ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി: യുഎഇക്ക് വന്‍ വീഴ്ച, സൗദി മൂന്നാമത് തന്നെ, അമ്പരപ്പിച്ച് നൈജീരിയ
ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നം സ്ഥാനം തുടർന്ന് റഷ്യ. ഇടയ്ക്ക് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആഗസ്ത് മാസത്തിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ പിന്നിലാക്കിയാണ് റഷ്യ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ റിഫൈനറിമാരുടെ സമ്മർദത്തിന് വഴങ്ങി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ റഷ്യന്‍ കമ്പനികള്‍ തയ്യാറായതാണ് ഇറക്കുമതി വർധനവിന് പിന്നിലെ പ്രധാന കാരണം.
4.15 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് ആഗസ്ത് മാസത്തില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായിരിക്കുന്നത്. 2022 ലെ കണക്കുമായി പരിശോധിക്കുമ്പോള്‍ 114.19% വർധനവാണ് റഷ്യ-ഇന്ത്യ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 2023 ഓഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ മൊത്തത്തിൽ 12.59% ഇടിഞ്ഞ് 11.49 ബില്യൺ ഡോളറിലെത്തിയെങ്കിലും, ഇന്ത്യയിലേക്കുള്ള എണ്ണ വിൽപ്പനയിൽ റഷ്യ ഗണ്യമായ വളർച്ച കൈവരിച്ചു. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ, റഷ്യയുടെ എണ്ണ വിൽപ്പന 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 236.93% ഉയർന്ന് 29.90 ബില്യൺ ഡോളറിലേക്കുമെത്തി.
ആഗസ്തിലെ കണക്കുകള്‍ പ്രകാരം റഷ്യക്ക് പിന്നില്‍ ഇറാഖാണ് രണ്ടാമത് നില്‍ക്കുന്നത്. അതേസമയം ഇറാഖില്‍ നിന്നുള്ള ഇറക്കുമതി 14.75% ഇടിഞ്ഞ് 2.34 ബില്യൺ ഡോളറിലെത്തി. മുമ്പ് ഇന്ത്യയിലേക്കുള്ള പ്രബല വിതരണക്കാരായിരുന്ന സൗദി അറേബ്യയുടെ ഓഗസ്റ്റിലെ വിൽപ്പന 29.40% കുറഞ്ഞ് 2.07 ബില്യൺ ഡോളറായി. മറ്റൊരു പ്രധാന വിതരണക്കാരായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഓഗസ്റ്റിലെ വിൽപ്പനയിൽ 61.60% ഇടിവാണ് രേഖപ്പെടുത്തിയത്. 542.67 മില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് ഈ കാലയളവില്‍ യു എ ഇയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
അതേസമയം നൈജീരിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 2023 ഓഗസ്റ്റിൽ 36% വർദ്ധിച്ച് 501.64 മില്യൺ ഡോളറിലെത്തി. ഖത്തറിന്റെ ഇറക്കുമതിയും ഓഗസ്റ്റിൽ 137.81 ശതമാനം ഉയർന്ന് 125.72 മില്യൺ ഡോളറിലെത്തിയിട്ടുണ്ട്. മൊത്തത്തിൽ, 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി 34.23% ഉയർന്ന് 92.37 ബില്യൺ ഡോളറിലെത്തി. 2022 ലെ ഇതേ കാലയളവിൽ 68.81 ബില്യൺ ഡോളറിന്റെ ഇറക്കുമതിയായിരുന്നു ഇന്ത്യ നടത്തിയത്.
അതേസമയം, ഇസ്രായേല്‍ - ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട് വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ 91 ഡോളറിലാണ് ഇപ്പോൾ അസംസ്കൃത എണ്ണയുടെ വില്‍പ്പന. എന്നാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലും കേരളത്തില്‍ എണ്ണ വിലയിലും മാറ്റമൊന്നുമില്ല.












Click it and Unblock the Notifications