കശ്മീരില്‍ വേണ്ടത് സ്ഥിരമായ സമാധാനം; യുഎന്‍ വേദിയില്‍ വീണ്ടും ഇന്ത്യയെ കൊട്ടി എര്‍ദോഗാന്‍
ജനീവ: കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. ചൊവ്വാഴ്ച യുഎന്‍ ജനറല്‍ അസംബ്ലി (യു എന്‍ ജി എ) സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് എര്‍ദോഗന്‍ കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും കഴിഞ്ഞിട്ടില്ലെന്ന് എര്‍ദോഗന്‍ പറഞ്ഞു.
ഉന്നതതല യോഗത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്ത തുര്‍ക്കി പ്രസിഡന്റ് കശ്മീരില്‍ സ്ഥിരമായ സമാധാനം പ്രതീക്ഷിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു. 75 വര്‍ഷം മുമ്പ് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും സ്ഥാപിച്ചതിന് ശേഷവും പരസ്പരം സമാധാനവും ഐക്യദാര്‍ഢ്യവും സ്ഥാപിച്ചിട്ടില്ല. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്.

കശ്മീരില്‍ ന്യായവും ശാശ്വതവുമായ സമാധാനവും സമൃദ്ധിയും സ്ഥാപിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം പൊതു സംവാദത്തില്‍ പറഞ്ഞു. ഉസ്ബെക്കിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് എര്‍ദോഗന്റെ അഭിപ്രായം.

Image Credit: Narendra Modi@Twitter
ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ ശ്രേണിയും അവലോകനം ചെയ്യുകയും വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കശ്മീരിനെ കുറിച്ചുള്ള എര്‍ദോഗന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

യുഎന്‍ജിഎ സെഷനുകളില്‍ നടത്തിയ പ്രസംഗത്തില്‍ തുര്‍ക്കി നേതാവ് കശ്മീരിനെക്കുറിച്ച് വിവിധ അവസരങ്ങളില്‍ പരാമര്‍ശിച്ചതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായത്. പാകിസ്ഥാനുമായുള്ള തുര്‍ക്കിയുടെ അടുത്ത ബന്ധമാണ് ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്. 2020 ല്‍, ഇസ്ലാമാബാദ് സന്ദര്‍ശന വേളയില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ വഷളായി കൊണ്ടിരിക്കുകയാണെന്ന് എര്‍ദോഗന്‍ പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് ഇന്ത്യ, തുര്‍ക്കി അംബാസഡറെ വിളിച്ചുവരുത്തി നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍.

അതേസമയം തുര്‍ക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും സ്വന്തം നയങ്ങളെ കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കാനും പഠിക്കണം എന്നായിരുന്നു ഇന്ത്യ പ്രതികരിച്ചത്. എര്‍ദോഗന്റെ പരാമര്‍ശം തികച്ചും അസ്വീകാര്യമാണ് എന്നും ഇന്ത്യ പറഞ്ഞിരുന്നു.












Click it and Unblock the Notifications