യുഎഇക്ക് ലോട്ടറി അടിച്ചു; സൗദി, ഇറാഖ്, റഷ്യ മുന്നേറി, ഇന്ത്യന്‍ നയംമാറ്റത്തില്‍ വീണത് അമേരിക്ക
ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണുരുട്ടലില്‍ വീഴാതെ ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിപ്പിച്ചു. മാത്രമല്ല, അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയും ചെയ്തു. മെയ് മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് എണ്ണ ഇറക്കുമതിക്ക് ഇന്ത്യ വൈവിധ്യവല്‍ക്കരണം നടപ്പാക്കി എന്നതാണ്.
യുക്രൈനുമായുള്ള യുദ്ധത്തില്‍ സമവായത്തിന്റെ പാത സ്വീകരിക്കണം എന്നും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചില്ലെങ്കില്‍ ഉപരോധം ശക്തിപ്പെടുത്തും എന്നുമാണ് ട്രംപ് റഷ്യയോട് വ്യക്തമാക്കിയത്. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോടും നിലപാട് കടുപ്പിച്ചിരിക്കുകയാണ് ട്രംപ്. ഇത്തരം ഭീഷണികള്‍ തുടരുന്നതിനിടെയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്.

ഈ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ ഏകദേശം 40 ശതമാനം റഷ്യയില്‍ നിന്നാണ്. ഓരോ ദിവസവും 1.95 ദശലക്ഷം ബാരല്‍ എണ്ണ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങി. ഏപ്രിലില്‍ 1.93 ദശലക്ഷം എണ്ണയായിരുന്നു വാങ്ങിയിരുന്നത്. എവിടെയാണോ കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നത്, അവിടെ നിന്ന് കൂടുതല്‍ വാങ്ങുക എന്ന നയമാണ് കുറച്ചുകാലമായി ഇന്ത്യ സ്വീകരിക്കുന്നത്.
റഷ്യയെ കൂടാതെ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക, നൈജീരിയ, അംഗോള, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം മെയ് മാസത്തില്‍ ഇന്ത്യ എണ്ണ വാങ്ങിയെന്ന് കെപ്ലര്‍ രേഖകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആവശ്യമുള്ളതിന്റെ 90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
വില കുറച്ച് നല്‍കുന്നത് കൊണ്ടാണ് ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. സമാധാന കരാറില്‍ എത്താത്തതിനാല്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ചുമത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അതായത്, റഷ്യയുടെ എണ്ണ കയറ്റുമതി കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്. എന്നിട്ടും ഇന്ത്യ ഇറക്കുമതിയില്‍ കുറവ് വരുത്തിയിട്ടില്ല. നേരത്തെ റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും അമേരിക്ക നടപടി എടുത്തിരുന്നു.
യുഎഇയുടെ എണ്ണ ഇറക്കുമതി വന്‍തോതില്‍ കൂട്ടി
ഇന്ത്യയില്‍ പല എണ്ണ ശുദ്ധീകരണശാലകളിലും അറ്റക്കുറ്റ പണികള്‍ നടക്കുകയാണ്. എന്നിട്ടും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ കുറവ് വരുത്തിയിട്ടില്ല എന്ന് മെയ് മാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ ഓരോ ദിവസവും ഇന്ത്യ വാങ്ങിയത് 4.97 ദശലക്ഷം ബാരലാണ്. ഏപ്രിലില്‍ 4.85 ദശലക്ഷം ബാരലായിരുന്നു. ജാംനഗര്‍ ശുദ്ധീകരണശാലയിലെ പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെയാണ് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്ന രണ്ടാമത്തെ രാജ്യം ഇറാഖ് ആണ്. മെയ് മാസത്തില്‍ ഇറാഖില്‍ നിന്ന് ഓരോ ദിവസവും 10.9 ലക്ഷം ബാരല്‍ എണ്ണയാണ് വാങ്ങിയത്. ഏപ്രിലില്‍ ഇത് 8.35 ലക്ഷം ബാരലായിരുന്നു. സൗദിയില്‍ നിന്ന് ഈ മാസം 5.68 ലക്ഷം ബാരല്‍ വാങ്ങി. ഏപ്രിലില്‍ 5.39 ലക്ഷം ബാരലായിരുന്നു. യുഎഇയില്‍ നിന്ന് ഈ മാസം വാങ്ങിയത് 4.95 ലക്ഷം ബാരലാണ്. ഏപ്രിലില്‍ 2.68 ലക്ഷമായിരുന്നു. യുഎഇയില്‍ നിന്ന് വാങ്ങുന്ന എണ്ണ വന്‍തോതില്‍ കൂട്ടിയിട്ടുണ്ട് എന്ന് ഇതില്‍ നിന്ന് വ്യക്തം.
ഈ മാസം അമേരിക്കയില്‍ നിന്ന് 2.28 ലക്ഷം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും വാങ്ങിയത്. കഴിഞ്ഞ മാസം 3.37 ലക്ഷം ബാരലായിരുന്നു. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് മെയ് മാസത്തില്‍ കുറച്ചിരിക്കുകയാണ്. റഷ്യയില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവ് ഉയര്‍ത്തുന്നതിനൊപ്പം തന്നെ മറ്റു രാജ്യങ്ങളെയും ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications