സൗദിയുടെ നീക്കം പൊളിയും; മറുതന്ത്രം പ്രയോഗിച്ച് ഇന്ത്യ... യുഎഇയില്‍ നിന്ന് ഇറക്കുമതി കൂടി
ന്യൂഡല്‍ഹി/റിയാദ്: ഒരു കാലത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. അടുത്തിടെ ഇതില്‍ മാറ്റം വന്നിട്ടുണ്ട്. ജിസിസി രാജ്യങ്ങളെ വിട്ട് ഇന്ത്യ റഷ്യയെ പിടിക്കുകയായിരുന്നു. പ്രതിസന്ധി കാരണം റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ അവസരം ഉപയോഗിച്ചു. എന്നാല്‍ അടുത്തിടെ സൗദി എടുത്ത തീരുമാനം ഇന്ത്യയെ പ്രതിസന്ധിയിലാക്കി.
എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. വിപണിയില്‍ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഉല്‍പ്പാദനം കുറച്ചത്. സൗദിക്ക് പിന്നാലെ റഷ്യയും ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകേണ്ടതാണ്. ഇനിയും സൗദി ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ഇന്ത്യയുടെ മറുനീക്കം.

ആഗസ്റ്റില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ച പിന്നാലെ സെപ്തംബറിലും സൗദി ഉല്‍പ്പാദനം കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി ഉല്‍പ്പാദനം കുറച്ചാല്‍ വിപണിയില്‍ ലഭ്യത കുറയുകയും സ്വാഭാവികമായി വില ഉയരുകയും ചെയ്യും. ഇതിന്റെ അലയൊലി അടുത്തിടെയായി വിപണിയില്‍ പ്രകടമാകുകയും ചെയ്യുന്നുണ്ട്. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 87 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം. ആഴ്ചകള്‍ക്ക് മുമ്പ് 70-75 ഡോളര്‍ ആയിരുന്നു.
അടുത്ത മാസവും ഉല്‍പ്പാദവം സൗദി വെട്ടിക്കുറച്ചാല്‍ വില ഇനിയും ഉയരും. ബാരലിന് 100 ഡോളറിലെത്തിക്കാനാണ് സൗദി ആലോചിക്കുന്നതത്രെ. എണ്ണ വില ഉയര്‍ന്നാല്‍ ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും. കാരണം ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ മറ്റു ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുക എന്നതാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎഇയില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുകയാണ്. ഇന്ത്യയുടെ പുതിയ എണ്ണ ഇറക്കുമതി സംബന്ധിച്ച വോര്‍ട്ടെക്‌സയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 42 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. അതിനു പുറമെ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കൂട്ടുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. ജൂണിലേക്കാള്‍ 76 ശതമാനം വര്‍ധനവാണ് ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്. ജൂണില്‍ 165000 ബാരലാണ് പ്രതിദിനം ഇറക്കിയുന്നതെങ്കില്‍ ജൂലൈയില്‍ 290000 ബാരലായി ഉയര്‍ത്തി.
ഇറാഖില്‍ നിന്ന് 62000 ബാരല്‍ ഓരോ ദിവസവും അധികമായി ഇറക്കുന്നുണ്ട്. ജൂലൈയിലെ കണക്കു പ്രകാരം 891000 ബാലരാണ് ഓരോ ദിവസവും ഇറാഖില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഉല്‍പ്പാദനം കുറച്ചത് കാരണം ഇന്ത്യയിലേക്കുള്ള കയറ്റുമതി സൗദി 33 ശതമാനം കുറച്ചിട്ടുണ്ട്. ജൂലൈയിലെ കണക്കു പ്രകാരം സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനം ഇറക്കിയത് 484000 ബാരല്‍ എണ്ണ മാത്രമാണ്.
ഇന്ത്യ എണ്ണ വാങ്ങുന്ന കണക്ക് പരിശോധിച്ചാല്‍ റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് സൗദി അറേബ്യ. നേരത്തെ സൗദിയില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്നത്. ഇപ്പോള്‍ സൗദി മൂന്നാം സ്ഥാനത്താണ്. യുഎഇയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ കൂട്ടുക കൂടി ചെയ്തതോടെ, സൗദി ഉല്‍പ്പാദനം വെട്ടിക്കുറച്ച് വില ഉയര്‍ത്താന്‍ നടത്തുന്ന നീക്കം ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ല.












Click it and Unblock the Notifications