യുഎഇ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ദൃഢമാകുന്നു; എല്ലാ ദിവസവും എമിറേറ്റ്‌സ് സര്‍വീസ്
ദുബായ്: കഴിഞ്ഞ വര്‍ഷമാണ് യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അതിന് ശേഷം ഇരുരാജ്യങ്ങളും ഒട്ടേറെ കരാറുകളില്‍ ഒപ്പുവച്ചു. ഇപ്പോള്‍ യുഎഇ വിമാന കമ്പനിയായ എമിറേറ്റ്‌സ് എല്ലാ ദിവസവും ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്-ടെല്‍ അവീവ് വിമാന സര്‍വീസ് ഡിസംബര്‍ ആറിന് ആരംഭിക്കും. ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ സൂചനയാണിത്. ദുബായ് കേന്ദ്രമായുള്ള വിമാന കമ്പനിയാണ് എമിറേറ്റ്‌സ്. ലോകത്തെ പ്രധാന വിമാന കമ്പനികളില്‍ ഒന്നുമാണ്. 120 ലധികം വിമാനത്താവളങ്ങളിലേക്കാണ് എമിറേറ്റ്‌സിന്റെ സര്‍വീസുള്ളത്.
ഉച്ചയ്ക്ക് 2.50ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം 4.25ന് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തും. തിരിച്ച് 6.25ന് പുറപ്പെട്ട് 11.35ന് ദുബായിലെത്തുന്ന വിധമാണ് യാത്രാ ഷെഡ്യൂള്‍. ബോയിങ് 777-300 ഇആര്‍ വിമാനമാണ് സര്‍വീസ് നടത്തുകയെന്ന് എമിറേറ്റ്‌സ് അറിയിച്ചു. മാത്രമല്ല, ലോകത്തെ 30 വിമാനത്താവളങ്ങളില്‍ നിന്നായി ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്നതിനും എമിറേറ്റ്‌സ് ആലോചിക്കുന്നുണ്ട്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്. ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു. വാഷിങ്ടണില്‍ വച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഐക്യകരാര്‍ ഒപ്പുവച്ചു. ഇസ്രായേലിനെ അകറ്റി നിര്‍ത്തിയാണ് മുസ്ലിം രാജ്യങ്ങള്‍ നിലപാടുകള്‍ എടുത്തിരുന്നത്. എന്നാല്‍ ഈ പതിവ് തെറ്റിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. മൂന്നാമത്തെ അറബ് രാജ്യവും. ഈജിപ്തും ജോര്‍ദാനും നേരത്തെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു.
ഹാപ്പി ബര്‍ത്ത്‌ഡേ അമ്മാ... മല്ലിക സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ഇന്ദ്രജിത്തും പൃഥ്വിരാജും
യുഎഇ നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ ബഹ്‌റൈനും ആഫ്രിക്കന്‍ രാജ്യമായ സുഡാനും ബന്ധം സ്ഥാപിച്ചു. കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു. സൗദി അറേബ്യയുടെ പേരും അക്കൂട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ സൗദി ഇക്കാര്യം നിഷേധിച്ചു. എങ്കിലും ഇസ്രായേല്‍ യാത്രയ്ക്ക് വേണ്ടി എയര്‍ ഇന്ത്യ വിമാനത്തിന് സൗദിയുടെ ആകാശ പാത തുറന്നുകൊടുത്തതും വലിയ വാര്‍ത്തയായി.
പലസ്തീനെതിരായ നടപടികള്‍ നിര്‍ത്തിയാല്‍ മാത്രമേ ഇസ്രായേലുമായി സമവായത്തിലെത്തൂ എന്നാണ് സൗദിയുടെ നിലപാട്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന ആലോചനകള്‍ നടക്കുന്നില്ലെന്ന് ഖത്തറും കുവൈത്തും അറിയിക്കുകയും ചെയ്തു. അതിനിടെയാണ് യുഎഇ ഇസ്രായേലുമായി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നത്. ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നിട്ടുണ്ട്. വ്യാപാര ബന്ധങ്ങളും സ്ഥാപിച്ചു. ഇസ്രായേലില്‍ നിന്ന് സാങ്കേതിക വിദ്യകള്‍ യുഎഇ കൂടുതലായി ഇറക്കുമതി ചെയ്യുമെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications