സൗദി അറേബ്യയെ തൊട്ടപ്പോള്‍ യുഎഇയും ഇറങ്ങി: അത് ഒരു റെഡ് ലൈനാണ്; ഇസ്രായേലിന് മറുപടി
സൗദി അറേബ്യയില്‍ പലസ്തീനികള്‍ പുതിയ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി യു എ ഇ. ഒരിക്കലും സ്വീകാര്യമല്ലാത്തതും പ്രകോപനപരവുമായ പ്രസ്താവനയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വ്യക്തമാക്കി. 'അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണ് ഇത്തരമൊരു നിർദേശം' യു എ ഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാർ പറഞ്ഞു.
സൗദി അറേബ്യയ്ക്കുള്ള യു എ ഇയുടെ പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനോടൊപ്പം തന്നെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പരമാധികാരത്തിനും നേരെയുള്ള ഏതൊരു ഭീഷണിക്കെതിരെയും രാജ്യം ഉറച്ചുനിൽക്കും. സൗദിയുടെ പരമാധികാരം ഒരു "റെഡ് ലൈന്‍" ആണെന്നും യുഎഇ "ഒരു കക്ഷിയെയും അത് മറികടക്കാനോ ലംഘിക്കാനോ അനുവദിക്കില്ലെന്നും" അദ്ദേഹം പറഞ്ഞു.

പലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾക്ക് മേലുള്ള ഏതൊരു ലംഘനത്തെയും അല്ലെങ്കിൽ അവരെ കുടിയിറക്കാനുള്ള ശ്രമങ്ങളെയും യു എ ഇ ശക്തമായി എതിർക്കും. മേഖലയിലേക്ക് നടത്തുന്ന കുടിയേറ്റ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവയ്ക്കണം അത്തരം പ്രവർത്തനങ്ങൾ പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാകുകയും സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള സാധ്യതകളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ്.
അന്താരാഷ്ട്ര സമൂഹം, ഐക്യരാഷ്ട്രസഭ, സുരക്ഷാ കൗൺസിൽ എന്നിവ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുകയും വേണം. പലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് യു എ ഇ എക്കാലത്തും ഉറച്ച് നിന്നിട്ടുണ്ട്. സംഘർഷം പരിഹരിക്കുന്നതിനും സ്വതന്ത്രവും പരമാധികാരവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും വിപുലമായ ചർച്ചകള്‍ നടത്തേണ്ടതുണ്ടെന്നും യു എ ഇ മന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രായേലി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിവാദ പ്രസ്താവന. 'സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇസ്രായേലിനുള്ള സുരക്ഷാ ഭീഷണിയാണ് പലസ്തീൻ രാഷ്ട്രം . ഇസ്രായേലിനും സൗദി അറേബ്യയ്ക്കും ഇടയിൽ സമാധാനം സാധ്യമാണെന്ന് മാത്രമല്ല, അത് സംഭവിക്കുമെന്നും ഞാൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാസ ഏറ്റെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു നെതന്യൂവിന്റെ നിർദേശം എന്നതും ശ്രദ്ധേയമാണ്. യുദ്ധത്തില്‍ തകർന്ന ഗാസ ഏറ്റെടുക്കാന്‍ അമേരിക്ക തയ്യാറായാണ്. മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കും. അവശേഷിക്കുന്ന ബോംബുകളെല്ലാം നിർവീര്യമാക്കുമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഗാസയില്‍ വലിയ വികസനം കൊണ്ടുവരും. തൊഴിലുകളും പുതിയ ഭവനങ്ങളും നിർമ്മിക്കുകയും മിഡിൽ ഈസ്റ്റിലെ കടർത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുകയും ചെയ്യും. ആവശ്യപ്പെട്ടാല്‍ ഗാസയിലെ സുരക്ഷക്കായി അമേരിക്കന്‍ സൈന്യത്തെ അയക്കാനും തയ്യാറാണ്. ഗാസ മരണത്തിന്‍റെയും നാശത്തിന്‍റെയും പ്രതീകമായി മാറി. ഗാസയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും ഇവിടെ താമസിക്കുന്നവര്‍ക്കും ഇത് ദുരിതപൂര്‍ണമാണ്. ദീർഘകാലമായി പ്രദേശം ഭാഗ്യമില്ലാത്ത സ്ഥലമായി തുടരുകയാണെന്നും ട്രംപ് പറഞ്ഞു.












Click it and Unblock the Notifications