കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍ രണ്ടായി പിളര്‍ത്താന്‍ യുഎഇ; സൗദിയും യുഎഇയും അടിച്ചുപിരിയുമോ?

  • By Desk
Google Oneindia Malayalam News

സന്‍ആ: തെക്കന്‍ യമന്‍ പ്രദേശങ്ങള്‍ വടക്കന്‍ യമനുമായി ചേര്‍ന്ന് യമന്‍ റിപ്പബ്ലിക്കായി മാറി 27 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യം വീണ്ടും രണ്ടായി പിളരുന്നു? പിന്നില്‍ കോടികളുമായി യു.എ.ഇയാണെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ യമനില്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന യു.എ.ഇ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തെ തന്നെ രണ്ടായി പിളര്‍ത്താനുള്ള ശ്രമത്തിലാണ്.

ഐദ്രൂസ് അല്‍ സുബൈദി പുതിയ നേതാവ്

ഐദ്രൂസ് അല്‍ സുബൈദി പുതിയ നേതാവ്


അദ്ന്‍ കേന്ദ്രനഗരമായ തെക്കന്‍ യമനിലെ പുതിയ നേതാവാണ് 50കാരനായ മിലീഷ്യ തലവന്‍ ഐദ്രൂസ് അല്‍ സുബൈദി. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് യു.എ.ഇയുടെ കളി. ഹൂത്തി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കന്‍ യമനില്‍ നിന്ന് തെക്കന്‍ പ്രദേശങ്ങള്‍ സ്വാതന്ത്ര്യം നേടണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. വിമോചനത്തിലൂടെ പഴയ രാഷ്ട്രത്തെ തിരിച്ചുപിടിക്കാനാണ് ശക്തമായ സൈനിക പിന്തുണയുള്ള ഇദ്ദേഹത്തിന്റെ പദ്ധതി. 2015ല്‍ ഹൂതി സൈന്യത്തെ തെക്കന്‍ യമന്‍ പ്രദേശങ്ങളില്‍ നിന്ന് തുരത്തിയതോടെയാണ് അതുവരെ അറിയപ്പെടാതിരുന്ന സുബൈദി പുതിയ താരമായി ഉയര്‍ന്നത്. പിന്നീട് വിഘടനവാദികളുടെ നേതാവായി മാറി

ഔദ്യോഗിക സര്‍ക്കാര്‍ പേരിന് മാത്രം

ഔദ്യോഗിക സര്‍ക്കാര്‍ പേരിന് മാത്രം

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവിലുണ്ടെങ്കിലും അത് പേരിന് മാത്രമാണിപ്പോള്‍. ഇദ്ദേഹത്തോട് കൂറ് പുലര്‍ത്തിയിരുന്ന സൈന്യം തെക്കന്‍ യമനില്‍ ഇപ്പോള്‍ നിര്‍ജ്ജീവമാണ്. പകരം യു.എ.ഇ സൈനികരാണെവിടെയും. ഇവരോടൊപ്പം യമനി പ്രാദേശിക സായുധ സംഘങ്ങളാണ് സുബൈദിയുടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. ഹാദി ഭരണകൂടം സുബൈദിയെ നേരത്തേ അദ്ന്‍ ഗവര്‍ണറായി നിയമിച്ചിരുന്നുവെങ്കിലും യു.എ.ഇയുമൊത്ത് വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു.

ഹിതപ്പരിശോധന ഉടനെന്ന് സുബൈദി

ഹിതപ്പരിശോധന ഉടനെന്ന് സുബൈദി

യമനില്‍ നിന്ന് വിട്ടുപോരുന്നതിന്റെ മുന്നോടിയായി തെക്കന്‍ പ്രദേശങ്ങളില്‍ ഹിതപ്പരിശോധന ഉടന്‍ നടത്തുമെന്ന് ഐദ്രൂസ് അല്‍ സുബൈദി വെള്ളിയാഴ്ച വ്യക്തമാക്കി. തന്റെ നേതൃത്വത്തിലുള്ള സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലായിരിക്കും മേഖലയില്‍ ഭരണം നടത്തുകയെന്നും തന്റെ ആയിരക്കണക്കിന് അനുയായികളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 303 അംഗങ്ങളുള്ള പാര്‍ലമെന്റ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അംഗീകൃത സര്‍ക്കാര്‍ ഹിതപ്പരിശോധനയ്‌ക്കെതിര്

അംഗീകൃത സര്‍ക്കാര്‍ ഹിതപ്പരിശോധനയ്‌ക്കെതിര്

അതേസമയം അബ്ദുര്‍റബ്ബ് മസൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹിതപ്പരിശോധനയ്‌ക്കെതിരാണ്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ഹാദിക്കെന്ന് 2015 മുതല്‍ റിയാദില്‍ കഴിയുന്ന അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹിതപ്പരിശോധനയെക്കുറിച്ചുള്ള പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും അത് അവഗണിക്കുകയാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് പറഞ്ഞു. അതേസമയം, ഹാദി സര്‍ക്കാരിന്റെ പിന്തുണയില്ലെങ്കിലും ഹിതപ്പരിശോധനാ നീക്കവുമായി മുന്നോട്ടുപോവുമെന്ന് ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ മുതിര്‍ന്ന വക്താവ് മന്‍സൂര്‍ സാലിഹ് വ്യക്തമാക്കി.

യു.എ.ഇയുമായി ഹാദി നേരത്തേ ഉടക്കി

യു.എ.ഇയുമായി ഹാദി നേരത്തേ ഉടക്കി

കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എ.ഇ സൈന്യത്തിന്റെ പിന്തുണയോടെ പ്രാദേശിക സായുധസേന തന്റെ സൈനികരുമായി അദ്ന്‍ വിമാനത്താവളത്തില്‍ നടത്തിയ ഏറ്റുട്ടല്‍ ഹാദിയെ ചൊടിപ്പിച്ചിരുന്നു. വിമാനത്താവളത്തിന്റെ നിയന്ത്രണം ഹാദിയുടെ മകന് വിട്ടുനല്‍കാന്‍ യു.എ.ഇ സൈന്യം വിസമ്മതിച്ചതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് രാജകുമാരനെതിരേ ഹാദി രംഗത്തുവന്നിരുന്നു. വിമോചനത്തിലെ പങ്കാളി എന്നതിനേക്കാള്‍ അധിനിവേശ ശക്തിയെപ്പോലെയാണ് കിരീടാവകാശി പെരുമാറുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സൗദിയുമായി യു.എ.ഇ ഉടക്കുമോ?

സൗദിയുമായി യു.എ.ഇ ഉടക്കുമോ?

തെക്കന്‍ യമന്‍ സ്വാതന്ത്ര്യം നേടുന്നതില്‍ താല്‍പര്യമില്ലാത്ത സൗദി ഈ വിഷയത്തില്‍ യു.എ.ഇയുമായി ഉടക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മന്‍സൂര്‍ ഹാദി ഭരണകൂടത്തെ പരമാവധി ശക്തിപ്പെടുത്താനാണ് സൗദിയുടെ ശ്രമം. എന്നാല്‍ യമന്‍ യുദ്ധത്തിലെ സഖ്യകക്ഷിയായ യു.എ.ഇയാവട്ടെ തെക്കന്‍ യമന്‍ വിഘടനവാദത്തെ പിന്തുണക്കുന്നതിലൂടെ ഹാദിയുടെ ശക്തി ക്ഷയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ടുനീങ്ങണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇരു രാജ്യങ്ങളും. തെക്കന്‍ യമന്‍ വിട്ടുപോവുന്നതോടെ തലസ്ഥാനമായ സന്‍ആ നിയന്ത്രിക്കുന്ന ഹൂത്തികള്‍ ഉത്തര യമനിന്റെ യഥാര്‍ത്ഥ ഭരണാധികാരികളാവുന്ന സ്ഥിതിയുണ്ടാവുമെന്നും സൗദി സഖ്യത്തിന്റെ യമനിലെ ഇതുവരെയുള്ള ഇടപെടല്‍ അര്‍ഥ ശൂന്യമാവുമെന്നുമാണ് സൗദിയുടെ ആശങ്ക.

English summary
After a tumultuous marriage of more than 27 years, South Yemen appears to be edging closer to divorcing the north in a move politically and financially sponsored by the oil-rich United Arab Emirates (UAE)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X