യുഎഇയെ പിടിച്ച് റിലയന്‍സ്; മര്‍ബണ്‍ ക്രൂഡ് വരും, ഒരുമുഴം മുമ്പേ എറിഞ്ഞ് മുകേഷ് അംബാനി
റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അമേരിക്കയും നാറ്റോയും. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് റഷ്യയുടെ എണ്ണയാണ്. ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനികളായ റിലയന്‍സും നയാരയും ഇറക്കുന്ന പകുതിയും റഷ്യയില്‍ നിന്നാണ്. അമേരിക്കയുടെ ഉപരോധ ഭീഷണിയുള്ളതിനാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
റഷ്യയുടെ എണ്ണ വില കുറച്ച് ലഭിക്കുന്നതു കൊണ്ടാണ് ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ വാങ്ങുന്നത്. ഇത് ആഭ്യന്തരമായ നേട്ടത്തിന് പുറമെ ക്രൂഡ് സംസ്‌കരിച്ച് ഇന്ധനമാക്കി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത് സാമ്പത്തിക നേട്ടവും ഇന്ത്യന്‍ കമ്പനികള്‍ ഉണ്ടാക്കുന്നുണ്ട്. അതിനിടെയാണ് യൂറോപ്യന്‍ യൂണിയന്റെത് ഉള്‍പ്പെടെയുള്ള ഉപരോധ ഭീഷണി വന്നിരിക്കുന്നത്. ഈ വേളയില്‍ അടവ് മാറ്റുകയാണ് റിലയന്‍സ്.

ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നിങ്ങനെ പോകുന്നു. റഷ്യയുടെ എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയത് 2022ന് ശേഷമാണ്. അതുവരെ പ്രധാനമായും ഇറാഖിനെയും സൗദിയെയും യുഎഇയെയുമാണ് ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്നത്. വീണ്ടും ഉപരോധ സാധ്യത തെളിഞ്ഞതോടെ റിലയന്‍സ് യുഎഇയെ ആശ്രയിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
യുഎഇയുടെ മുന്തിയ ഇനം ക്രൂഡ് ഓയിലായ മര്‍ബണ്‍ ആണ് റിലയന്‍സ് വാങ്ങാന്‍ തുടങ്ങിയിരിക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച മര്‍ബണ്‍ ക്രൂഡ് റിലയന്‍സ് വാങ്ങിയത്രെ. റഷ്യയുടെ യുറല്‍ ക്രൂഡിനേക്കാള്‍ വില കൂടുതലാണ് മര്‍ബണ്‍ ക്രൂഡിന്. എന്നിട്ടും കഴിഞ്ഞാഴ്ച റിലയന്‍സ് വാങ്ങിയത് പുതിയ ഉപരോധ ഭീഷണയുടെ സാഹചര്യത്തിലാണ് എന്ന് വിലയിരുത്തുന്നു.
ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയത് റഷ്യയില്‍ നിന്നാണ്. ആവശ്യമുള്ളതിന്റെ 85 ശതമാനം വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഇതില്‍ 35 ശതമാനം റഷ്യയില്‍ നിന്നാണ്. അമേരിക്കയും നാറ്റോയും യൂറോപ്പും ഭീഷണി മുഴക്കിയത് ഇന്ത്യയ്ക്കും ചൈനയ്ക്കും വെല്ലുവിളിയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ല എന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറയുന്നത്. ബദല്‍മാര്‍ഗങ്ങള്‍ ഇന്ത്യയുടെ മുന്നിലുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ 27 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 41 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ റഷ്യയുടെ എണ്ണ നിലച്ചാല്‍ മറ്റുരാജ്യങ്ങളെ ആശ്രയിക്കുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.
റഷ്യയുടെ എണ്ണ നിലയ്ക്കുകയോ ഇറക്കുമതി കുറയുകയോ ചെയ്താല്‍ നേട്ടം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാകും നേട്ടമെന്നാണ് വാര്‍ത്തകള്‍. കാരണം, ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ പശ്ചിമേഷ്യയെ കൂടുതല്‍ ആശ്രയിക്കും. അത് അവര്‍ക്ക് വലിയ നേട്ടമാകുകയും ചെയ്യും.












Click it and Unblock the Notifications