അമേരിക്കയില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവയ്പ്പ്; രണ്ട് ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. വാഷിങ്ടണിലെ ജൂത മ്യൂസത്തിനു സമീപമാണ് വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.
ആക്രമണത്തില്‍ മരിച്ച എംബസി ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല കൊലപാതകം നടത്തിയത് രണ്ടു പേരാണെന്നാണ് പൊലീസ് മാധ്യമങ്ങള്‍ക്കു കൈമാറിയ വിവരം. ഇവരില്‍ ഒരാള്‍ അറസ്റ്റിലായതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പൊലീസ് പിടിയിലായവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായ ഒരാള്‍ 'ഫ്രീ പാലസ്തീന്‍' എന്ന മുദ്രാവാക്യം മുഴുകിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രക്ഷപ്പെട്ട ഒരു പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

ജൂത മ്യൂസിയത്തില്‍ അമേരിക്ക-ഇസ്രായേല്‍ സഹകരണത്തോടെ, അമേരിക്കന്‍ ജൂത കമ്മിറ്റി ഒരു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അക്രമികള്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്പ്പ് നടത്തിയത്.
എഫ്ബിഐയുടെ വാഷിങ്ടണിലെ ഓഫീസില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയാണ് ആക്രമണം നടന്നത്. ഇത് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. നഗരത്തില്‍ താമസിക്കുന്ന ജൂത സമൂഹവും ആശങ്കയിലാണ്.
ആക്രമണത്തില്‍ ട്രംപ് നടുക്കം രേഖപ്പെടുത്തി. സംഭവത്തെ ഭയാനകം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയില്‍ വിദ്വേഷം വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
'യുഎസില്‍ യഹൂദ വിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. വെറുപ്പിനും തീവ്രവാദത്തിനും അമേരിക്കയില്‍ സ്ഥാനമില്ല. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ഇതു പോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ വളരെ സങ്കടമുണ്ട്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ' - ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
രണ്ട് ഇസ്രായേലി പൗരന്മാരുടെ മരണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അപലപിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ഇസ്രായേല്‍ എംബസികളിലും സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലുള്ള വെടിവയ്പ്പ് സമാധാനം എന്ന പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. പാലസ്തീന്‍ രാഷ്ട്രത്തെ യൂറോപ്യന്‍ രാജ്യങ്ങളടക്കം അംഗീകരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications