നല്ല ഭംഗിയുണ്ട്, പുകവലി നിര്‍ത്തണം; മെലോനിയെ ഉപദേശിച്ച് തുര്‍ക്കി പ്രസിഡന്റ്, ഇടപെട്ട് മക്രോണ്‍
കെയ്‌റോ: ഈജിപ്തില്‍ ലോക നേതാക്കള്‍ കഴിഞ്ഞ ദിവസം സംഗമിച്ചത് പ്രധാന വാര്‍ത്തയായിരുന്നു. പശ്ചിമേഷ്യയിലെ സമാധാനമായിരുന്നു ലക്ഷ്യം. കരാര്‍ ഒപ്പുവച്ച നേതാക്കള്‍ക്കിടയിലെ കുശലാന്വേഷണവും സംഭാഷണവുമെല്ലാം വൈറലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനെ പുകഴ്ത്തിയതും അദ്ദേഹം തിരിച്ചു പ്രശംസിച്ചതുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.
അതിനിടെയാണ് ഷറമുഷൈഖില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ കൂടുതല്‍ തിളങ്ങിയത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ആണ് എന്ന വാര്‍ത്തകള്‍. അവരുടെ അഭിവാന്ദ്യം ചെയ്യുന്ന രീതിയും മുഖഭാവങ്ങളുമെല്ലാം പലപ്പോഴും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തവണ മെലോനിയോട് തുര്‍ക്കി പ്രസിഡന്റ് സംസാരിച്ചതും ഫ്രഞ്ച് പ്രസിഡന്റ് ഇടപെട്ടതുമെല്ലാം രസകരമാണ്....

മെലോനിയെ അഭിവാദ്യം ചെയ്ത ഉര്‍ദുഗാന്‍, താങ്കള്‍ വിമാനം ഇറങ്ങി വരുന്നത് കണ്ടിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. താങ്കളെ കാണാന്‍ നല്ല ഭംഗിയുണ്ട്. എന്നാല്‍ പുകവലിക്കുന്ന ശീലം ഒഴിവാക്കണം എന്നായിരുന്നു ഉര്‍ദുഗാന്റെ ഉപദേശം. ഇരുവരുടെയും സംസാരത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇടപെട്ടു.
മെലോനിക്ക് പുകവലി നിര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല എന്നായിരുന്നു ഇമ്മാനുവല്‍ മക്രോണിന്റെ പ്രതികരണം. ഇതോടെ എല്ലാവരുടെയും മുഖത്ത് ചിരി പടര്‍ന്നു. പുകവലിയുടെ പ്രശ്‌നങ്ങള്‍ തനിക്കറിയാമെന്നും ആരെയും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മെലോനിയുടെ മറുപടി. മൂവരും സംസാരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.
നേരത്തെ ചെയ്ന്‍ സ്‌മോക്കറായി അറിയപ്പെട്ട വ്യക്തിയാണ് ജോര്‍ജിയ മെലോനി. എന്നാല്‍ പിന്നീട് അവര്‍ പുകവലി നിര്‍ത്തി. 13 വര്‍ഷത്തോളം തൊട്ടില്ല. ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജോര്‍ജിയ മെലോനി തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തിനിടെ വിശദീകരിച്ചത്. മെലോനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.
സമാധാന ചര്‍ച്ചയുടെ അനന്തരം ഇങ്ങനെ
ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തിന് അന്ത്യം കുറിച്ച് അമേരിക്ക മുന്നോട്ട് വച്ച സമാധാന കരാര്‍ ചര്‍ച്ച ചെയ്യാനാണ് ലോക നേതാക്കള്‍ ഈജിപ്തിലെ ഷറമുഷൈഖില്‍ ഒത്തുകൂടിയത്. നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്ത ശേഷം നേതാക്കള്‍ പിരിഞ്ഞു. എന്നാല്‍ ഇസ്രായേല്‍, ഹമാസ് പ്രതിനിധികള്‍ സമാധാന യോഗത്തില്‍ പങ്കെടുത്തില്ല എന്നതാണ് വിരോധാഭാസം.
അതേസമയം, കരാര്‍ ഭാഗികമായി അംഗീകരിച്ച ഹമാസ് ഇസ്രായേലി ബന്ദികളെ വിട്ടയച്ചു. ഇവരെല്ലാം ഇസ്രായേലില്‍ എത്തി. ഇസ്രായേല്‍ ജയിലുകളിലെ പലസ്തീന്‍ തടവുകാരില്‍ ചിലരെയും വിട്ടയച്ചു. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്നാക്കം പോയി. പലസ്തീന്‍കാര്‍ അവരുടെ വീടുകള്‍ നിന്ന സ്ഥലത്തേക്ക് തിരിച്ചെത്തുന്ന ചിത്രങ്ങളും വൈറലാണ്.












Click it and Unblock the Notifications