തുർക്കി-സിറിയ ഭൂകമ്പം; മരണ സംഖ്യ 4300 കടന്നു, 20,000 വരെ ആയേക്കാമെന്ന് മുന്നറിയിപ്പ്

ഇസ്താംബൂൾ: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2921 പേരാണ് മരിച്ചത്. മരണസംഖ്യ കുത്തനെ ഉയർന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇനിയും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചെ 4.17 നായിരുന്നു തുർക്കിയേയും സിറിയയേയും വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ഉണ്ടായത്. 7.8 തീവ്രതായിരുന്നു രേഖപ്പെടുത്തിയത്. ആളുകൾ ഉറക്കത്തിലായതിനാൽ തന്നെ ദുരന്തത്തിന്റെ വ്യാപ്തി കൂടി.'ലോകാവസാനമാണെന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഇതുപോലൊരു അനുഭവം ഇതാദ്യമായിട്ടായിരുന്നു', പ്രദേശവാസിയായ മെലിസ സൽമാൻ പറഞ്ഞു. അതേസമയം ആദ്യ ഭൂചലനത്തിന് ശേഷം രണ്ട് തുടർ ഭൂചലനങ്ങളും ഉണ്ടായിയിരുന്നു. 7.5 , 6 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയത്. ഇനിയും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ദുരന്തനിരവാരണ ഏജൻസികളുടെ മുന്നറിയിപ്പ്.

തുർക്കിയിൽ ഇതുവരെ 14,000 പേർക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. കുറഞ്ഞത് 3,411 പേർക്ക് പരിക്കേറ്റതായി സിറിയയും വ്യക്തമാക്കി.
അതേസമയം മരണസംഖ്യ 20,000ത്തോളം ആയേക്കുമെന്നാണ് ലോകരോഗ്യ സംഘടന നൽകുന്ന മുനന്റിയിപ്പ്.
11 വർഷത്തിലേറെയായി യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന സിറിയൻ പ്രദേശങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റഷ്യ നാവിക സൗകര്യം പാട്ടത്തിനെടുത്ത സ്ഥലങ്ങളായ അലപ്പോ, ലതാകിയ, ഹമ, ടാർട്ടസ് എന്നീ പ്രവിശ്യകളിൽ വലിയ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയിൽ കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സിവിൽ ഡിഫൻസ് സേനയും അറിയിച്ചു.

മുൻകരുതലെന്ന നിലയിൽ പ്രദേശത്തുടനീളമുള്ള പ്രകൃതിവാതകവും വൈദ്യുതി വിതരണവും ഉദ്യോഗസ്ഥർ വിച്ഛേദിക്കുകയും രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.തുർക്കിയിൽ രണ്ടായിരം വർഷത്തോളം പഴക്കമുള്ള ചരിത്രസ്മാരകങ്ങളും ഭൂചലനത്തിൽ നിലംപൊത്തി.വടക്കുപടിഞ്ഞാറൻ സിറിയയിൽ ഐ എസ് ഐ എസ് തടവുകാരെ പാർപ്പിച്ച ജയിലും ഭൂകമ്പത്തിൽ നിലംപൊത്തി. ഇവിടെ 20 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
അതേസമയം ദുരന്തമേഖലയിലേക്ക് കൂടുതൽ സഹായങ്ങളുമായി അമേരിക്ക, യൂറോപ്യൻ യൂണിയൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി. വിനാശകരമായ ഭൂകമ്പത്തിൽ നിന്ന് കരകയറാൻ ആവശ്യമായ എല്ലാ സഹായവും അമേരിക്ക അയയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ തുർക്കി പ്രസിഡന്റിനെ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ മേഖലയാണ് തുർക്കി.
1939-ൽ 33,000 പേരുടെ മരണത്തിനിടയാക്കിയ എർസിങ്കൻ ഭൂകമ്പത്തിനുശേഷം തുർക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്.












Click it and Unblock the Notifications