യുഎഇ പോലീസിനെ വട്ടംകറക്കി പ്രതി; ആറാം മണിക്കൂറില്‍ സംഭവിച്ചത് മറ്റൊന്ന്... കേസിന്റെ ചുരുളഴിഞ്ഞു
ദുബായ്: ലോകത്തെ ഏറ്റവും കാര്യക്ഷമതയും സാങ്കേതിക പിന്തുണയുമുള്ള പോലീസ് സംവിധാനമാണ് യുഎഇയിലേത്. കുറ്റകൃത്യം നടത്തിയവരെ വളരെ പെട്ടെന്ന് പിടികൂടാനുള്ള ദുബായ് പോലീസിന്റെ കഴിവ് പലതവണ തെളിഞ്ഞതാണ്. വളരെ വേഗത്തില്‍ പ്രതിയെ പിടിച്ച അജ്മാന്‍ പോലീസാണ് ഇപ്പോള്‍ യുഎഇ മാധ്യമങ്ങളില്‍ നിറയുന്നത്.
കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതി. എമിറേറ്റ്‌സുകള്‍ മാറി പോലീസിനെ വെട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കുരുക്ക് വീണു. അല്‍ കരാമയില്‍ നിന്നാണ് പോലീസ് പ്രതിയെ പൊക്കിയത്. അജ്മാന്‍ പോലീസിലെ ക്യാപ്റ്റന്‍ അഹമ്മദ് സഈദ് അല്‍ നുഐമി ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. ഒരു ഫോണ്‍ കോള്‍ ആണ് കേസിലേക്ക് നയിച്ചത്.

അജ്മാനിലെ തൊഴിലളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഫോണ്‍ വന്നത്. ബഹളം വയ്ക്കുന്നതും അലറുന്നതുമെല്ലാമാണ് ഫോണില്‍ കേട്ടത്. എന്തോ അപകടം നടന്നുവെന്ന് മനസിലാക്കിയ പോലീസ് ലൊക്കേഷന്‍ പരിശോധിച്ച് സംഭവ സ്ഥലത്തെത്തി. വിശദമായ പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരെ വരുത്തി തെളിവ് ശേഖരിച്ചു.
60 വയസ് പ്രായം തോന്നുന്ന ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത്. സാക്ഷിമൊഴികള്‍ പ്രകാരം 30 വയസില്‍ താഴെയുള്ള മറ്റൊരു ഏഷ്യക്കാരനാണ് പ്രതി എന്ന് പോലീസിന് ബോധ്യപ്പെട്ടു. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. ഇരുവരും ഏറെ നേരം വാഗ്വാദമുണ്ടായതായി മൊഴി ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രതി തടി കഷണം കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കത്തിയെടുത്ത് കുത്തുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. ഇയാളുടെ മൊബൈല്‍ ലൊക്കേഷനും മറ്റും പോലീസ് പിന്തുടര്‍ന്നു. എമിറേറ്റ്‌സുകള്‍ മാറി പോലീസിനെ വെട്ടിക്കാന്‍ പ്രതി ശ്രമിച്ചതാണ് വെല്ലുവിളിയായത്. ഒരിടത്ത് പ്രതിയുണ്ടെന്ന് ഉറപ്പിച്ച് പോലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങി. ഒടുവില്‍ അല്‍ കരാമയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതി കുറ്റമേല്‍ക്കുകയും ചെയ്തു.
കൊലപാതകത്തെ കുറിച്ചുള്ള ഫോണ്‍ വന്ന് ആറാം മണിക്കൂറിലാണ് പ്രതിയെ പിടികൂടിയത്. പോലീസിന്റെ ചടുല നീക്കമാണ് പ്രതിയെ കുരുക്കിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അനിഷ്ട സംഭവത്തിന് സാക്ഷിയായാല്‍ വേഗം പോലീസിനെ വിവരം അറിയിക്കണമെന്ന് അജ്മാന്‍ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications