ഇന്ത്യയ്ക്ക് ബഹ്റൈന്റെ കൈത്താങ്ങ്: ലിക്വിഡ് ഓക്സിജനുമായി രണ്ട് കപ്പലുകൾ പുറപ്പെടും
മനാമ: കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ. ബഹ്‌റൈനാണ് ഏറ്റവും ഒടുവിൽ രാജ്യത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കുള്ള 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനുമായി രണ്ട് കപ്പലുകളാണ് ഇതോടെ നാളെ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കുന്നത്. ഇതിനായി ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകളാണ് മനാമ തുറമുഖത്ത് എത്തിയത്.
ഓക്‌സിജൻ ലഭ്യമാക്കുന്നതിന് പുറമേ കൂടാതെ വൈദ്യസഹായവും ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചിരുന്നു. രാജ്യത്ത് പ്രതിസന്ധി നിലനിൽക്കുന്നതിനിടെ നേരത്തെ, യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ സൗദി അറേബ്യ വാഗ്ധാനം ചെയ്തതിൽ ആദ്യഘട്ട സഹായം ഇന്ത്യയിലെത്തിയിരുന്നു.

കൊറോണ വൈറസ് കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവ് ഇന്ത്യയെ തകർക്കുകയും ആരോഗ്യസംരക്ഷണ സംവിധാനത്തിന് തന്നെ തിരിച്ചടിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയെത്തേടിയെത്തുന്നത്. ലോകത്തെ പ്രധാന ശക്തികളായ യുഎസ്, റഷ്യ, ഫ്രാൻസ് എന്നിവയുൾപ്പെടെ 40 ഓളം രാജ്യങ്ങൾ അടുത്ത ഏതാനും ആഴ്ചകളിൽ ഇന്ത്യയ്ക്ക് നിർണായക കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ നൽകുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയും പല ലോകരാജ്യങ്ങളിലേക്കും ഇത്തരത്തിൽ പ്രതിസന്ധി മറികടക്കാൻ മരുന്നുൾപ്പെടെയുള്ളവ കയറ്റുമതി ചെയ്തിരുന്നു.
ബ്രിട്ടൻ ഇതിനകം വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും അയയ്ക്കാനുള്ള നീക്കത്തിലാണ്. അതേ സമയം വാക്സിന്റെയും മെഡിക്കൽ ഉപകരങ്ങളുടേയും അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്കുള്ള വിലക്കും യുഎസ് നീക്കിയിരുന്നു, ഇത് കോവിഷീൽഡ് വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ ഇന്ത്യയെ സഹായിക്കും.കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ 100 മില്യൺ ഡോളറിലധികം വിലവരുന്ന സാധനങ്ങൾ അയക്കുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ആശുപത്രികൾ കിടക്കകളും ജീവൻ രക്ഷാ ഉപാധികളായ മെഡിക്കൽ ഉപകരണങ്ങളും കുറവായതിനാൽ, പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നിലവിഷ സംഭാവനകളും ധന സഹായവും വിദേശരാജ്യങ്ങളിൽ നിന്ന് സ്വീകരിക്കുന്നുണ്ട്.
ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications