ങള്‍ക്കാണ് ഖത്തര്‍ പണം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 100 കോടിയിലധികം ഡോളര്‍ കൈമാറിയ ശേഷമാണ് ഖത്തറുകാരെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ഇടപാടുകള്‍ക്ക് മധ്യസ്ഥം വഹിച്ചത് തുര്‍ക്കിയാണെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.

തുര്‍ക്കി വരുന്നത് ഇപ്പോള്‍
വാഷിങ്ടണ്‍ പോസ്റ്റിന് വേണ്ടി ജോബി വാറിക് ആണ് ഇതുമായി ബന്ധപ്പെട്ട ലേഖനം എഴുതിയിരിക്കുന്നത്. ഈ സംഭവം നേരത്തെ വാര്‍ത്തകളില്‍ വന്നതാണ്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ഈ വിവരം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്ന് തുര്‍ക്കിയുടെ പങ്ക് റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നില്ല.

സഹായിക്കാന്‍ വന്നവര്‍
ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഖത്തറിനെ സഹായിക്കാന്‍ ആദ്യമെത്തിയ രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. തുര്‍ക്കിയെ കൂടി ഭീകരരുമായി ബന്ധമുള്ള വിഷയത്തിലേക്ക് ഉള്‍പ്പെടുത്തിയാണ് ഇപ്പോഴത്തെ ലേഖനം. ഇറാഖിലെ ഖത്തര്‍ അംബാസഡറായിരുന്ന സയിദ് ബിന്‍ സഈദ് അല്‍ ഖയാരീന്‍ അയച്ച സന്ദേശം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

മൂന്ന് സംഘങ്ങള്‍
മൂന്ന് സംഘങ്ങളാണ് ഖത്തറുകാരെ തട്ടിക്കൊണ്ടുപോയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ടത്രെ. സിറിയയിലെ ഒരു സംഘം, ലബ്‌നാനിലെ ഹിസ്ബുല്ല, ഇറാഖിലെ ഖതൈബ് ഹിസ്ബുല്ല എന്നീ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സയദിന്റെ സന്ദേശത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാം കള്ളന്‍മാര്‍
എല്ലാവരും പണം ആവശ്യപ്പെടുന്നു. ഇപ്പോള്‍ അവരുടെ അവസരമാണ്. എല്ലാം കള്ളന്‍മാരാണ് എന്നും സന്ദേശത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഖത്തറുകാരെ മോചിപ്പിക്കുന്ന വിഷയത്തില്‍ ഭീകരരും വിദേശരാജ്യങ്ങളുമടക്കം ആറ് വിഭാഗം ആളുകള്‍ ഇടപെട്ടിരുന്നു.

വേട്ടയ്ക്ക് പോയവര്‍
25 ഖത്തറുകാരുടെ ജീവന്‍ രക്ഷിക്കാന്‍ ഖത്തര്‍ ഭരണകൂടം ഒടുവില്‍ പണം കൈമാറി. തെക്കന്‍ ഇറാഖിലേക്ക് വേട്ടയ്ക്ക് പോയ ഖത്തറുകാരാണ് ഭീകരരുടെ പിടിയില്‍ അകപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖത്തറിനെ പണം കൈമാറാന്‍ പ്രേരിപ്പിച്ചത് മൂന്ന് രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തം ആറ് ശക്തികള്‍
ഇറാന്‍, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് പണം കൈമാറാന്‍ പ്രേരിപ്പിച്ചത്. കൂടാതെ ലബ്‌നാനിലെ ഹിസ്ബുല്ല, അല്‍ നുസ്‌റ ഉള്‍പ്പെടെ രണ്ട് സിറിയന്‍ വിമത സംഘങ്ങളും ഇറാഖിലെ സായുധ സംഘങ്ങളും ഖത്തറില്‍ നിന്ന് പണം കൈക്കലാക്കാന്‍ ശ്രമിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 100 കോടി രൂപയാണ് വ്യത്യസ്ത വഴികളിലൂടെ ഭീകരര്‍ക്ക് ലഭിച്ചതെന്നും വാഷിങ്ടണ്‍ പോസ്റ്റില്‍ പറയുന്നു.

ഖത്തര്‍ നിലപാട്
മോചനത്തിന് വേണ്ടി വിവിധ രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെന്ന് ഖത്തര്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പണം കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ തള്ളിയതാണ്. ഖത്തര്‍ നയതന്ത്ര പ്രതിനിധികളും മറ്റുള്ളവരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ രേഖകളും പത്രം പുറത്തുവിട്ടിട്ടുണ്ട്.

23 ബാഗുകളില്‍ പണം
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഖത്തര്‍ പ്രതിനിധികള്‍ ഇറാഖിലെത്തിയപ്പോള്‍ 23 ബാഗുകളില്‍ പണം കൊണ്ടുവന്നുവെന്ന് നേരത്തെ ബ്രിട്ടനിലെ ഇന്‍ഡിപെന്റന്റ് പത്രം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇത് ഭീകരരുമായി ബന്ധമില്ലെന്നും ഇറാഖ് ഭരണകൂടം ബന്ദികളെ മോചിപ്പിക്കുന്നതിന് നല്‍കിയ പിന്തുണയ്ക്ക് പ്രത്യുപകാരമായി അവര്‍ക്ക് നല്‍കിയതാണെന്നും ഖത്തര്‍ പ്രതികരിക്കുകയുമുണ്ടായി.

പുതിയ സാഹചര്യം
ഇപ്പോള്‍ അമേരിക്ക ഗള്‍ഫിലെ വിഷയത്തില്‍ സ്വരം കടുപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഭിന്നിച്ചുനില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും ഐക്യപ്പെടണമെന്നുമാണ് സൗദിയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കുവൈത്തും ചില സമവായ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഖത്തറിനെ പ്രതികൂട്ടിലാക്കുക
ഈ സാഹചര്യത്തിലാണ് ഖത്തറിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്. പഴയതില്‍ നിന്ന് വ്യത്യസ്തമായ ഒന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ ഇല്ല. എന്തിനാണ് ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന ചോദ്യം ബാക്കിയാകുകയാണ്. അവിടെയാണ് ഗള്‍ഫ് ഐക്യത്തിന് തടസം നില്‍ക്കുന്ന ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ബാക്കിയാകുന്നത്.












Click it and Unblock the Notifications