സിറിയയില്‍ റഷ്യയും തുര്‍ക്കിയും ഇറാനും പിടിമുറുക്കുന്നു; ഇന്ന് സംയുക്ത യോഗം
അങ്കാറ: വര്‍ഷങ്ങളായി തുടരുന്ന സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച യോഗം ചേരും. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ യോഗത്തിനായി അങ്കാറയില്‍ എത്തിച്ചേര്‍ന്നു. ഇതുരണ്ടാം തവണയാണ് സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മൂന്ന് നേതാക്കളും യോഗം ചേരുന്നത്. സിറിയന്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് മൂന്ന് രാഷ്ട്ര നേതാക്കള്‍ സമ്മേളിക്കുന്നത്.
ഗാസ വെടിവയ്പ്പ് നിയമവിരുദ്ധമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്; ഇസ്രായേല്‍ നടപടി മനപ്പൂര്‍വം
റഷ്യയും ഇറാനും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്നവരാണെങ്കിലും തുര്‍ക്കി ഫ്രീ സിറിയന്‍ ആര്‍മിയെന്ന സിറിയന്‍ വിമതര്‍ക്കാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ തുര്‍ക്കിക്ക് സാധിച്ചിരുന്നു. ഈ മൂന്ന് രാജ്യങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം അസ്താനയില്‍ നടന്ന ചര്‍ച്ചകളിലാണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്.

സിറിയന്‍ പ്രതിസന്ധി പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് താല്‍പര്യമുള്ള ഈ മൂന്ന് രാജ്യങ്ങള്‍ക്കും മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ കാര്യത്തിലും ഒരേ നിലപാടാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിറിയയുടെ ചിലഭാഗങ്ങളില്‍ കുര്‍ദുകള്‍ അടങ്ങുന്ന വിമത സൈനികര്‍ക്കൊപ്പം അമേരിക്കന്‍ സൈന്യം പോരാടുന്നതെങ്കിലും സിറിയന്‍ ഭരണ കൂടത്തെ അസ്ഥിരപ്പെടുത്തുകയെന്ന സമീപനമാണ് അവര്‍ക്കുള്ളത്.
സിറിയയുടെ പ്രദേശങ്ങള്‍ വിമതരുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് അമേരിക്ക ശ്രമിക്കുന്നത്. തങ്ങള്‍ ഭീകരരെന്ന് കരുതുന്ന കുര്‍ദ് പോരാളികളുമായി സഹകരിച്ചുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്കെതിരേ തുര്‍ക്കി ശക്തമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കയുടെ സഖ്യകക്ഷിയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (വൈ.പി.ജി) എന്ന കുര്‍ദ് പോരാളി വിഭാഗത്തില്‍ നിന്ന് തുര്‍ക്കിയോട് ചേര്‍ന്നുകിടക്കുന്ന സിറിയയിലെ അഫ്രിന്‍ പ്രദേശം തുര്‍ക്കി സൈന്യം പിടിച്ചെടുത്തിരുന്നു.
തങ്ങള്‍ക്കിടയിലെ അഭിപ്രായം മാറ്റിവച്ച് സിറിയയുടെ നിയന്ത്രണം പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് തിരിച്ചുനല്‍കുകയെന്നതാണ് ഈ മൂന്ന് രാഷ്ട്രങ്ങളും ലക്ഷ്യമിടുന്നത്. റഷ്യന്‍ സൈനികരുടെ സഹായത്തോടെ തലസ്ഥാനമായ ദമസ്‌ക്കസിന് അടുത്തുകിടക്കുന്ന കിഴക്കന്‍ ഗൗത്ത പ്രദേശങ്ങളിലേറെയും വിമതപോരാളികളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യത്തിന് സാധിച്ചിരുന്നു.












Click it and Unblock the Notifications