ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
ടലഹാസി: അമേരിക്കയിലെ ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഡെപ്യൂട്ടി ഷെരീഫിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പില്‍ പരിക്കേറ്റ ആറ് പേരോളം ടലഹാസി മെമ്മോറിയല്‍ ഹെല്‍ത്ത്‌കെയറില്‍ ചികിത്സയിലാണെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ചയുണ്ടായ കൂട്ട വെടിവയ്പിനെ തുടര്‍ന്ന് ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസ് അടച്ചുപൂട്ടി. വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മരിച്ചവര്‍ വിദ്യാര്‍ത്ഥികളല്ലെന്ന് ക്യാമ്പസ് പൊലീസ് പറഞ്ഞു. പക്ഷേ അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ലിയോണ്‍ കൗണ്ടി ഡെപ്യൂട്ടി ഷെരീഫിന്റെ മകന്‍ 20 വയസുകാരനായ യുവാവാണ് തോക്കുമായി ക്യാമ്പസില്‍ പ്രവേശിച്ച് വെടിയുതിര്‍ത്തത്. ഫീനിക്‌സ് ഐക്‌നര്‍ എന്നാണ് പ്രതിയുടെ പേര്. ഇയാള്‍ ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി തന്നെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 വര്‍ഷത്തിലേറെയായി ഷെരീഫ് ഓഫീസില്‍ ജോലി ചെയ്യുന്ന അമ്മയുടെ സര്‍വീസ് തോക്ക് കൈവശപ്പെടുത്തിയാണ് പ്രതി വെടിവയ്പ് നടത്തിയത്.
ഉച്ചഭക്ഷണ വേളയില്‍ വെടിയൊച്ച മുഴങ്ങിയതോടെ കാമ്പസിലൂടെ വിദ്യാര്‍ത്ഥികളും അധ്യാപകരും തലങ്ങും വിലങ്ങും ഓടി. പത്തോളം വെടിയൊച്ചകള്‍ മുഴങ്ങിയതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. കീഴടങ്ങാനുള്ള നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് പ്രതിക്കു നേരെ പൊലീസ് വെടിയുതിര്‍ത്തു. ഇയാളും ആശുപത്രിയിലാണ്. ക്യാമ്പസിനുള്ള ഭീഷണി ഇല്ലാതാക്കിയെങ്കിലും ചുറ്റുമുള്ള പ്രദേശം കനത്ത പൊലീസ് കാവലിലാണ്.
ടലഹസിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഫ്ളോറിഡയിലെ 12 പൊതു സര്‍വകലാശാലകളില്‍ ഒന്നാണ്. 40,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. വെള്ളിയാഴ്ച വരെ എല്ലാ ക്ലാസുകളും സര്‍വകലാശാല റദ്ദാക്കി. വാരാന്ത്യത്തില്‍ നടക്കാനിരുന്ന കായിക പരിപാടികളും റദ്ദാക്കി.
വൈറ്റ് ഹൗസില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വെടിവയ്പ്പിനെ ലജ്ജാകരം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇതാദ്യമായല്ല ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ് നടക്കുന്നത്. 2015 ല്‍, ഇവിടെ പഠിക്കുന്ന ബിരുദധാരി ലൈബ്രറിയില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് പ്രതിയെ വെടിവച്ചു കൊന്നു. 2007 ല്‍ വിര്‍ജീനിയയിലെ ബ്ലാക്ക്സ്ബര്‍ഗിലെ കൂട്ടക്കൊലയാണ് വെടിവയ്പ്പ് സംഭവങ്ങളില്‍ ഏറ്റവും മാരകം. അന്നത്തെ കൂട്ടക്കൊലയില്‍ 32 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications